കൊല്ലം: കടൽവഴി കാനഡയിലേക്ക് കടക്കാനായി കൊല്ലത്ത് കൂടുതൽ ശ്രീലങ്കൻ സ്വദേശികൾ എത്തിയിട്ടുണ്ടെന്നു സൂചന. രണ്ടുദിവസങ്ങളിലായി സ്ത്രീകളും കുട്ടികളുമടക്കം 29 ശ്രീലങ്കൻ സ്വദേശികൾ പോലീസ് പിടിയിലായിരുന്നു. ഒരുബോട്ടിൽ 50 മുതൽ 75 വരെ ആളുകളടങ്ങുന്ന സംഘങ്ങളായാണ് മനുഷ്യക്കടത്ത് ലോബി സാധാരണ കയറ്റിവിടുന്നത്. കുറഞ്ഞത് 25 പേരെങ്കിലും കൊല്ലത്തിന്റെ ചുറ്റുവട്ടത്ത് തമ്പടിച്ചിട്ടുണ്ടെന്നു പോലീസ് സംശയിക്കുന്നു. പോകാൻ തയ്യാറെടുത്ത് കൊല്ലത്തെത്തിയ ചെറുസംഘങ്ങൾക്ക് പരസ്പരം പരിചയമില്ല. കൊല്ലത്തെ ലോഡ്ജുകൾ, ഹോം സ്റ്റേകൾ, ഹാർബറുകൾ എന്നിവിടങ്ങളിൽ പോലീസ് കഴിഞ്ഞദിവസങ്ങളിൽ വ്യാപക തിരച്ചിൽ നടത്തിയിട്ടും ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല. കൊളംബോ സ്വദേശി ലക്ഷ്മണനാണ് പ്രധാന ഏജന്റെന്ന് പിടിയിലായവരിൽനിന്ന് പോലീസ് ഉറപ്പിക്കുന്നു. എന്നാൽ പിടിയിലായവരാരും ലക്ഷ്മണനുമായി നേരിട്ട് ഇടപാടുകളോ ആശയവിനിമയമോ നടത്തിയിട്ടില്ലെന്നാണ് വിവരം. ഇതുതന്നെയാണ് അന്വേഷണത്തിന് പ്രധാന തടസ്സവും. കടൽ കടക്കാൻ കൊല്ലത്തെത്തുകയും പിന്നീട് മുങ്ങുകയും ചെയ്ത അഞ്ചുപേരെ കഴിഞ്ഞദിവസം തിരുച്ചിറപ്പള്ളിയിൽനിന്ന് ക്യൂ ബ്രാഞ്ച് പിടികൂടിയിരുന്നു. ഇവരെ ബുധനാഴ്ച കൊല്ലത്തെത്തിച്ച് ചോദ്യംചെയ്തു. കൊല്ലംവഴി മനുഷ്യക്കടത്തിന് ശ്രീലങ്കൻ സംഘങ്ങൾ ശ്രമിക്കുന്നതായി കേന്ദ്ര ഇൻറലിജൻസിന്റെയും തമിഴ്നാട് ക്യൂ ബ്രാഞ്ചിന്റെയും മുന്നറിയിപ്പുകൾ പോലീസ് അവഗണിച്ചെന്നു വിമർശനമുയർന്നിട്ടുണ്ട്. 2021 ജൂലായ്, ഓഗസ്റ്റ് മാസങ്ങളിൽ ഒന്നിലേറെത്തവണ കേന്ദ്ര ഇൻറലിജൻസ്, കടൽവഴിയുള്ള മനുഷ്യക്കടത്ത് സാധ്യത കേരള പോലീസിനെ അറിയിച്ചിരുന്നതാണ്. ശ്രീലങ്കയിലെ ചില തീവ്രവാദ ഗ്രൂപ്പുകളിലെ അംഗങ്ങൾ കേരളംവഴി പാകിസ്ഥാനിലേക്ക് കടക്കാൻ ശ്രമിക്കുന്നെന്ന വിവരവും അവർ റിപ്പോർട്ട് ചെയ്തു. ആസമയങ്ങളിൽ തീരത്ത് പതിവ് തിരച്ചിൽ നടത്തിയതല്ലാതെ അന്വേഷണം കാര്യമായിരുന്നില്ലെന്നാണ് ആരോപണം. മനുഷ്യക്കടത്ത് സംബന്ധിച്ച മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ക്രൈം ബ്രാഞ്ച് ഐ.ജി. നോഡൽ ഓഫീസറായി സ്റ്റേറ്റ് സെൽ രൂപവത്കരിച്ചിരുന്നു. നോഡൽ ഓഫീസറുടെ മേൽനോട്ടത്തിൽ എല്ലാ പോലീസ് ജില്ലകളിലും മനുഷ്യക്കടത്തുവിരുദ്ധ യൂണിറ്റുകളും രൂപവത്‌കരിച്ചു. എന്നാൽ ഇവയൊന്നും വേണ്ടത്ര കാര്യക്ഷമമായില്ലെന്നാണ് കഴിഞ്ഞദിവസത്തെ സംഭവങ്ങൾ തെളിയിക്കുന്നത്. കൊല്ലം സ്വദേശി കസ്റ്റഡിയിൽ : സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശിയെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. കൊല്ലത്തെത്തിയ ശ്രീലങ്കൻ അഭയാർഥികൾക്ക് ഇവിടെവച്ച് മാർഗനിർദേശങ്ങൾ നൽകിയത് ഇയാളാണെന്നു സംശയമുണ്ട്. കാനഡയിലേക്ക് കടക്കാനുള്ള ബോട്ട് സംഘടിപ്പിച്ചുനൽകാമെന്ന് ഏറ്റത് ഇയാളാണോയെന്ന് അന്വേഷിച്ചുവരികയാണ്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങും കൊല്ലം:കൊല്ലത്തുനിന്ന് കടൽവഴി കാനഡ, ഓസ്ട്രേലിയ, ന്യൂസീലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കടക്കാനായി നീക്കം നടത്തിയ സംഭവത്തിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി കൊല്ലം, തിരുച്ചിറപ്പള്ളി, തിരുവനന്തപുരം മംഗലപുരം എന്നിവിടങ്ങളിൽനിന്ന് പോലീസ് പിടികൂടി റിമാൻഡ് ചെയ്ത പ്രതികളുടെ കസ്റ്റഡിയാവശ്യപ്പെട്ട് പോലീസ് അപേക്ഷ നൽകും. ഇവരെ പ്രാഥമികമായി ചോദ്യംചെയ്തതിൽനിന്ന് പ്രധാന ഏജൻറ് കൊളംബോ സ്വദേശി ലക്ഷ്മണനുമായി ഇവർക്കുള്ള ബന്ധം കണ്ടെത്താൻ പോലീസിനു കഴിഞ്ഞിട്ടില്ല. ലക്ഷ്മണനുമായി ബന്ധപ്പെട്ട വിവരങ്ങൾ എംബസി വഴി ശ്രീലങ്കയിൽ അന്വേഷിക്കാനും ശ്രമം നടക്കുന്നുണ്ട്. എന്നാൽ ശ്രീലങ്കയിലെ അനിശ്ചിതത്വത്തിൽ കാര്യങ്ങൾ സുഗമമാകില്ലെന്ന വിലയിരുത്തലിലാണ് പോലീസ്. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി സ്ത്രീയും കുട്ടിയും അടക്കം 29 ശ്രീലങ്കൻ പൗരന്മാരാണ് മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായത്. ഇവരിൽ ശ്രീലങ്കയിൽനിന്ന് അടുത്ത സമയത്ത് ഇന്ത്യയിലെത്തിയവരും വർഷങ്ങളായി തമിഴ്നാട്ടിലെ ശ്രീലങ്കൻ അഭയാർഥി ക്യാമ്പുകളിൽ കഴിയുന്നവരുമുണ്ട്. കാനഡയിലേക്ക് കടക്കാൻ ഗർഭിണികളും കൈക്കുഞ്ഞുംവരെ കൊല്ലം: കടൽവഴി കാനഡ, ഓസ്ട്രേലിയ, ന്യൂസീലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകാൻ മനുഷ്യക്കടത്ത് സംഘങ്ങളുടെ വലയിൽ വീഴുന്നത് ഗർഭിണിളും കൈക്കുഞ്ഞുങ്ങളുംവരെ. ശ്രീലങ്കയിലെ ദുരിതജീവിതമാണ് ഇവരെ ഇന്ത്യയിലേക്ക് എത്താൻ പ്രേരിപ്പിക്കുന്ന ഘടകം. തമിഴ്നാട്ടിലെ അഭയാർഥി ക്യാമ്പുകളിലും ഇവർക്ക് സ്വതന്ത്രജീവിതമില്ല. ഈ ക്യാമ്പുകളിൽനിന്നാണ് കാനഡയിലേക്കുംമറ്റുമുള്ള കുടിയേറ്റം സംബന്ധിച്ച വിവരം ഇവർ അറിയുന്നത്. ഇതിന് പ്രത്യേക ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ടെന്നാണ് ക്യൂ ബ്രാഞ്ച് നൽകുന്ന വിവരം. ശ്രീലങ്കയിലാണ് ഈ സംഘങ്ങളുടെ ബുദ്ധികേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. കാനഡ അടക്കമുള്ള രാജ്യങ്ങളിൽ കൂടുതൽ മനുഷ്യാവകാശമുണ്ടെന്നും അഭയാർഥികൾക്ക് വേഗം പൗരത്വം ലഭിക്കുമെന്നും ഏജന്റുമാർ ധരിപ്പിക്കുന്നതായി ക്യൂ ബ്രാഞ്ച് പറയുന്നു. ഇന്ത്യയിൽ അഭയാർഥികളായി ജീവിക്കുന്നതിനാൽ പാസ്പോർട്ടോ മറ്റുരേഖകളോ ഇവർക്കില്ലാത്തതാണ് കടൽവഴി ഒളിച്ചുകടക്കാൻ കാരണം. കഴിഞ്ഞദിവസം കൊല്ലത്ത് പിടിയിലായവരിൽ അഞ്ചുവയസ്സുള്ള സെറിബ്രൽ പാൾസി ബാധിച്ച കുട്ടിയുമുണ്ടായിരുന്നു. നേരത്തേ എറണാകുളം മുനമ്പത്തുനിന്ന് കടൽവഴി രാജ്യംവിട്ട സംഘത്തിൽ ഗർഭിണികൾ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. മറുകരയെത്തുമെന്ന് ഉറപ്പില്ലാത്ത യാത്ര കടൽ കടക്കാൻ ഏജന്റുമാർ, വലിയ മീൻപിടിത്ത ബോട്ടുകളാണ് വാങ്ങുന്നത്. ഇവയ്ക്ക് ചെറിയ രൂപമാറ്റം വരുത്തും. 25,000 ലിറ്റർ എണ്ണ അടിച്ചശേഷം 45-60 ദിവസത്തേക്കുള്ള യാത്രയാണ് ആസൂത്രണം ചെയ്യുക. ഭക്ഷണസാധനങ്ങൾ ബോട്ടിൽ കരുതും. ലക്ഷ്യമിടുന്ന ഭാഗത്ത് ബോട്ട് എത്തുമെന്ന് ഒരു ഉറപ്പുമില്ല. മുമ്പ് ഇങ്ങനെ പോയവരിൽ ചിലർ യാത്രാമധ്യേ മരിച്ചതടക്കമുള്ള ബുദ്ധിമുട്ടുകൾ ഏജന്റുമാർ പറയാറുണ്ട്. പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാൻ പരിമിതമായ സൗകര്യമേ ഉണ്ടാകൂ എന്നും പറയും.‘അടുത്ത തലമുറയെ ഓർത്താണ് കടൽ കടക്കാൻ ഏജന്റുമാരുടെ വലയിൽ കുടുങ്ങിയതെന്നാണ്’ കഴിഞ്ഞദിവസം പിടിയിലായ ഒരാൾ പോലീസിനോട് പറഞ്ഞത്. മനുഷ്യക്കടത്ത് സംഘങ്ങളുടെ വലയിൽ വീഴുന്നവരിലേറെയും ചെറുപ്പക്കാരാണ്. കൊല്ലത്ത് പിടിയിലായവരിൽ 16-ഉം 17-ഉം വയസ്സുകാരുണ്ട്. റിമാൻഡിലുള്ള പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യുമ്പോൾ എന്തെങ്കിലും തുമ്പ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. സുരക്ഷിതകേന്ദ്രമായി കൊല്ലം മനുഷ്യക്കടത്ത് സംഘങ്ങൾ കൊല്ലത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു കാരണങ്ങൾ പലതാണ്. കായലുമായി ചേർന്നുകിടക്കുന്നതിനാൽ ബോട്ടുകൾ അടുപ്പിക്കുന്നതിനും നന്നാക്കുന്നതിനും സൗകര്യമുണ്ടെന്നതാണ് ഒന്നാമത്തെ കാര്യം. വലിയ പരിശോധന കൂടാതെ കടലിലേക്ക് കടക്കാനും കഴിയും. കൂടുതൽ ബോട്ടുകൾ കൊല്ലത്തുനിന്ന് മീൻപിടിക്കാൻ പോകുന്നുണ്ടെന്നുള്ളതുകൊണ്ടുതന്നെ ശ്രദ്ധ കുറയും. സംഘത്തിലെ സ്ത്രീകളോട് മറ്റു ബോട്ടുകാർ കാണാതെ യാത്ര ചെയ്യണമെന്ന് നിർദേശിക്കാറുണ്ട്. തമിഴ്നാട് സ്വദേശികളായ ഒട്ടേറെപ്പേർ കൊല്ലത്ത് മീൻപിടിത്ത ജോലികളിൽ ഏർപ്പെട്ടിരിക്കുന്നതാണ് മറ്റൊരു കാര്യം. തമിഴ് സംഘങ്ങൾ കൊല്ലത്തെ ബോട്ടുകളിൽ ധാരാളമുള്ളതിനാൽ പെട്ടെന്ന് സംശയം തോന്നില്ലെന്നാണ് ഇവരുടെ കണക്കുകൂട്ടൽ.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....