നാലു മക്കളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയാണ് ആന്തണി മരിയ എന്ന മത്സ്യത്തൊഴിലാളി. കോവിഡ് കാലത്തെ ലോക്ഡൗണ്‍ സമയങ്ങളില്‍ വീട്ടില്‍ മുഴുപ്പട്ടിണിയിലായിരുന്നു ഇവര്‍. കടലില്‍ പോകാന്‍ അനുമതി ലഭിച്ചതോടെ വീണ്ടും അടുപ്പു പുകഞ്ഞു തുടങ്ങി. രാമേശ്വരം മണ്ഡപം മേഖലയിലാണു മീന്‍ പിടിക്കാനായി പോകാറുള്ളത്. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് കച്ചത്തീവ് ഭാഗത്തു മറ്റുള്ളവര്‍ക്കൊപ്പം മീന്‍ പിടിക്കുന്നതിനിടെ പാഞ്ഞു വന്ന ശ്രീലങ്കന്‍ നാവിക സേന നടത്തിയ റബര്‍ ബുള്ളറ്റ് ആക്രമണത്തിനൊപ്പം കല്ലുകള്‍ എറിഞ്ഞ് മല്‍സ്യത്തൊഴിലാളികളെ ഓടിച്ചു. എറിഞ്ഞ കല്ലുകളിലൊന്നു വന്നു പതിച്ചത് ആന്തണിയുടെ ഇടത്തേ കണ്ണിലായിരുന്നു. ഗുരുതര പരുക്കുമായി ചികില്‍സ തേടിയെങ്കിലും കാഴ്ച നഷ്ടമായി. പറക്കമുറ്റാത്ത കുട്ടികളെയും ഭാര്യയെയും എങ്ങനെ ഇനി പട്ടിണി കൂടാതെ കാക്കുമെന്നോര്‍ത്ത് നെഞ്ചു നീറി അദ്ദേഹം രാമേശ്വരത്തെ കുടിലിലുണ്ട്; ഇപ്പോഴും.. ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികള്‍ക്കു നേരെയുള്ള ശ്രീലങ്കന്‍ നാവികസേനയുടെ കണ്ണില്ലാത്ത ക്രൂരത ഇപ്പോഴും തുടരുകയാണ്. ഏറ്റവും ഒടുവില്‍ അവര്‍ പിടിച്ചു കൊണ്ടു പോയത് 55 മല്‍സ്യത്തൊഴിലാളികളെയും അവരുടെ 8 ബോട്ടുകളുമാണ്. വെള്ളത്തില്‍ വരച്ച വര ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രാജ്യാന്തര സമുദ്രാതിര്‍ത്തി നിര്‍വചിക്കുന്നതിനായി ഇരുരാജ്യങ്ങളും തമ്മില്‍ കരാറുകള്‍ നിലവിലുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍, പ്രത്യേകിച്ച് പാക്ക് കടലിടുക്കില്‍ ഇരു രാജ്യങ്ങളും അടുത്ത് സ്ഥിതി ചെയ്യുന്നതിനാല്‍, സമുദ്രാതിര്‍ത്തിയുമായി ബന്ധപ്പെട്ട ഉടമ്പടികള്‍ സംഘര്‍ഷം ഒഴിവാക്കുന്നതിനും ആവശ്യമായിരുന്നു. ആദംസ് ബ്രിജിനും പാക്ക് കടലിടുക്കിനും ഇടയിലുള്ള സമുദ്രാതിര്‍ത്തിയെ സംബന്ധിച്ചായിരുന്നു ആദ്യത്തെ കരാര്‍, 1974 ജൂലൈ 8ന് ഇത് നിലവില്‍ വന്നു. മാന്നാര്‍ ഉള്‍ക്കടലിലെയും ബംഗാള്‍ ഉള്‍ക്കടലിലെയും സമുദ്രാതിര്‍ത്തികള്‍ നിര്‍വചിച്ചുള്ളതായിരുന്നു 1976 മെയ് 10നു പ്രാബല്യത്തില്‍ വന്ന രണ്ടാമത്തെ കരാര്‍, ഇന്ത്യയും ശ്രീലങ്കയും മാലിദ്വീപും 1976 ജൂലൈയില്‍ മാന്നാര്‍ ഉള്‍ക്കടലിലെ ട്രൈ-ജംക്ഷന്‍ പോയിന്റ് നിര്‍ണയിക്കുന്നതിനുള്ള മറ്റൊരു കരാറില്‍ ഒപ്പുവച്ചു. പിന്നീട് നവംബറില്‍ ഇന്ത്യയും ശ്രീലങ്കയും മാന്നാര്‍ ഉള്‍ക്കടലില്‍ സമുദ്രാതിര്‍ത്തി നീട്ടുന്നതിനുള്ള മറ്റൊരു കരാറും ഒപ്പിട്ടിരുന്നു. പാക്ക് നീരണൈ എന്ന പേരിലാണു തമിഴ്‌നാട്ടില്‍ ഈ അതിര്‍ത്തി അറിയപ്പെടുന്നത്. അതിര്‍ത്തികള്‍ സൂചിപ്പിക്കുന്ന തരത്തിലുള്ള സൂചകങ്ങള്‍ ഇല്ലാത്തതിനാല്‍ സാധാരണക്കാരായ മല്‍സ്യത്തൊഴിലാളികള്‍ പലപ്പോഴും അറിയാതെ സമുദ്രാര്‍തിര്‍ത്തി ലംഘിച്ച് മല്‍സ്യബന്ധനം നടത്തുന്നതാണു ശ്രീലങ്കയെ ചൊടിപ്പിക്കുന്നത്. കച്ചത്തീവ്; കത്തുന്ന പ്രശ്‌നം കച്ചത്തീവ് 163 ഏക്കര്‍ വിസ്തൃതിയുള്ള ജനവാസമില്ലാത്ത ദ്വീപാണ്. 1976 വരെ ഇന്ത്യ അവകാശവാദമുന്നയിച്ചിരുന്ന തര്‍ക്കപ്രദേശമായിരുന്നു ഇത്. ശ്രീലങ്കയ്ക്കും നെടുന്തീവിനുമിടയിലാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. 1974ല്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി പാക്ക് കടലിടുക്കിലെ സമുദ്രാതിര്‍ത്തികള്‍ ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള 'ഇന്തോ-ശ്രീലങ്കന്‍ മാരിടൈം കരാര്‍' പ്രകാരം കച്ചത്തീവ് ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്തു.1976ല്‍ ഒപ്പുവച്ച മറ്റൊരു ഉടമ്പടി പ്രകാരം ഇരു രാജ്യങ്ങളിലെയും മത്സ്യത്തൊഴിലാളികളെ അതിര്‍ത്തികള്‍ കടന്നു മത്സ്യബന്ധനം നടത്തുന്നതില്‍നിന്നും വിലക്കി. കച്ചത്തീവ് മുന്‍പ് രാമേശ്വരത്തെ രാംനാട് രാജ്യത്തിന്റെ ഉടമസ്ഥതയിലായിരുന്നു, ഇത് പിന്നീട് ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് പ്രസിഡന്‍സിയുടെ കീഴിലായി. അന്നത്തെ മദ്രാസിലെയും സിലോണിലെയും ഗവണ്‍മെന്റുകള്‍ക്കിടയില്‍ ഗള്‍ഫ് ഓഫ് മന്നാര്‍, പാക്ക് കടലിടുക്ക് എന്നിവയുടെ അതിര്‍ത്തി നിര്‍ണയത്തിനുശേഷം ഇത് ബ്രിട്ടിഷ് ഇന്ത്യയുടെ ഭാഗമായി സിലോണ്‍ അംഗീകരിച്ചു. എങ്കിലും ഇന്ത്യയും ശ്രീലങ്കയും ഈ ദ്വീപിനായി ഏറെ നാള്‍ അവകാശവാദം ഉന്നയിച്ചിരുന്നു. നിലവില്‍ ഇതു ശ്രീലങ്കയുടെ ഭൂമിയാണ്. ഈ മേഖലയില്‍ ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികള്‍ കടന്നു കയറി മല്‍സ്യബന്ധനം നടത്തുന്നെന്നാണു ശ്രീലങ്കയുടെ പരാതി. എന്നാല്‍, ഈ കരാര്‍ അനുസരിച്ച് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ദ്വീപിന് ചുറ്റും മത്സ്യബന്ധനം നടത്താനും ദ്വീപില്‍ വല ഉണക്കാനുള്ള അവകാശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ലങ്കയിലെ ആഭ്യന്തരയുദ്ധസമയത്ത്, വന്‍തോതില്‍ ആയുധക്കടത്ത് നടന്നിരുന്നതിനാല്‍ ഈ സൗകര്യം ശ്രീലങ്ക ഇല്ലാതാക്കി. ആഭ്യന്തരയുദ്ധം അവസാനിച്ച ശേഷവും ആയുധക്കടത്ത് ഭീഷണി ഇല്ലാതിരുന്നിട്ടും ശ്രീലങ്കന്‍ നാവികസേന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ആക്രമിക്കുകയും അവരുടെ ബോട്ടുകളും വലകളും നശിപ്പിക്കുകയും ചെയ്യുന്നത് തുടരുകയാണ്. തോക്ക് മുതല്‍ കുപ്പിച്ചില്ല് വരെ അതിര്‍ത്തി ഭേഭിച്ചു മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികളെ അതിക്രൂരമായാണു ശ്രീലങ്കന്‍ നാവികസേന ആക്രമിക്കാറുള്ളത്. പട്രോളിങ് ബോട്ടുകളിലെത്തുന്ന സംഘം മത്സ്യത്തൊഴിലാളികളെ വളഞ്ഞ് കല്ലെറിയും. കൂര്‍ത്ത കല്ലുകള്‍ ഉപയോഗിച്ചുള്ള ഏറില്‍ പല മത്സ്യത്തൊഴിലാളികള്‍ക്കും ഗുരുതര പരുക്കേല്‍ക്കാറുണ്ട്. ഇതിനൊപ്പം ലക്ഷക്കണക്കിനു രൂപ വിലയുള്ള വലിയ വലകള്‍ കത്തിയുപയോഗിച്ച് അറുത്തു മുറിച്ചു കളയുന്നതും സ്ഥിരമാണ്. ചില്ലു കുപ്പികള്‍ വലിച്ചെറിയുന്നതാണ് ഇവരുടെ മറ്റൊരു വിനോദം. റബര്‍ ബുള്ളറ്റുകള്‍ തോക്കില്‍ നിറച്ചുള്ള ആക്രമണം വേറെ. കടലിനു നടുവില്‍ മത്സ്യത്തൊഴിലാളികളെ തോക്കിന്‍ മുനയില്‍ നിര്‍ത്തി അസഭ്യം പറയുന്നതും സ്ഥിരമാണ്. റബര്‍ ബുള്ളറ്റുകള്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ബോട്ടുകള്‍ വരെ തകരാറുണ്ട്. ബുള്ളറ്റുകള്‍ തുളഞ്ഞു കയറുന്നതോടെ പല യന്ത്രഭാഗങ്ങളും തകരും. ഏതാനും മാസങ്ങള്‍ക്കു മുന്‍പു കടലില്‍ നടന്ന വെടിവയ്പില്‍ കലൈശെല്‍വന്‍ എന്ന മല്‍സ്യത്തൊഴിലാളികയുടെ തലയ്ക്കു വെടിയേറ്റിരുന്നു. ജനനേന്ദ്രിയം തകര്‍ക്കുന്ന ക്രൂരത 2020 നവംബറില്‍ മാന്നാര്‍ ജില്ലയിലെ മാന്നാര്‍ ഡിവിഷനിലെ പെസലൈ ഗ്രാമത്തിലെ രണ്ട് മത്സ്യത്തൊഴിലാളികളോട് ശ്രീലങ്കന്‍ നാവികസേനയുടെ പെരുമാറ്റം അതിക്രൂരമായിരുന്നു. രണ്ട് മത്സ്യത്തൊഴിലാളികളില്‍ ഒരാള്‍ എം.രതീശന്‍ (28), മറ്റൊരാള്‍ 21 വയസ്സുള്ള യുവാവ്. നവംബര്‍ 19ന് പുലര്‍ച്ചെ രണ്ടരയോടെ മത്സ്യബന്ധനത്തിനായി പോയ ഇവരുടെ ബോട്ടിന്റെ എന്‍ജിന്‍ തകരാറിലായതിനാല്‍ തിരികെ മടങ്ങി. യാത്രയ്ക്കിടെ, 4 നാവിക സേനാംഗങ്ങള്‍ മത്സ്യത്തൊഴിലാളികളെ സമീപിച്ച് രേഖകള്‍ പരിശോധിച്ചു. ഫിഷറീസ് വകുപ്പ് നല്‍കിയ മത്സ്യബന്ധന പാസുകള്‍ ഉണ്ടായിട്ടും നാവികസേന ഇരുവരെയും മംഗലപ്പിടി, വംഗല്‍പ്പാട് നേവി ക്യാംപിലെത്തിച്ച് ഇരുമ്പ് കമ്പിയും മരക്കമ്പുകളും കൊണ്ട് അടിച്ചു. ഇന്ത്യയില്‍നിന്ന് മഞ്ഞള്‍ കടത്തുകയാണെന്നും ഇന്ത്യയിലേക്കു മടങ്ങുകയായിരുന്നുവെന്നും നാവികസേന ആരോപിച്ചതായി രതീശന്‍ പറഞ്ഞു. 'നാവികസേനാംഗങ്ങള്‍ നനഞ്ഞ ചാക്ക് കൊണ്ട് എന്റെ മുഖം മറച്ചിരുന്നു, ഇരുമ്പ് ദണ്ഡും മരത്തടിയും ഉപയോഗിച്ച് 30 മുതല്‍ 40 തവണ വരെ എന്നെ അടിച്ചു. അവര്‍ എന്റെ ജനനേന്ദ്രിയം തകര്‍ത്തു. ഞാന്‍ ബോധരഹിതനായി. കണ്ണുതുറന്നപ്പോള്‍ എഴുന്നേറ്റു നടക്കാന്‍ പറ്റാത്ത അവസ്ഥയിലായി. കൂടെയുള്ള മത്സ്യത്തൊഴിലാളിയുടെ സഹായത്തോടെ ഞാന്‍ വീട്ടിലെത്തി. രക്തം ഛര്‍ദിച്ചു, നട്ടെല്ലിനു സാരമായ പരുക്കുണ്ടായിരുന്നു...' രാജ്കിരണ്‍; കടലിലെ രക്തസാക്ഷി കഴിഞ്ഞ ഒക്ടോബര്‍ 18ന്, കോട്ടൈപട്ടണത്തെ സുരേഷിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ യന്ത്രവത്കൃത ബോട്ടുകളിലൊന്നില്‍, സമുദ്രാതിര്‍ത്തി രേഖയില്‍ വച്ച് (ഐഎംബിഎല്‍), ശ്രീലങ്കന്‍ ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് ഇടിച്ചു. വന്‍ വേഗതയുള്ള പട്രോളിങ് ബോട്ടാണിത്. മത്സ്യത്തൊഴിലാളികളായ എസ്.സുഗന്ധന്‍, എ.സേവ്യര്‍ എന്നിവരെ നാവികസേന പിടികൂടി. എന്നാല്‍, ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രാജ്കിരണിനെ കാണാതായി. നയതന്ത്ര ചര്‍ച്ചകള്‍ക്കു ശേഷം, തിരികെ കരയിലെത്തിയത് രാജ്കിരണിന്റെ മൃതദേഹമായിരുന്നു. ഇന്ത്യന്‍ അതിര്‍ത്തിരേഖയില്‍ കൊണ്ടുവന്ന് ശ്രീലങ്കന്‍ നാവികസേന ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിനു മൃതദേഹം കൈമാറി. ശ്രീലങ്കന്‍ പട്രോളിങ് വാഹനം ബോട്ടില്‍ ഇടിച്ചതിന്റെ ആഘാതത്തില്‍ രാജ്കിരണ്‍ തെറിച്ചു കടലില്‍ വീണു മുങ്ങി മരിക്കുകയായിരുന്നെന്നാണു നിഗമനം. പീഡനം ഭയന്ന് പലായനം ലങ്കന്‍ നാവികസേനയുടെ പീഡനം ഭയന്നു തമിഴ്‌നാട്ടിലെ തീരദേശ പട്ടണമായ രാമേശ്വരത്തുനിന്ന് നൂറിലധികം മത്സ്യത്തൊഴിലാളികളാണു മറ്റിടങ്ങളിലേക്കു അഭയാര്‍ഥികളെപ്പോലെ പോകുന്നത്. പിടിയിലായാല്‍ അതിക്രൂരമായ പീഡനം നേരിടേണ്ടി വരുമെന്ന് അറിയാവുന്ന മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധന ജോലി തേടി മംഗളൂരു, കൊച്ചി, കൊല്ലം തുടങ്ങിയ തീരപ്രദേശങ്ങളിലേക്കാണു കുടിയേറുന്നത്. ഈ മേഖലയിലെ മത്സ്യത്തൊഴിലാളികളുടെ എണ്ണത്തിലുള്ള വര്‍ധനയും രാമേശ്വരത്തിനടുത്തുള്ള മത്സ്യബന്ധന സ്ഥലങ്ങളുടെ പരിമിതവുമാണ് ഈ തുടര്‍പ്രശ്‌നത്തിന് കാരണമെന്ന് തമിഴ്നാട് തീരദേശ യന്ത്രവല്‍കൃത കപ്പല്‍ ഉടമകളുടെ സംഘടനയിലെ ഇ.ജെസുരാജ് പറയുന്നു. ഈ മേഖലയില്‍ മത്സ്യത്തിന്റെ അളവ് കുറയുന്നതും മറ്റൊരു കാരണമാണ്. ഇതോടെ പലരും കുടുംബത്തെ ഉപേക്ഷിച്ച് ഉപജീവനത്തിനായി കര്‍ണാടകയിലെയും കേരളത്തിലെയും തീരപ്രദേശങ്ങളിലേക്ക് പോകുന്നതും തുടരുകയാണ്. അറസ്റ്റിലായ മത്സ്യത്തൊഴിലാളികളെ വിട്ടയയ്ക്കുമ്പോള്‍ പിടിച്ചെടുത്ത ബോട്ടുകള്‍ തിരികെ തരില്ലെന്ന വാശിയും ലങ്ക കാണിക്കുന്നുണ്ട്. ഫിഷറീസ് വകുപ്പില്‍ പരാതി നല്‍കിയാല്‍, അവര്‍ പരാതിക്കാരെ അന്വേഷണത്തിനായി കൊണ്ടുപോകും. ഇതു മൂലം ഒന്നോ രണ്ടോ ദിവസത്തെ വരുമാനം നഷ്ടപ്പെടുമെന്നല്ലാതെ മറ്റു പ്രയോജനമില്ല. ഇതോടെ മല്‍സ്യത്തൊഴിലാളികള്‍ പരാതിപ്പെടാന്‍ പോലും തയാറാകുന്നില്ലെന്ന സാഹചര്യവുമുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....