എന്താണ് ഈ കേസുകള്‍ സി ബി ഐക്ക് ഏറ്റടുക്കാത്തത്
ലൈഫിലെ കേസ് തിടുക്കത്തില്‍ എടുത്ത സി ബി ഐ ചെന്നിത്തല പ്രതിയായ കേസ് ഏറ്റടുക്കാന്‍ പിന്നോട്ട് നില്‍ക്കുന്നതിന്റെ രാഷ്ട്രീയക്കളി കോണ്‍ഗ്രസിനുള്ളിലും ചര്‍ച്ച ആകുന്നു.
രമേശ് ചെന്നിത്തല അടക്കം പ്രതികളായ 68 കോടിയുടെ ടൈറ്റാനിയം അഴിമതി കേസില്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും തീരുമാനം എടുക്കാതിരിക്കുമ്പോഴാണ് ലൈഫ് മിഷന്‍ അന്വേഷണത്തില്‍ സിബിഐയുടെ തിരക്കിട്ട നീക്കം. 2019 സെപ്തംബര്‍ മൂന്നിനാണ് ടൈറ്റാനിയം കേസ് സിബിഐ ഏറ്റെടുക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ശുപാര്‍ശ ചെയ്തത്.
ഹൈക്കോടതി നിര്‍ദേശപ്രകാരം വിജിലന്‍സ് അന്വേഷിച്ച കേസ് രാജ്യാന്തരതല അന്വേഷണം വേണമെന്ന് വന്നപ്പോഴാണ് സിബിഐയ്ക്ക് വിടാന്‍ തീരുമാനിച്ചത്. കേസ് ഡയറി അടക്കം എല്ലാ രേഖകളും ഉടനടി സിബിഐ ആസ്ഥാനത്ത് വിജിലന്‍സ് നേരിട്ട് എത്തിക്കുകയും ചെയ്തു. എന്നാല്‍, ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇത് സംബന്ധിച്ച് സിബിഐയില്‍നിന്നോ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍നിന്നോ സംസ്ഥാന സര്‍ക്കാരിന് ഒരു മറുപടിയും നല്‍കിയിട്ടില്ല.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞും ടൈറ്റാനിയം കേസില്‍ വിജിലന്‍സിന്റെ പ്രതിപട്ടികയിലുണ്ട്. ടൈറ്റാനിയം ഫാക്ടറിയില്‍ മാലിന്യനിര്‍മാര്‍ജന പ്ലാന്റ് സ്ഥാപിക്കുന്നതിന് തയ്യാറാക്കിയ 108 കോടിയുടെ പദ്ധതി 256 കോടിയുടേതാക്കി മാറ്റിയാണ് അഴിമതി നടത്തിയത്. ഈ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിയാണ്.
അതുപോലെ മറ്റൊരു കേസാണ്
സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും ചവറയിലെ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡിലെ (കെഎംഎംഎല്‍)400 കോടിയുടെ അഴിമതി സിബിഐ അന്വേഷിക്കണമെന്ന ആവശ്യം .
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയും പി കെ കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയുമായിരുന്ന കാലത്ത് കെഎംഎംഎല്ലില്‍ നടന്ന വികസന പദ്ധതിയിലായിരുന്നു അഴിമതി. മൂന്നുഘട്ടമായുള്ള പദ്ധതിയില്‍ രണ്ടും മൂന്നും ഘട്ടത്തെക്കുറിച്ചായിരുന്നു ആരോപണം. പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി കേന്ദ്രപൊതുമേഖലാ സ്ഥാപനമായ മെക്കോണിനെയാണ് നിശ്ചയിച്ചത്. 760 കോടി രൂപയുടെ പദ്ധതിക്കുള്ള കരാര്‍ 2004 ജനുവരി 29ന് നിലവില്‍ വന്നു. എന്നാല്‍, 2006ല്‍ വിശദപദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ ഇത് 1113.42 കോടിയായി. ശാസ്ത്രീയ അടിത്തറ ഇല്ലാതെയും അധികതുകയ്ക്ക് അനുമതി വാങ്ങാതെയും ഇതിനിടെ കുറെയേറെ പ്രവൃത്തിയും നടത്തി. ഇതിനെതിരെ ട്രേഡ് യൂണിയനുകള്‍ രംഗത്തുവന്നു. സിഎജി റിപ്പോര്‍ട്ടിലും ക്രമക്കേട് കണ്ടെത്തി.
തുടര്‍ന്നുവന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ വിശദപഠനത്തിനുശേഷം പദ്ധതി റദ്ദാക്കി. ലോകായുക്ത നിര്‍ദേശപ്രകാരം നടത്തിയ വിജിലന്‍സ് അന്വേഷണത്തില്‍ അന്താരാഷ്ട്ര ഇടപാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തത്. ഇത് ആവശ്യമില്ലെന്ന് 2008 ജൂലൈ 30ന് കേന്ദ്രആഭ്യന്തര മന്ത്രാലയം കേരളത്തെ അറിയിച്ചു. വിജിലന്‍സ് അന്വേഷണം നടക്കുന്നു, കരാറില്‍ ഏര്‍പ്പെട്ട കമ്പനികള്‍ കോടതിയെ സമീപിച്ചാല്‍ കോടതിയലക്ഷ്യമാകും, ദേശീയവും അന്തര്‍ദേശീയവുമായ ഗൂഢാലോചന നടന്നതായി കാണുന്നില്ല എന്നിവയാണ് ആവശ്യം നിരസിക്കാന്‍ കേന്ദ്രം കാരണമായി പറഞ്ഞത്.