കളം തെളിഞ്ഞു ജോസ് വിഭാഗം ഇടത് മുന്നണിയിലേക്ക്;
കോട്ടയം: സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്നും വിട്ടുനിന്ന കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയിലേക്കെന്ന് ഉറപ്പായി. ഇടത്തേക്ക് ചാഞ്ഞ ജോസ് വിഭാഗത്തില്‍ നിന്നും ജോസഫ് എം പുതുശേരിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം അണികള്‍ യുഡിഎഫില്‍ തന്നെ നിലനില്‍ക്കാനും ചേക്കേറാനുമുള്ള സാധ്യതയും തെളിഞ്ഞിട്ടുണ്ട്.
യുഡിഎഫില്‍ നിന്നും തങ്ങളെ മാറ്റിനിര്‍ത്തിയ സാഹചര്യത്തില്‍ മുന്നണി രാഷ്ട്രീയത്തില്‍ തുടരാന്‍ ഇടതുമുന്നണി മാത്രമാണ് ഇനിയുളള അഭയമെന്നാണ് ജോസ് വിഭാഗത്തിന്റെ വിലയിരുത്തല്‍. അതേ സമയം ജോസ് പക്ഷത്തെ പുറത്താക്കിയുളള തീരുമാനം വൈകാതെ യുഡിഎഫ് നേതൃത്വം എടുത്തേക്കും. യുഡിഎഫിന് രൂപം നല്‍കിയ കെ.എം മാണിയുടെ ആത്മാവിനോട് നീതിപുലര്‍ത്തിയില്ലെന്നും കെ.എം മാണിയുടെ പൈതൃകത്തെയുംപാര്‍ട്ടിയേയും തകര്‍ക്കാന്‍ രമേശ് ചെന്നിത്തല നിയമസഭാ വേദി ഉപയോഗിച്ചുവെന്നും ജോസ് വിഭാഗം ആരോപിച്ചു കഴിഞ്ഞു. രാഷ്ട്രീയ പൈതൃകം കേരള കോണ്‍ഗ്രസ് എമ്മിന് മറ്റാരില്‍ നിന്നും പഠിക്കേണ്ട കാര്യമില്ലെന്നും രാഷ്ട്രീയ മര്യാദകള്‍ ലംഘിച്ചുകൊണ്ട് 38 വര്‍ഷം ഒപ്പം നിന്ന കേരള കോണ്‍ഗ്രസ് പാര്‍ട്ടിയെ പടിയടച്ച് പുറത്താക്കിയത് യുഡിഎഫ് നേതൃത്വമാണെന്നുമാണ് പാര്‍ട്ടി എംഎല്‍എ ഡോ.എന്‍ ജയരാജ് യുഡിഎഫിനെതിരെ പറഞ്ഞത്. മുന്നണിയില്‍ നിന്നും പുറത്താക്കിയ പ്രഖ്യാപനം നടത്തിയ കണ്‍വീനര്‍ തന്നെ പാര്‍ട്ടിയെ വീണ്ടും പുറത്താക്കുമെന്ന് പറഞ്ഞ് സ്വയം പരിഹാസ്യനാവുകയാണെന്നായിരുന്നു ഒടുവിലായി മുന്നണിക്കെതിരെ ജയരാജ് പറഞ്ഞത്. ഇടതുമുന്നണിയിലേക്ക് ചേക്കേറുന്നതിന് മുന്‍പുള്ള ജോസ് വിഭാഗത്തിന്റെ ശബ്ദമായാണ് എം.എല്‍ എ യുടെ ഈ പറച്ചില്‍.
ഇടതിലേക്ക് തെളിച്ച വഴികള്‍:
ബാര്‍കോഴ വിവാദത്തില്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണിക്കെതിരെ ആരോപണം ഉയര്‍ന്ന അന്നുമുതല്‍ ഇന്നത്തെ ജോസ് വിഭാഗം യുഡിഎഫിനോട് മാനസികമായി അകന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മൂന്നുമാസത്തിനുള്ളില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ കേരള കോണ്‍ഗ്രസിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തുവെന്ന് പരസ്യമായി പ്രഖ്യാപിച്ചായിരുന്നു കെ.എം മാണി അന്ന് യുഡിഎഫ് മുന്നണി വിട്ടത്. ഇടതുമുന്നണിയിലേക്ക് അടുക്കുന്നുവെന്ന നിഗമനമാണ് കെ.എം മാണിക്കെതിരെ ഈ ആരോപണത്തിന് പിന്നിലെന്നാണ് ജോസ് വിഭാഗം ഇന്നും വിശ്വസിക്കുന്നത്. ആരോപണത്തിന് പിന്നില്‍ കോണ്‍ഗ്രസിലെ നേതാക്കളാണെന്നായിരുന്നു പാര്‍ട്ടിയിലെ ഒരു വിഭാഗം പ്രചരിപ്പിച്ചതും. പാലായില്‍ തന്നെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചുവെന്നും കെ.എം മാണി അന്ന് ആരോപിച്ചിരുന്നു.
2018ല്‍ കോണ്‍ഗ്രസിലെ എ വിഭാഗവും മുസ്ലിം ലീഗും മുന്‍കൈ എടുത്ത് മാണിയെ യുഡിഎഫിലെത്തിച്ചുവെങ്കിലും മുന്നണിയോടുള്ള അതൃപ്തിയും ഭിന്നതയും മാറിയിട്ടുണ്ടായിരുന്നില്ല. 2019 ല്‍ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണി മരിച്ചതോടെ പാര്‍ട്ടിയില്‍ ജോസഫ് - ജോസ് വിഭാഗങ്ങള്‍ രൂപാന്തരപ്പെട്ടു. അന്നു മുതല്‍ ഉടലെടുത്ത ഭിന്നതയാണ് മുന്നണിയിലേക്കും എത്തിയത്. ഒടുവില്‍ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗവും കോണ്‍ഗ്രസിലെ ഐ വിഭാഗവുമായുളള ഏറ്റുമുട്ടലിലേക്കും തുടര്‍ന്ന് മുന്നണി ബന്ധം വഴിപിരിയുന്ന അവസ്ഥയിലേക്കും എത്തിച്ചേര്‍ന്നു.
ഇപ്പോഴത്തെ രാഷ്ട്രീയ അന്തരീഷത്തില്‍ അതായത് തദ്ദേശ- നിയമസഭാ തെരഞ്ഞെടുപ്പുകള്‍ തൊട്ടുമുന്നിലുള്ളപ്പോള്‍ ആ വാതിലുകളേക്കാള്‍ നല്ലത് ഇടത്തേക്കുള്ള വാതില്‍ തന്നെയാണ്.
മാത്രമല്ല രണ്ട് എംപിമാരുളള യുപിഎ ഘടകക്ഷിയായ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനും താത്പര്യമുള്ളതിനാല്‍ തല്‍ക്കാലം എംപി സ്ഥാനത്തിനും പ്രശ്നമുണ്ടാകില്ലെന്നാണ് ജോസ് വിഭാഗത്തിന്റെ നിലവിലുള്ള വിലയിരുത്തല്‍.
അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്ന ജോസ് കെ മാണിയും കൂട്ടരും മുന്നണി ബന്ധങ്ങള്‍ ഉപേക്ഷിച്ച് പുറത്തുവന്നാല്‍ സ്വാഗതം ചെയ്യുമെന്ന സൂചന സി പി എം സംസ്ഥാന സെക്രട്ടറി നല്‍കുന്നുണ്ട്.
ഇന്ന് ദേശാഭിമാനിയിയല്‍ എഴുതിയിരിക്കുന്ന ലേഖനത്തില്‍ പരാജയപ്പെട്ട അവിശ്വാസപ്രമേയം എന്ന ഭാഗത്ത്
ഇങ്ങനെയാണ് രാഷ്ട്രീയ നിലപാട് , എല്‍ഡിഎഫ് എന്നത് പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയമായും സംഘടനാപരമായും കെട്ടുറപ്പുള്ള രാഷ്ട്രീയ കൂട്ടുകെട്ടാണ്. യുഡിഎഫ് ആകട്ടെ അന്തഃഛിദ്രത്തിന്റെ മുന്നണിയും. അതുകൊണ്ടുതന്നെ യുഡിഎഫിന്റെ ആഭ്യന്തര കലഹത്തില്‍ എല്‍ഡിഎഫോ സിപിഐ എമ്മോ കക്ഷിയാകില്ല.
എന്നാല്‍, യുഡിഎഫ് വിട്ട് പുറത്തുവരുന്ന കക്ഷികളുടെ രാഷ്ട്രീയനിലപാടും സമീപനവും നോക്കി എല്‍ഡിഎഫ് കൂട്ടായ ചര്‍ച്ചകളിലൂടെ നിലപാട് സ്വീകരിക്കും. യുഡിഎഫിനെയും ബിജെപിയെയും ദുര്‍ബലമാക്കുകയെന്ന പൊതുലക്ഷ്യത്തെ ശക്തിപ്പെടുത്തുന്നതുമാകുമെന്നും് അദേഹം പറയുന്നു.