കുടിയാന്‍മാരെ ഇനി വലയ്ക്കരുത് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി
ഭൂപരിഷ്‌കരണ നിയമം നടപ്പായി അരനൂറ്റാണ്ടു കഴിഞ്ഞിട്ടും കുടിയാന്മാര്‍ക്കു ഭൂമിയില്‍ പൂര്‍ണ ഉടമസ്ഥാവകാശം സ്ഥാപിച്ചു കിട്ടാനായി ലാന്‍ഡ് ട്രൈബ്യൂണലുകളില്‍ കെട്ടിക്കിടക്കുന്ന ഒരുലക്ഷത്തോളം കേസുകള്‍ 6 മാസത്തിനകം തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം നല്‍കി.. രണ്ടോ മൂന്നോ വിചാരണയ്ക്കുള്ളില്‍ കേസ് നിര്‍ബന്ധമായും തീര്‍പ്പാക്കാനാണു ലാന്‍ഡ് ബോര്‍ഡ് നിര്‍ദേശം.
ജന്മിമാരുടെയോ അനന്തരാവകാശികളുടെയോ പ്രതികരണവും കാത്ത് കേസുകള്‍ അനന്തമായി നീളുന്നെന്നു വിലയിരുത്തിയാണു നടപടി. 1964 ഏപ്രില്‍ 1 മുതലുള്ള ലിഖിതമായ പാട്ടാധാരങ്ങള്‍ ഇല്ലെന്ന കാരണത്താല്‍, അര്‍ഹതയുള്ളവര്‍ക്കു ഭൂമിയില്‍ ഉടമസ്ഥാവകാശം നിഷേധിക്കാന്‍ പാടില്ലെന്നും നിര്‍ദേശിച്ചു.
കുടിയായ്മ രേഖപ്പെടുത്തിയതും റജിസ്റ്റര്‍ ചെയ്തതുമായ ആധാരത്തിന്റെ അടിസ്ഥാനത്തില്‍, നിരാക്ഷേപം കൈവശം വച്ച് അനുഭവിക്കുന്ന എല്ലാ കുടിയാന്മാര്‍ക്കും പരമാവധി പരിധിക്കു വിധേയമായി നിലവിലെ കൈവശ ഭൂമി പതിച്ചു നല്‍കാം.
ന്മ രേഖകളില്‍ കുടിയാന്റെയോ മുന്‍ഗാമിയുടെയോ പേരു രേഖപ്പെടുത്തിയിട്ടുള്ളതിലും 1970 ജനുവരി 1നു മുന്‍പ് കുടിയായ്മ നിലനിന്ന ഭൂമിയുടെ നിലവിലെ ആധാരത്തിലോ മുന്നാധാരത്തിലോ ജന്മാവകാശം എന്നു തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നതിലും 1970നു മുന്‍പ് കുടിയായ്മ ഉണ്ടോയെന്നു പരിശോധിച്ച് ഇപ്പോഴത്തെ കൈവശക്കാരനു ക്രയ സര്‍ട്ടിഫിക്കറ്റ് നല്‍കാം.
കുടിയായ്മ സ്ഥിരത ലഭിക്കുന്നതിനായി അപേക്ഷ നല്‍കിയ കുടിയാന്‍ ഭൂമി കൈവശം വച്ച് അനുഭവിക്കുകയും എന്നാല്‍ രേഖകള്‍ ഹാജരാക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന കേസില്‍, ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍ / വില്ലേജ് ഓഫിസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാലുടന്‍ ഹിയറിങ് തീയതി നിശ്ചയിച്ച് നോട്ടിസ് നല്‍കണം. പരാതി കിട്ടിയില്ലെങ്കില്‍ അര്‍ഹത നോക്കിയും സര്‍ക്കാര്‍ ഭൂമി അല്ലെന്ന് ഉറപ്പാക്കിയും ക്രയ സര്‍ട്ടിഫിക്കറ്റ് നല്‍കാം.
ട്രൈബ്യൂണല്‍ കേസുകളില്‍ ജന്മിയെയോ അനന്തരാവകാശികളെയോ മറ്റു കക്ഷികളെയോ അറിയാമെങ്കില്‍ ഭൂപരിഷ്‌കരണ നിയമപ്രകാരം വ്യക്തിഗത നോട്ടിസും പൊതു നോട്ടിസും നല്‍കണം. ഹിയറിങ് തീയതിക്കുള്ളില്‍ ആക്ഷേപം കിട്ടിയില്ലെങ്കില്‍ കേസ് എതിര്‍കക്ഷിയുടെ അഭാവത്തില്‍ തീര്‍പ്പാക്കണം. ആക്ഷേപം ഉണ്ടെങ്കില്‍ അതു പരിഗണിച്ചും ഉത്തരവു പുറപ്പെടുവിക്കണം.
ഒരിക്കല്‍ ഉപേക്ഷിച്ച കേസുകളും പുനരപേക്ഷ നല്‍കുന്ന മുറയ്ക്കു ട്രൈബ്യൂണലുകള്‍ക്കു പരിഗണിക്കാം. ഇതിന് അപ്ലറ്റ് അതോറിറ്റിയുടെ ഉത്തരവു വേണ്ട.
ട്രൈബ്യൂണലുകളില്‍ നിന്ന് ക്രയ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചാല്‍ ചട്ടപ്രകാരം തഹസില്‍ദാര്‍ / വില്ലേജ് ഓഫിസര്‍ റവന്യു രേഖകളില്‍ തണ്ടപ്പേരും പോക്കുവരവും ഉള്‍പ്പെടെ മാറ്റം വരുത്തണം.
ട്രൈബ്യൂണലുകളിലെ കുടിയായ്മ കേസുകള്‍ വില്ലേജ് അടിസ്ഥാനത്തിലും ജന്മികളുടെ അടിസ്ഥാനത്തിലും തരംതിരിച്ചു നടപടിക്രമങ്ങള്‍ വേഗത്തിലാക്കണം.
വിദേശ കമ്പനികളോ വ്യക്തികളോ കൈവശം വച്ചിരുന്നതും തര്‍ക്കം തീര്‍പ്പാക്കാത്തതുമായ ഭൂമിക്ക് ഈ നിര്‍ദേശം ബാധകമല്ല.
ഭൂപരിഷ്‌കരണ നിയമത്തിന്റെ ബലത്തില്‍
ജന്മി - കുടിയാന്‍ ബന്ധത്തില്‍ പാട്ടവ്യവസ്ഥകളോടെ ഭൂമി കൈവശമുണ്ടായിരുന്ന കുടിയാന്മാര്‍ക്കു ഭൂമിയില്‍ പൂര്‍ണ ഉടമസ്ഥാവകാശം 1963ലെ കേരള ഭൂപരിഷ്‌കരണ നിയമത്തിലൂടെയാണ് ഉറപ്പാക്കിയത്. 1970ല്‍ നിയമം നടപ്പാക്കി 50 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഭൂമിയുടെ അവകാശത്തിനായി ലാന്‍ഡ് ട്രൈബ്യൂണലുകളില്‍ കയറിയിറങ്ങുകയാണെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും റവന്യു മന്ത്രി ചെയര്‍മാനായ ലാന്‍ഡ് റിഫോംസ് റിവ്യൂ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു.
കുടിയാന്മാര്‍ കൈവശം വച്ചിരുന്ന ഭൂമിയിന്മേല്‍ ഉടമസ്ഥര്‍ക്കും മധ്യവര്‍ത്തികള്‍ക്കുമുള്ള ഉടമസ്ഥാവകാശം 1970 ജനുവരി 1 മുതല്‍ സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. ഇത്തരം ഭൂമി കൈവശം വച്ചിരിക്കുന്ന കുടിയാന്മാര്‍ക്കുതന്നെ പതിച്ചു കിട്ടാന്‍ ഇവര്‍ ലാന്‍ഡ് ട്രൈബ്യൂണലുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. അല്ലെങ്കില്‍ സ്വമേധയാ പതിച്ചു നല്‍കാന്‍ ട്രൈബ്യൂണലിന് അധികാരമുണ്ടെന്നും നിയമത്തില്‍ പറയുന്നു.