മുളന്തുരുത്തി പള്ളി ഏറ്റെടുത്തു
സഭാതര്‍ക്കം നിലനില്‍ക്കുന്ന മുളന്തുരുത്തി മാര്‍തോമന്‍ പള്ളി കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ജില്ലാഭരണകൂടം ഏറ്റെടുത്തു. ഉപവാസ പ്രാര്‍ത്ഥനായജ്ഞം തുടരുന്ന യാക്കോബായ സഭാംഗങ്ങളെ അറസ്റ്റുചെയ്തു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പിപിഇ കിറ്റ് ധരിച്ചും നടപടിക്ക് പൊലീസ് എത്തിയിരുന്നു.
അറസ്റ്റ് ചെയ്തവരെ വിവിധ കേന്ദ്രങ്ങളിലേക്ക് നീക്കി. പള്ളി താല്‍കാലികമായി പൂട്ടാന്‍ ഹൈക്കോടതി കലക്ടറോട് നിര്‍ദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ഇടപടെല്‍.
പ്രതിഷേധത്തിന് നേതൃത്വം നല്‍കി ജോസഫ് മാര്‍ ഗ്രിഗോറിയോസ് പള്ളിയിലുണ്ടായിരുന്നു. പള്ളി ഒഴിയാന്‍ ഹൈക്കോടതിയില്‍ ഇന്ന് കേസ് പരിഗണിക്കുന്നതുവരെ സമയം ചോദിച്ചിരുന്നു. പക്ഷെ ഇന്ന് പള്ളി ഏറ്റെടുക്കാന്‍ കോടതി കളക്ടറോട് ആവശ്യപ്പെട്ടിരുന്നു.
മുളന്തുരുത്തി മാര്‍ത്തോമന്‍ പള്ളി പൂട്ടി താക്കോല്‍ എറണാകുളം ജില്ല കലക്ടറുടെ കൈവശം സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. പള്ളി കലക്ടര്‍ ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശം നടപ്പാക്കാത്തതിനെതിരായ കോടതിയലക്ഷ്യ ഹരജിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹരജിയിലാണ് ജസ്റ്റിസ് എ.എം. ഷഫീഖ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിട്ടത്.
കോവിഡിന്റെയും മറ്റും പശ്ചാത്തലത്തില്‍ പള്ളി ഏറ്റെടുക്കാന്‍ പൊലീസ് സഹായം ലഭ്യമാക്കാനാകില്ലെന്നും മൂന്ന് മാസം കൂടി സമയം അനുവദിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഉത്തരവ് നടപ്പാക്കാന്‍ കേന്ദ്രസഹായം തേടാമെന്ന നിര്‍ദ്ദേശം കഴിഞ്ഞ ദിവസം സിംഗിള്‍ ബെഞ്ചിന്റെ ഭാഗത്തുനിന്നുണ്ടായത്.
ഇതിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ ഹരജിയുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. പള്ളി പൂട്ടി താക്കോല്‍ കോടതിക്ക് കൈമാറാന്‍ തയാറാണെന്ന് സംസ്ഥാന സര്‍ക്കാറിനുവേണ്ടി സ്റ്റേറ്റ് അറ്റോര്‍ണി കോടതിയെ അറിയിച്ചു.
പള്ളി തര്‍ക്കം നിലനിന്നിരുന്ന എറണാകുളം മുളന്തുരുത്തി പള്ളി കേസില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി വിധി ഏറെ ചര്‍ച്ചയായിരുന്നു. പള്ളി 1934 ഭരണഘടന പ്രകാരം ഭരിക്കണമെന്ന് പള്ളിക്കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതി ഉത്തരവിട്ടിരുന്നു. പള്ളിയുടെ 67ലെ ഭരണഘടന കോടതി അസാധുവാക്കി. 1967 മുതല്‍ സ്വന്തം ഭരണഘടന പ്രകാരമാണ് മുളന്തുരുത്തി പള്ളി ഭരിച്ചിരുന്നത്. നിലവില്‍ യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തിലായിരുന്നു പള്ളി. ആഗോള സുറിയാനി സഭ പരിശുദ്ധനായ പ്രഖ്യാപിച്ച പരുമല തിരുമേനിയുടെ ഇടവകയായിരുന്നു മുളന്തുരുത്തി പള്ളി.
മൂവായിരത്തോളം കുടുംബങ്ങളില്‍ നിന്നായി പതിനായിരത്തോളം വിശ്വാസികള്‍ ഉള്ള ഇടവക പള്ളിയാണിത്. അവരെ തെരുവിലേക്ക് ഇറക്കിവിടരുതെന്നതായിരുന്നു യാക്കോബായ സഭയുടെ നിലപാട്. പള്ളികള്‍ പിടിച്ചെടുക്കണം എന്നുള്ള ചിലരുടെ ദുര്‍വാശി സമൂഹം തിരിച്ചറിയണമെന്നും സഭ വിശദീകരിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതിയില്‍ നിന്ന് വിമര്‍ശനം ഭയന്ന് ജില്ലാ കളക്ടര്‍ അതിശക്തമായ നടപടികള്‍ക്ക് തീരുമാനിക്കുകയായിരുന്നു.