പണം വാങ്ങി കേന്ദ്രസര്‍ക്കാര്‍ തകര്‍ക്കുന്ന പരിസ്ഥിതി
ഗുജറാത്തിലെ മുദ്ര തുറമുഖത്തിന്റെ നിര്‍മ്മാണത്തിന് കണ്ടല്‍ക്കാടുകള്‍ നശിപ്പിച്ചതിന് അദാനി ഗ്രൂപ്പിന് യു.പി.എ സര്‍ക്കാര്‍ 2013 ല്‍ 200 കോടി രൂപ പിഴയടിച്ചു.
അധികാരത്തില്‍ വന്നയുടന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്തത് ഈ നടപടി റദ്ദാക്കുകയായിരുന്നു. അതാണ് നിലതിലെ കേന്ദ്രസര്‍ക്കാരിന്റെ പ്രകൃതിയോടുള്ള സ്‌നേഹം. അതില്‍ മാത്രം ഒതുങ്ങിയില്ല
പരിസ്ഥിതി സംരക്ഷണം കൂടുതല്‍ ശക്തമാക്കാന്‍ ലക്ഷ്യമിട്ട് യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണലിന്റെ (എന്‍.ബി.ടി) പല്ലും നഖവും പറിച്ചെടുത്തു. ജയറാം രമേശ് പരിസ്ഥിതി വനം മന്ത്രിയായിരിക്കെ 'ഗോ' ( ഖനനം നടത്താവുന്ന നിബിഡ വനങ്ങളല്ലാത്ത പ്രദേശം), 'നോ ഗോ കറ്റഗറി' ( ഒരു തരത്തിലും ഖനനം നടത്താന്‍ പാടില്ലാത്ത നിബിഡ വനങ്ങള്‍) എന്നിങ്ങനെ തിരിച്ചാണ് പദ്ധതികള്‍ക്ക് അനുമതി നല്‍കിയത്. ഏതാനും മാസം മുമ്പ് ഇത് അട്ടിമറിച്ച് എവിടെ വേണമെങ്കിലും ഖനനം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി.
പരിസ്ഥിതി സംരക്ഷണ നിയമങ്ങളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു. ലോകത്തിന് മുന്നിലാകട്ടെ പരിസ്ഥിതിയുടെ ഏറ്റവും വലിയ സംരക്ഷകര്‍ തങ്ങളാണെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. രാജ്യത്ത് നിലനില്‍ക്കുന്ന പരിസ്ഥിതി സംരക്ഷണ നിയമങ്ങളെ ഒന്നാകെ ദുര്‍ബലപ്പെടുത്താന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടത്തുന്ന നടപടികളില്‍ ഏറ്റവും അവസാനത്തേതാണ് പാരിസ്ഥിതിക ആഘാത വിലയിരുത്തല്‍ (ഇ.ഐ.എ) വിജ്ഞാപനം. യാതൊരു തത്വദീക്ഷയുമില്ലാതെ വ്യവസായങ്ങള്‍ തുടങ്ങുന്നതിന് അനുമതി നല്‍കുന്നതാണ് വിജ്ഞാപനത്തിലെ വ്യവസ്ഥകള്‍.
1986-ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിന് കീഴില്‍ 1994-ലാണ് കേന്ദ്രപരിസ്ഥിത മന്ത്രാലയം പാരിസ്ഥിതിക ആഘാത വിലയിരുത്തല്‍ സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കുന്നത്. പദ്ധതികള്‍ക്ക് പാരിസ്ഥിക അനുമതി നിര്‍ബന്ധമാക്കി കൊണ്ടുള്ളതാണ് ഈ വിജ്ഞാപനം. 1994-ന് ശേഷം ഇതില്‍ നിരവധി ഭേദഗതികള്‍ വന്നു. അവയെല്ലാം നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളവായിരുന്നു. എന്നാല്‍ മാര്‍ച്ച് 23-ന് മോദി സര്‍ക്കാര്‍ പുറത്തിറക്കിയ ഇ.ഐ.എ വിജ്ഞാപനം 1986-ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ അന്ത:സത്തയെ തന്നെ പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതാണ്. പൊതുജനങ്ങള്‍ക്ക് കരട് വിജ്ഞാപനത്തിന്മേല്‍ അഭിപ്രായം രേഖപ്പെടുത്താന്‍ തുടക്കത്തില്‍ ജൂണ്‍-30 വരെ സര്‍ക്കാര്‍ സമയം നല്‍കി. കോവിഡിന്റെ പശ്ചാത്തലത്തില്‍ സമയപരിധി നീട്ടിനല്‍കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിട്ടും ചെവിക്കൊണ്ടില്ല. തുടര്‍ന്ന് ഡല്‍ഹി ഹൈക്കോടതിഇടപെടലിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ സമയം നീട്ടിനല്‍കിയത്.
കരടിന്മേല്‍ അഭിപ്രായം ആരാഞ്ഞ് നിലവിലുള്ള 78000 പദ്ധതികളുടെ ഉടമകള്‍ക്ക് ഇ-മെയില്‍ അയയ്ക്കുക മാത്രമാണ് കേന്ദ്രം ചെയ്തത്. കോടതി നിര്‍ദ്ദേശമുണ്ടായിട്ടും പ്രാദേശിക ഭാഷകളില്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചില്ല.
2014-ലെ സുബ്രഹ്മണ്യന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാനുള്ള ഗൂഢ ശ്രമമാണോ സര്‍ക്കാരിന്റേതെന്ന സംശയവും പലരും ഉയര്‍ത്തുന്നുണ്ട്. നിലവിലുള്ള പരിസ്ഥിതി സംരക്ഷണത്തിലെ നിയമങ്ങളെ ദുര്‍ബലപ്പെടുത്തുമെന്ന കാരണം ചൂണ്ടികാട്ടി പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി സുബ്രഹ്മണ്യന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ 2015-ല്‍ തന്നെ തള്ളിയതാണ്.
'പോസ്റ്റ് ഫാക്ടോ' പാരിസ്ഥിതിക അനുമതി എന്ന നിബന്ധനയാണ് ഏറ്റവും ദോഷകരം. പാരിസ്ഥിക അനുമതി നേടാതെ പ്രവര്‍ത്തനം തുടങ്ങാന്‍ ഈ വ്യവസ്ഥ അവസരമൊരുക്കും. പാരിസ്ഥിതിക മലിനീകരണമുണ്ടാക്കുന്ന വ്യവസായ സംരംഭങ്ങള്‍ക്കും ഒരു നിശ്ചിത ഫീസ് നല്‍കി പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയും.
നിരവധി വന്‍കിട വ്യവസായങ്ങളെ ഇ.ഐ.എയില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്. 40-ഓളം പദ്ധതികള്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. മണല്‍, കളിമണ്ണ് എന്നിവ വേര്‍തിരിക്കുന്ന സംരംഭങ്ങള്‍, കല്‍ക്കരി, കല്‍ക്കരി ഇതര ധാതുക്കള്‍, ഊര്‍ജ്ജ പദ്ധതികള്‍, സൗരോര്‍ജ്ജ പദ്ധതികള്‍, സോളാര്‍ പാര്‍ക്കുകള്‍ എന്നിവ ഉള്‍പ്പെടെയാണിത്. ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിലൂടെ ഉണ്ടാകുന്ന പാരിസ്ഥിക പ്രശ്‌നങ്ങള്‍ കണിക്കിലെടുക്കാതെയാണ് ഇളവ് നല്‍കിയിട്ടുള്ളത്.
പാരിസ്ഥിതിക ആഘാതമുണ്ടാക്കുന്ന പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നതിലൂടെ സംരക്ഷിത മേഖലയിലെ വന്യജീവിതത്തിനും പാരിസ്ഥിതിക സംരക്ഷണത്തിനും വലിയ ഭീഷണിയാകും ഉണ്ടാകുക. നിരോധിക്കുന്നതിന് പകരം ഏതുതരം ലംഘനങ്ങള്‍ക്കും നിയമസാധുത നല്‍കാന്‍ കരട് വിജ്ഞാപനം പ്രാബല്യത്തില്‍ വരുന്നതോടെ അവസരമൊരുങ്ങും. നിയമപരമായ പിഴ ഈടാക്കുന്നത് കൊണ്ടുമാത്രം പരിസ്ഥിതിക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയില്ല.