കോണ്‍ഗ്രസിലെ പോര് സോഷ്യല്‍ മീഡിയയില്‍
കോണ്‍ഗ്രസിലെ തമ്മിലടി പോര്‍വിളി സോഷ്യ മീഡിയയില്‍ എത്തി. രാഹുല്‍ ഗാന്ധിയെ 'ഉപദേശിച്ച് തിരുത്താ'നെത്തിയ മുതിര്‍ന്ന നേതാവ് ദിഗ്വിജയ്സിങ്ങിനെ സാമൂഹ്യമാധ്യമങ്ങളില്‍ നിര്‍ത്തിപ്പൊരിച്ച് രാഹുല്‍ പക്ഷം.'കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് രാഹുല്‍ മടങ്ങിവരണമെന്ന പ്രവര്‍ത്തകരുടെ ആവശ്യത്തെ പിന്തുണയ്ക്കുന്നു. എന്നാല്‍, രാഹുല്‍ പാര്‍ലമെന്റില്‍ സജീവമാകണം.
ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തണം. ശരദ്പവാര്‍ ചൂണ്ടിക്കാണിച്ചത് പോലെ അദ്ദേഹം ഇന്ത്യയില്‍ ഉടനീളം സഞ്ചരിക്കണം. യാത്രകള്‍ സംഘടിപ്പിക്കണം'-എന്നായിരുന്നു ട്വിറ്ററിലൂടെ ദിഗ്വിജയ്സിങ്ങിന്റെ ഉപദേശം.
രാഹുല്‍ പക്ഷത്തെ പ്രമുഖനും തമിഴ്നാട്ടിലെ യുവ എംപിയുമായ മാണിക്കം ടാഗോര്‍ ചുട്ടമറുപടിയുമായി മണിക്കൂറുകള്‍ക്കകം രംഗത്തുവന്നു. 'രാഹുല്‍ ഗാന്ധി ഇതിനോടകം നൂറിലധികം പദയാത്ര നടത്തി. ലോക്സഭയില്‍ നിര്‍ണായക സാഹചര്യങ്ങളില്‍ മോഡി സര്‍ക്കാരിന് എതിരെ ആഞ്ഞടിച്ചു. മുതിര്‍ന്ന നേതാക്കള്‍ പിന്നില്‍നിന്ന് വിമര്‍ശിക്കുന്നത് നിര്‍ത്തിയാല്‍ അദ്ദേഹം അധികകാലം പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരില്ല'-- ലോക്സഭയിലെ കോണ്‍ഗ്രസിന്റെ വിപ്പ് കൂടിയായ മാണിക്കം ടാഗോര്‍ ട്വീറ്റ് ചെയ്തു. ട്വീറ്റുകള്‍ ചര്‍ച്ചയായതോടെ മാണിക്കം ടാഗോര്‍ അവ നീക്കം ചെയ്തു.
രണ്ടാം യുപിഎ സര്‍ക്കാരിന്റെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് രാഹുല്‍ ഗാന്ധി പക്ഷം യുദ്ധപ്രഖ്യാപനം നടത്തിയതോടെ മറുപടിയുമായി മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തി. മന്‍മോഹന്‍സിങ്ങിനെ പ്രതിരോധിക്കാന്‍ രണ്ടാം യുപിഎ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന ആനന്ദ് ശര്‍മ, മനീഷ് തിവാരി, ശശി തരൂര്‍ തുടങ്ങിയവര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ രംഗത്തുവന്നു.
സോണിയ ഗാന്ധി വിളിച്ച കോണ്‍ഗ്രസിന്റെ രാജ്യസഭാംഗങ്ങളുടെ യോഗത്തില്‍ തുടങ്ങിയ ചേരിപ്പോര് അതോടെ അടുത്തഘട്ടത്തിലേക്ക് കടന്നു. മധ്യപ്രദേശിന് പിന്നാലെ രാജസ്ഥാനിലും ഭരണം കൈവിടുമെന്ന ഘട്ടത്തിലും മുതിര്‍ന്ന നേതാക്കളടക്കം ചേരിതിരിഞ്ഞ് ഏറ്റുമുട്ടുമ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മൗനത്തില്‍.
പത്തു വര്‍ഷം അധികാരത്തില്‍ ഇല്ലാതിരുന്ന കാലത്ത് ബിജെപി നേതാക്കള്‍ വാജ്പേയിയെയോ അദ്ദേഹത്തിന്റെ സര്‍ക്കാരിനെയോ വിമര്‍ശിച്ചിട്ടില്ലെന്ന് മനീഷ് തിവാരി ട്വീറ്റ് ചെയ്തു. എന്‍ഡിഎയ്ക്കും ബിജെപിക്കും എതിരെ യോജിച്ച് പോരാടുന്നതിന് പകരം തമ്മിലടിക്കാനാണ് കോണ്‍ഗ്രസില്‍ ചിലര്‍ക്ക് താല്‍പ്പര്യം.
യുപിഎ സര്‍ക്കാരിന്റെ ചില ''നേട്ടങ്ങള്‍' ആനന്ദ് ശര്‍മ ട്വിറ്ററിലൂടെ യുവനേതാക്കളെ ഓര്‍മിപ്പിച്ചു. ബിജെപിക്കാര്‍ ഒരിക്കലും യുപിഎ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അംഗീകരിക്കില്ലെന്ന വസ്തുത മനസ്സിലാക്കാം. എന്നാല്‍, കോണ്‍ഗ്രസുകാര്‍ അതിന് തയ്യാറാകാത്തത് ദൗര്‍ഭാഗ്യകരമാണെന്നും ആനന്ദ് ശര്‍മ പരിഹസിച്ചു.
ആത്മപരിശോധനയിലൂടെ വീഴ്ചകള്‍ കണ്ടെത്തി പരിഹരിക്കുന്നത് നല്ലതാണെങ്കിലും അതിനെ ശത്രുക്കളുടെ കൈയിലെ ആയുധമാക്കരുതെന്നാണ് ശശി തരൂരിന്റെ ഉപദേശം. കോണ്‍ഗ്രസിന്റെ ദയനീയാവസ്ഥയ്ക്ക് കാരണം രണ്ടാം യുപിഎ സര്‍ക്കാരിന്റെ വന്‍വീഴ്ചകളാണെന്ന് യുവ എംപി രാജീവ് സത്വയാണ് എംപിമാരുടെ യോഗത്തില്‍ തുറന്നടിച്ചത്.