കൃഷി ഭൂമി ഉത്തരവില്‍ വനമാകുന്നു വെട്ടിലായി കര്‍ഷകര്‍
രണ്ടാം ലോക യുദ്ധത്തെത്തുടർന്ന് ഭക്ഷ്യക്ഷാമം പരിഹരിക്കാൻ വനഭൂമി വെട്ടിത്തെളിച്ച് കൃഷി ചെയ്യാൻ അനുവാദം നൽകിയത് അന്നത്തെ ദിവാൻ സി.പി.രാമസ്വാമി അയ്യരാണ്. വടശേരിക്കര, പെരുനാട്, ചേത്തയ്ക്കൽ വില്ലേജുകളിലെ വനഭൂമി വെട്ടിത്തെളിച്ച് അങ്ങനെ കൃഷി തുടങ്ങി. 1910 മുതൽ തന്നെ വെച്ചൂച്ചിറ, നൂറോക്കാട്, നാറാണംമൂഴി, അത്തിക്കയം പ്രദേശങ്ങളിൽ കുടിയേറ്റം തുടങ്ങിയിരുന്നതായാണ് ചരിത്രം. എന്നാൽ, കൃഷി തുടങ്ങാനുള്ള ഉത്തരവ് ദിവാൻ പുറപ്പെടുവിച്ചത് 1940നു ശേഷമായിരുന്നു.
വെച്ചൂച്ചിറ, പെരുനാട്, ചിറ്റാർ, സീതത്തോട് പഞ്ചായത്തുകളിലെ ഭക്ഷ്യോൽപാദന മേഖലകൾ ഇത്തരത്തിൽ രൂപം കൊണ്ടതാണ്. ‘ഗ്രോ മോർ ഫുഡ്’ പദ്ധതി പ്രകാരമാണ് ഇത്തരത്തിൽ ഭൂമി നൽകിയത്. മരങ്ങൾ വെട്ടിനീക്കിയ വനഭൂമിയിൽ നിശ്ചിത കാലത്തേക്ക് കപ്പക്കൃഷി നടത്തുന്നതിനാണ് പാട്ടത്തിനു നൽകിയിരുന്നത്. പിന്നീട് ഇത് നിർത്തലാക്കിയെങ്കിലും ഭൂമി കർഷകരുടെ കൈവശം തന്നെയായിരുന്നു.
ചേത്തയ്ക്കൽ, പടയനിപ്പാറ, കരികുളം, മണിയാർ, പാമ്പിനി, തെക്കുംമല, തണ്ണിത്തോട്, പമ്പാവാലി എന്നിവിടങ്ങളിലായി 1,536.82 ഹെക്ടർ ആരബിൾ ലാൻഡ് (കൃഷി ഭൂമി) ആണ് റിസർവ് വനമായി കണക്കാക്കണമെന്ന് ഇപ്പോൾ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ ഉത്തരവിട്ടിരിക്കുന്നത്. ഇവിടെയാണ് പ്രശ്നങ്ങളുടെ തുടക്കം. റിസർവായി പരിഗണിക്കുന്ന ഭൂമിയിൽ വനത്തിന്റെ എല്ലാ അധികാരങ്ങളും വനം വകുപ്പിനു സ്വീകരിക്കാം. കൃഷി യോഗ്യമായ ഭൂമിയെയാണ് ‘ആരബിൾ’ എന്നു വിളിക്കുന്നത്. കൃഷിക്കായി നൽകിയ ഈ ഭൂമിയിലാണ് ഇപ്പോൾ വനം വകുപ്പ് അവകാശം ഉന്നയിക്കുന്നത്.
ഡിഎഫ്ഒയുടെ ഉത്തരവ് പിൻലിക്കാതിരുന്നാൽ ഭൂമിയുടെ അവകാശമായി കിട്ടിയ പട്ടയത്തിനു കടലാസു വില പോലും ലഭിക്കില്ല. നട്ടു വളർത്തിയ മരങ്ങൾ പോലും മുറിക്കാൻ അനുവദിക്കില്ല. മുറിച്ചാൽ വനം വകുപ്പിനു കേസെടുക്കാം. മണ്ണു നീക്കിയാലും കേസെടുക്കാം. പഴവങ്ങാടി, നാറാണംമൂഴി, ചിറ്റാർ, വടശേരിക്കര, തണ്ണിത്തോട് എന്നീ പഞ്ചായത്തുകളിലെ പതിനായിരത്തോളം കുടുംബങ്ങളെ ഇതു പ്രതികൂലമായി ബാധിക്കും. എന്നാൽ, ആരബിൾ ഭൂമിയിൽ വനം വകുപ്പ് ഒരു തടസ്സവും ഉന്നയിക്കില്ലെന്നും ആരബിൾ ഭൂമിയുടെ ഭാഗമല്ലാത്ത 4.344 ഹെക്ടർ സ്ഥലത്ത് പാറ ഖനനം മാത്രമാണ് തടഞ്ഞതെന്നുമാണ് വനം വകുപ്പിന്റെ നിലപാട്.
അതേസമയം, ഡിഎഫ്ഒയുടെ വിവാദ ഉത്തരവ് ഇപ്പോഴും നിലനിൽക്കുന്നു. ഉത്തരവ് നടപ്പിലാക്കിയാൽ ആരബിൾ ഭൂമിയിലെ തടി മുറിക്കുകയോ മണ്ണു നീക്കുകയോ ചെയ്യുമ്പോൾ ആരെങ്കിലും പരാതിയുമായി എത്തിയാൽ വനപാലകർക്ക് നിയമം നടപ്പാക്കാതിരിക്കാൻ കഴിയില്ലെന്നതാണ് യാഥാർഥ്യം. തടി മുറിക്കുന്നതിനും നീക്കുന്നതിനും പാസ് നൽകാനാകില്ല. അങ്ങനെയൊന്നും സംഭവിക്കില്ലെന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും ആരബിൾ ഭൂമി റിസർവ് വനത്തിന്റെ ഭാഗമാണെന്ന ഡിഎഫ്ഒ ഉത്തരവിനു ശേഷം ഇതുവരെ ആർക്കും മരം കൊണ്ടു പോകാനുള്ള പാസ് നൽകിയിട്ടില്ല.
ഇതോടെ പട്ടയം ലഭിക്കാത്ത കൈവശക്കാർക്ക് ഇനി പട്ടയം കിട്ടുമെന്ന പ്രതീക്ഷയും മങ്ങി. സെറ്റിൽമെന്റ് റജിസ്റ്ററിൽ റിസർവ് എന്നു ചേർത്താൽ പട്ടയം നൽകുന്നതിന് കേന്ദ്രാനുമതി വേണം. വനം വകുപ്പിന്റെ നിരാക്ഷേപ പത്രം വാങ്ങിയാണ് മുൻപ് റവന്യു വകുപ്പ് പട്ടയം നൽകിയിട്ടുള്ളത്. റിസർവ് മേഖലകളിൽ ഇനി നിരാക്ഷേപ പത്രം നൽകില്ല. വിവാദ ഉത്തരവ് ഇറങ്ങും മുൻപ് ചേത്തയ്ക്കൽ വില്ലേജിൽപെട്ട 4.344 ഹെക്ടർ സ്ഥലത്ത് പാറമട തുടങ്ങുന്നതിന് ഡിഎഫ്ഒ നിരാക്ഷേപ പത്രം നൽകിയിരുന്നു.
നിശ്ചിത സ്ഥലത്ത് നിന്നു തടികൾ മുറിച്ചു നീക്കി. വനാതിർത്തിയിൽ നിന്ന് തടികൾ മുറിച്ചത് പരാതിക്കിടയാക്കി. തുടർന്ന് വനം കൺസർവേറ്റർ നടത്തിയ പരിശോധനയിൽ നിശ്ചിത സ്ഥലം വനത്തിൽപ്പെട്ടതാണെന്ന് കണ്ടെത്തി. തുടർന്ന് ദക്ഷിണ മേഖലാ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡിഎഫ്ഒ നൽകിയ നിരാക്ഷേപ പത്രം റദ്ദു ചെയ്തു. മാത്രമല്ല, പാറമട കമ്പനിക്ക് സഹായം ചെയ്തതിന്റെ പേരിൽ 3 വനം വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡും ചെയ്തു.
ചേത്തയ്ക്കൽ വില്ലേജിൽപെട്ട 781–1–1 സർവേ നമ്പറിൽപെട്ട സ്ഥലം ആരബിൾ ഭൂമിയിലാണെന്നും സെറ്റിൽമെന്റ് റജിസ്റ്ററിൽ ഇത് റിസർവ് വനമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് ആരബിൾ ഭൂമിക്ക് 1961ലെ കേരള വന നിയമത്തിലെ വകുപ്പുകൾ ബാധകമാണെന്നു ചൂണ്ടിക്കാട്ടി ഡിഎഫ്ഒ ഉത്തരവിട്ടത്.
ഇടുക്കി ജലവൈദ്യുതി പദ്ധതിക്കായി അയ്യപ്പൻ കോവിൽ പ്രദേശത്തു നിന്ന് 1970ൽ കുടിയൊഴിപ്പിക്കപ്പെട്ടവരെ ചേത്തയ്ക്കൽ വില്ലേജിന്റെ ഭാഗമായ ആരബിൾ ഭൂമിയിൽ പുനരധിവസിപ്പിച്ചിട്ടുണ്ട്. 1972ൽ വള്ളിവനം എന്ന സ്ഥലത്താണ് അവർക്കു ഭൂമി നൽകിയത്. ഇടുക്കി കോളനി, കൂപ്പ് എന്നീ പേരുകളിലാണ് ഇവിടം അറിയപ്പെടുന്നത്.