സ്വപനയെ ചോദ്യം ചെയ്യാന്‍ യു എ ഇ
സ്വര്‍ണ കള്ളക്കടത്തു കേസില്‍ എന്‍ഐഎ കസ്റ്റഡിയിലുള്ള സ്വപ്നാ സുരേഷിനെ വിശദമായി ചോദ്യം ചെയ്യാന്‍ യുഎഇ നടപടിയാരംഭിച്ചു. സ്വപ്നയെ കള്ളക്കടത്തിനു പുറമേ തിരുവനന്തപുരത്തെ കോണ്‍സുലേറ്റില്‍ നടന്ന സാമ്പത്തിക തിരിമറികള്‍ക്കും പണാപഹരണത്തിനുമാണ് ചോദ്യം ചെയ്യുക. കോണ്‍സുലേറ്റില്‍ ഈയിടെ നടന്ന ഓഡിറ്റിംഗില്‍ അവിടെ കോണ്‍സുല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ റഹ്മാന്‍ അല്‍ സാബിയുടെ സെക്രട്ടറിയായിരിക്കേ ഒന്നര കോടി രൂപ തട്ടിയെടുത്ത കേസില്‍ ചോദ്യം ചെയ്യാന്‍ സ്വപ്നയെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎഇ ഇന്ത്യയ്ക്ക് കത്തെഴുതുമെന്നാണ് അറിവായത്.
2016 ല്‍ കോണ്‍സുലേറ്റില്‍ ജോലി തരപ്പെടുത്തിയ സ്വപ്ന വൈകാതെ തന്നെ കൊയ്ത്തും തുടങ്ങി. യുഎഇ ദേശീയ ദിനാഘോഷങ്ങള്‍ക്കെന്ന പേരില്‍ മാത്രം തട്ടിയെടുത്തത് 46 ലക്ഷം രൂപയായിരുന്നുവെന്ന് ഓഡിറ്റില്‍ കണ്ടെത്തി. നൂറോളം പേര്‍ക്ക് വിരുന്നുസല്ക്കാരം നടത്തിയതൊഴിച്ചാല്‍ ദേശീയ ദിനാഘോഷത്തിന് മറ്റ് ചെലവുകളൊന്നുമില്ലായിരുന്നു. കേറ്ററിംഗ് സര്‍വീസുകാര്‍ക്കും ഈവന്റ് മാനേജ്‌മെന്റ് കമ്പനിക്കുമായി ആകെ നല്കിയത് അഞ്ചു ലക്ഷം രൂപയ്ക്കു താഴെയായിരുന്നുവെങ്കിലും 51 ലക്ഷം രൂപ ചെലവായതായി സ്വപ്ന കണക്കെഴുതി പണം തട്ടുകയായിരുന്നു.
ഇതുസംബന്ധിച്ച നിരവധി പരാതികള്‍ യുഎഇ വിദേശഅന്താരാഷ്ട്ര സഹകരണമന്ത്രാലയത്തിനു ലഭിച്ചിരുന്നു. തട്ടിപ്പുകള്‍ സംബന്ധിച്ച പ്രാഥമിക ഓഡിറ്റ് റിപ്പോര്‍ട്ട് ലഭിച്ചതിനു പിന്നാലെയാണ് സ്വപ്ന സുരേഷിനെ കോണ്‍സുലേറ്റില്‍ നിന്നു പിരിച്ചുവിട്ടത്. എന്നാല്‍ സ്വപ്നയ്‌ക്കെതിരേ നടപടിയെടുക്കാതെ തട്ടിപ്പ് ഒതുക്കിത്തീര്‍ത്തത് കോണ്‍സുലേറ്റിന്റെ അറ്റാഷെയായിരുന്ന റാഷിദ് ഖാമിസ് അല്‍ഷെയ്മിലി ആയിരുന്നുവെന്നും യുഎഇ വിദേശ മന്ത്രാലയത്തിനു പരാതി ലഭിച്ചിരുന്നു. നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കള്ളക്കടത്തു കേസില്‍ തുടക്കം മുതല്‍ തന്നെ സംശയമുനയിലായിരുന്ന ഈ അറ്റാഷെയാണ് സ്വപ്ന സുരേഷിന് 'സ്തുത്യര്‍ഹസേവന' ത്തിനുള്ള കോണ്‍സുലേറ്റിന്റെ സര്‍ട്ടിഫിക്കറ്റ് നല്കിയതും.
ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകള്‍ക്ക് പിരിച്ചുവിടപ്പെട്ട സ്വപ്നയുടെ സേവനം തുടര്‍ന്നും കോണ്‍സുലേറ്റ് തേടിയതും അറ്റാഷെ മുന്‍കയ്യെടുത്തായിരുന്നുവെന്ന് യുഎഇ വിദേശമന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്യാനിരിക്കേ നാടകീയമായി ഇന്ത്യവിട്ട അറ്റാഷെ റാഷിദ് ഖാമിസ് ഇപ്പോള്‍ യുഎഇയിലുണ്ട്. ഇദ്ദേഹത്തെ യുഎഇ പ്രാഥമികമായി ചോദ്യം ചെയ്തുകഴിഞ്ഞു. ഇനി ഖാമിസിനെ സ്വപ്നയുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യാനാണ് സ്വപ്നയെ വിട്ടുകിട്ടാനുള്ള നടപടികളുമായി യുഎഇ നീങ്ങുന്നതെന്നറിയുന്നു. സ്വര്‍ണക്കടത്തുകേസില്‍ മൂന്നാം പ്രതിയും നയതന്ത്ര ബാഗേജുകളില്‍ ദുബായില്‍ നിന്നും സ്വര്‍ണം അയച്ചതിന്റെ സൂത്രധാരനുമായ ഫൈസല്‍ ഫാരിദും യുഎഇ പൊലീസിന്റെ പിടിയിലുണ്ട്.
ഇയാളുടെ ഉറ്റസഹായികളായ മൂവാറ്റുപുഴ പട്ടിമറ്റം സ്വദേശികളും പിടികിട്ടാപ്പുള്ളികളുമായ റബിന്‍സ് അബുബേക്കര്‍, സഹോദരന്‍ നബിന്‍സ് അബൂബേക്കര്‍ എന്നിവര്‍ക്കു വേണ്ടിയും തിരച്ചില്‍ തുടരുന്നു. കള്ളക്കടത്തു സ്വര്‍ണം ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ചാലുകീറിയെന്ന ഇന്ത്യയുടെ കണ്ടെത്തല്‍ ഭീകരതയോട് തരിമ്പും സന്ധിചെയ്യാത്ത യുഎഇ അതീവ ഗൗരവതരമായാണ് കാണുന്നത്. ഈ സാഹചര്യത്തില്‍ കോണ്‍സുലേറ്റിലെ പണാപഹരണത്തിനൊപ്പം കള്ളക്കടത്തും ഗൗരവമായിതന്നെ അന്വേഷിക്കാനാണ് സ്വപ്നയെ വിട്ടുതരണമെന്ന ആവശ്യം യുഎഇ ഉന്നയിക്കാന്‍ പോകുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.