ആദ്യ സുവര്‍ണ ക്ഷേത്രമായ ശ്രീ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രം
വിശ്വാസങ്ങളുടെ കാര്യത്തില്‍ മറ്റെല്ലാ ഇടങ്ങളില്‍ നിന്നും വ്യത്യസ്തമാണ് തെലുങ്കാന. ആകാശത്തോളം ഉയരത്തില്‍ നിര്‍മിച്ച ക്ഷേത്രങ്ങളും വ്യത്യസ്തങ്ങളായ ആരാധനാ രീതികളും പ്രതിഷ്ഠകളും ഒക്കെ ഇവിടെ സര്‍വസാധാരണമാണ്. അത്തരത്തിലൊന്നാണ് തെലുങ്കാനയുടെ ആദ്യ സുവര്‍ണ ക്ഷേത്രമായ ശ്രീ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രം. ഹരേ കൃഷ്ണ കുന്നിനു മുകളില്‍ നിര്‍മിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിന് പ്രത്യേകതകള്‍ പലതുണ്ട്.
ഹൈദരാബാദിലെ അറിയപ്പെടുന്ന ക്ഷേത്രങ്ങളിലൊന്നാണ് ശ്രീ ലക്ഷ്മി നരസിംഹസ്വാമി ക്ഷേത്രം. ആയിരക്കണക്കിന് വിശ്വാസികള്‍ എത്തിച്ചേരുന്ന ഈ ക്ഷേത്രം ഇന്ന് ഹൈദരാബാദിലെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ്. തെലുങ്കാനയിലെ ആദ്യത്തെ സ്വര്‍ണ ക്ഷേത്രം എന്നു ബഹുമതിയും ഈ ക്ഷേത്രത്തിനു സ്വന്തമാണ്. 2018ലാണ് ക്ഷേത്രം വിശ്വാസികള്‍ക്കായി സമര്‍പ്പിക്കുന്നത്. ഹരേ കൃഷ്ണ ഹില്‍ എന്ന ചെറിയ കുന്നിനു മുകളിലാണ് ക്ഷേത്രം.
സ്വര്‍ണ്ണമയം
പേരു പോലെ തന്നെ മുഴുവന്‍ സ്വര്‍ണമാണ് എന്നതാണ് ഈ ക്ഷേത്രത്തിന്‍റെ പ്രത്യേകത. സ്വര്‍ണത്തില്‍ നിർമിച്ചിരിക്കുന്ന 50 അടിയുള്ള ധ്വജ സ്തംഭം, 4500 ചതുരശ്ര അടിയുള്ള മഹാ മണ്ഡപം, രാജഗോപുരത്തിലെ അഞ്ച് പടികള്‍ തുടങ്ങിയവയെല്ലാം തനി സ്വര്‍ണത്തിലാണ് തീര്‍ത്തിരിക്കുന്നത്.
സ്വയംഭൂ
ഏകദേശം 700 വര്‍ഷത്തിലധികം പഴക്കമുള്ള സ്വയംഭൂ ക്ഷേത്രമാണ് ഇതെന്ന പ്രത്യേകതയും ശ്രീ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിനുണ്ട്. ലക്ഷ്മി നരസിംഹ സ്വാമിയോടൊപ്പം ശിവനും സ്വയംഭൂ ആയി ഇവിടെ അവതരിച്ചെന്നു വിശ്വാസമുണ്ട്. പാഞ്ചജനീശ്വര സ്വാമിയായാണ് ശിവനെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.
നില്‍ക്കുന്ന രൂപത്തില്‍
മറ്റ് ക്ഷേത്രങ്ങളില്‍ നിന്നും അവിടുത്തെ പ്രതിഷ്ഠകളില്‍ നിന്നും വ്യത്യസ്തമായി നില്‍ക്കുന്ന രൂപത്തിലാണ് നരസിംഹവും പതി ലക്ഷ്മിയെയും ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. അനുഗ്രഹിച്ചുകൊണ്ടിരിക്കുന്ന രൂപത്തില്‍ നരസിംഹവും അഭയഹസ്തയുമായി ലക്ഷ്മിയും നില്‍ക്കുന്നു.
ജപമണ്ഡപം
ക്ഷേത്രത്തിലെ മറ്റൊരു പ്രധാന ആകര്‍ഷണമാണ് ജപമണ്ഡപം. ധ്വജ സ്തംഭത്തിനോട് ചേര്‍ന്നാണ് ഈ ഹരിനാമ ജപമണ്ഡപം സ്ഥിതി ചെയ്യുന്നത്. കൃഷ്ണനോടുള്ള പ്രാര്‍ഥനയാണ് ഇവിടുത്തെ പ്രധാന സംഭവം. ദര്‍ശനത്തിനു പോകുമ്പോള്‍ കൃഷ്ണനാമം ഉരുവിട്ട് പോവുന്നത് ഇവിടുത്തെ പ്രത്യേകതയാണ്. 108 പടികള്‍ കയറിവേണം ജപമണ്ഡപത്തിലേക്ക് പോകാന്‍. ഓരോ പടികള്‍ കയറുമ്പോഴും അവിടെ നിന്ന് ഹരേ കൃഷ്ണ എന്ന മന്ത്രം ജപിച്ചു വേണം പോകാന്‍.
നേപ്പാളില്‍ നിന്നും കൊണ്ടുവന്ന സാലിഗ്രാമം
ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിന്‍റെ പ്രധാന ശ്രീകോവിലിനുള്ളിലാണ് സാലിഗ്രാം സൂക്ഷിച്ചിരിക്കുന്നത്. നേപ്പാളിലെ ഗാണ്ഡകി നദിയ്ക്ക് സമീപത്തുള്ള മുക്തിനാഥ് ക്ഷേത്രത്തില്‍ നിന്നുമാണ് ഈ സാലിഗ്രാമം ഇവിടെ എത്തിച്ചിരിക്കുന്നത്.
ദര്‍ശന സമയം
പുലര്‍ച്ചെ 4.30നാണ് ക്ഷേത്രം തുറക്കുന്നത്. പിന്നീട് പൂജകള്‍ക്കും പ്രാര്‍ഥനകള്‍ക്കും ശേഷം 12.15ന് ക്ഷേത്രം അടയ്ക്കും. പിന്നീട് വൈകിട്ട് 4.30ന് ക്ഷേത്രം തുറക്കും. തുടര്‍ന്ന് പ്രത്യേക ആരതികള്‍ക്കു ശേഷം 8.25ന് ക്ഷേത്രം അടയ്ക്കും. രാമനവമി, ബ്രഹ്മോത്സവ, നരസിംഹ ജയന്തി, രഥ യാത്ര, ബലറാം ജയന്തി, കൃഷ്ണ ജന്മാഷ്ടമി, വ്യാസ പൂജ, വൈകുണ്ഡ ഏകാദശി, ദീപോത്സവ, ഗുരു പൂര്‍ണിമ തുടങ്ങിയവയെല്ലാം ഇവിടുത്തെ പ്രധാന ആഘോഷങ്ങളാണ്.