കേരളത്തിലെ സംഘടനകളിലേക്ക് അന്വേഷണം
കേരളത്തില്‍ വേരുകളുള്ള മതതീവ്രവാദസംഘടനകളും നിരീക്ഷണത്തില്‍. സ്വര്‍ണക്കടത്തിന്റെ ദേശീയ, അന്തര്‍ദേശീയ ബന്ധങ്ങള്‍ കൂടി അന്വേഷിക്കുന്ന എന്‍ഐഎ നിര്‍ണായക നീക്കങ്ങളുമായാണ് മുന്നോട്ടു പോകുന്നത്.
കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം പണമാക്കി ഭീകരവാദപ്രവര്‍ത്തനത്തിനായി ഉപയോഗിച്ചിട്ടുണ്ടാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേസന്വേഷണം എന്‍ഐഎക്കു വിട്ടത്. ഇന്ത്യയില്‍ നിരോധിച്ച ഏതാനും തീവ്രവാദ സംഘടനകള്‍ പേരുമാറ്റി കേരളത്തില്‍ സജീവമായതും സംശയത്തിന് ഇടനല്കുന്നു. ഈ സംഘടനകളുടെ ആളുകള്‍ രാഷ്ട്രീയപാര്‍ട്ടികളിലും സാമൂഹ്യസാംസ്‌കാരിക സംഘടനകളിലും കയറിക്കൂടിയിട്ടുള്ളതായും കരുതുന്നു.
കേരളത്തിലെ മതസമുദായപ്രശ്‌നങ്ങളില്‍ ഇടപെട്ടു സമരം നയിക്കാനും സമുദായസ്പര്‍ധ സൃഷ്ടിക്കാനും ഇക്കൂട്ടര്‍ ശ്രമിച്ചതിനു പ്രകടമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. പുതിയ സാംസ്‌കാരിക സംഘടനകള്‍ തട്ടിക്കൂട്ടിയും സമരങ്ങള്‍ നടന്നിരുന്നു. സോഷ്യല്‍മീഡിയയിലും ഇവര്‍ സജീവമാണ്. പല സമരങ്ങളുടെയും സ്‌പോണ്‍സര്‍മാര്‍ തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ടവരാണെന്നാണ് അന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ചിരിക്കുന്ന വിവരം.
ലോക്‌സഭ, നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ പോലും സ്വര്‍ണക്കടത്തില്‍നിന്നു ലഭിക്കുന്ന പണം വിനിയോഗിക്കപ്പെടുന്നു. അതീവരഹസ്യമായാണ് പണത്തിന്റെ ഈ കൈമാറ്റം. സ്വര്‍ണക്കടത്തുകാര്‍ക്കു തീവ്രസംഘടനകളുമായോ, പ്രവര്‍ത്തകരുമായോ ബന്ധമുണ്ടോ എന്നു പരിശോധിക്കാന്‍ കസ്റ്റംസ് പിടികൂടിയ റമീസിനെ ദേശീയ അന്വേഷണ ഏജന്‍സി വിശദമായി ചോദ്യം ചെയ്യും. റമീസിന് സ്വര്‍ണക്കടത്തില്‍ നിക്ഷേപവും വിതരണവും ഉള്ളതായി കസ്റ്റംസ് കരുതുന്നു.
ബംഗളൂരു, മംഗളൂരു, കോയമ്പത്തൂര്‍, കരിപ്പൂര്‍, തിരുവനന്തപുരം, നെടുമ്പാശേരി വിമാനത്താളവങ്ങള്‍ വഴി കേരളത്തിലേക്ക് സ്വര്‍ണം കടത്തുന്ന സംഘങ്ങളുമായി റമീസിന് ബന്ധമുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ട്. 2015 മാര്‍ച്ചില്‍ കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയതിനു റമീസ് പിടിയിലായിരുന്നു. 2014ല്‍ തിരുവനന്തപുരത്തു 3.5 കിലോ സ്വര്‍ണം പിടിച്ച കേസില്‍ സന്ദീപ് നായരും റമീസും കണ്ണികളുമായിരുന്നു. അന്ന് ഇബ്രാഹിംകുട്ടി എന്ന യാത്രക്കാരനില്‍ സംശയം തോന്നി കസ്റ്റംസ് പരിശോധിച്ചപ്പോഴാണ് ബാഗില്‍ ഇലക്ട്രോ ണിക് ഉപകരണത്തില്‍ ഒളിപ്പിച്ച സ്വര്‍ണം കണ്ടെത്തിയത്.
പരിശോധനയ്ക്കിടെ ഇബ്രാഹിംകുട്ടിയുടെ ഫോണിലേക്കു റമീസിന്റെയും സന്ദീപ് നായരുടെയും കോളുകള്‍ വന്നിരുന്നു. ഇബ്രാഹിംകുട്ടിയുടെ തൊട്ടടുത്ത സീറ്റിലെ യാത്രക്കാരനായി സന്ദീപും അന്നു തിരുവനന്തപുരത്തു വിമാനമിറങ്ങിയിരുന്നു. ഇരുവര്‍ക്കും ടിക്കറ്റ് എടുത്തതു റമീസ് ആയിരുന്നു. സന്ദീപിന്റെ ബാഗിലും സ്വര്‍ണമുണ്ടെന്ന് ഇബ്രാംഹികുട്ടി പറഞ്ഞിരുന്നു. എന്നാല്‍ അപ്പോഴേക്കും സന്ദീപ് വിമാനത്താവളത്തില്‍നിന്നു പുറത്തുകടന്നിരുന്നു.
ദുബായില്‍നിന്നു നാട്ടിലെത്തിയപ്പോള്‍ കസ്റ്റംസ് റമീസിനെ ചോദ്യം ചെയ്തിരുന്നെങ്കിലും തെളിവില്ലാത്തതിനാല്‍ രക്ഷപ്പെട്ടു. വന്‍ ഉദ്യോസ്ഥ-രാഷ്ട്രീയസംഘം പിന്നിലുള്ളതാണ് ഇവര്‍ രക്ഷപ്പെടാന്‍ കാരണം. കേസിന്റെ ഈ വിവരങ്ങളെല്ലാം എന്‍ഐഎ കസ്റ്റംസില്‍നിന്നു ശേഖരിച്ചിട്ടുണ്ട്.
കൊച്ചി വിമാനത്താവളം വഴി ആറു തോക്കുകള്‍ കടത്തിയതിനും റമീസ് നേരത്തേ പിടിയിലായിരുന്നു. പാലക്കാട് റൈഫിള്‍സ് അസോസിയേഷനു വേണ്ടിയാണ് തോക്കുകള്‍ കൊണ്ടുവന്നതെന്നാണ് അന്നു റമീസ് മൊഴി നല്‍കിയത്. അന്വേഷണത്തില്‍ അത് സത്യമല്ലെന്നു ബോധ്യപ്പെട്ടിരുന്നു.
ആവര്‍ത്തിച്ചു നടന്നുവന്ന വന്‍തോതിലുള്ള സ്വര്‍ണക്കടത്തിനു പിന്നില്‍ നിലവില്‍ പ്രതികളായവര്‍ക്കു പുറമേ മറഞ്ഞിരുന്നു കരുക്കള്‍ നീക്കുന്നവര്‍ ഉണ്ടെന്നും അവര്‍ ഭീകരപ്രവര്‍ത്തനവുമായി ബന്ധമുള്ളവരാകാമെന്നുമാണ് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍. രാജ്യസുരക്ഷയെ ബാധിക്കുന്ന ഇക്കാര്യത്തില്‍ പഴുതടച്ച അന്വേഷണം നടക്കുമെന്നും ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ വരുംദിവസങ്ങില്‍ പുറത്തു വരുമെന്നും ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.