വട്ടല്ല അഭിമാനം ഈ കേരള മോഡല്‍
പത്താം ക്‌ളാസ് പരീക്ഷ് നടത്താനും, ഓണ്‍ലൈന്‍ക്‌ളാസ് നടത്താനും തീരുമാനിച്ച കേരള സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ത്ത യു ഡി എഫിന് രാഷ്ട്രീയ തിരിച്ചടി.
എസ്എസ്എല്‍സി പരീക്ഷയെഴുതിയവരില്‍ 98.82 ശതമാനവും ടിഎച്ച് എസ്എല്‍സി പരീക്ഷയെഴുതിയവരില്‍ 99.13ശതമാനം കുട്ടികളും വിജയത്തിളക്കവുമായി നില്‍ക്കുമ്പോള്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് അഭിമാനിക്കാന്‍ ഏറെയുണ്ട്. കൊവിഡ് വ്യാപനം ലോകത്തിനു തന്നെ ഭീഷണിയായി മാറിക്കൊണ്ടിരുന്ന ദിവസങ്ങളിലാണ് എസ്എസ്എല്‍സി പരീക്ഷ തുടങ്ങിയത്. പരീക്ഷക്കാലം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും സമ്മാനിച്ച മാനസിക സംഘര്‍ഷത്തിന് ഫലപ്രഖ്യാപനം പരിഹാരമാകും.
കുട്ടികള്‍ അടുത്ത അധ്യയനവര്‍ഷത്തിലേക്കു കടക്കുമ്പോള്‍ നമ്മുടെ അധ്യാപനരീതിയും അധ്യയനശീലവുമെല്ലാം മാറിയിരിക്കുന്നു. അത് അവര്‍ക്കു മുന്നില്‍ ഒരു പുതിയ യുഗം തുറന്നിടുകയാണ്. പത്താം ക്ലാസ് എന്ന കടമ്പ പിന്നിട്ട് അവര്‍ കാലു കുത്തുന്നത് പുതിയ സാധ്യതകളിലേക്കാണ്.
ഇന്നലെ ഫലം പ്രഖ്യാപിച്ചപ്പോള്‍ 4,17,101 കുട്ടികള്‍ അടുത്ത ക്ലാസിലേക്ക് യോഗ്യത നേടി. അവര്‍ക്ക് എല്ലാവര്‍ക്കും സംസ്ഥാനത്ത് പഠന സൗകര്യമുണ്ടാകുമെന്നാണ് ഫലപ്രഖ്യാപനം നടത്തിയ വിദ്യാഭ്യാസമന്ത്രി നല്‍കിയ ഉറപ്പ്. 41,906 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. കുട്ടനാട് വിദ്യാഭ്യാസ ജില്ല നൂറ് ശതമാനം വിജയം കരസ്ഥമാക്കിയപ്പോള്‍ പത്തനംതിട്ട ജില്ല 99.71 ശതമാനം വിജയത്തോടെ മുന്നിലെത്തി.
796 എയ്ഡഡ് സ്‌കൂളുകളും 637 സര്‍ക്കാര്‍ സ്‌കൂളുകളും സമ്പൂര്‍ണവിജയം കുറിച്ചു. ഗള്‍ഫിലെ ഒന്‍പത് കേന്ദ്രങ്ങളില്‍ മൂന്ന് കേന്ദ്രങ്ങളും ലക്ഷദ്വീപിലെ നാല് കേന്ദ്രങ്ങളും നൂറ് ശതമാനം വിജയത്തിലെത്തി. മലപ്പുറം എടരിക്കോട് പികെഎംഎം എച്ച് എച്ച്എസ് പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. അവിടെ പരീക്ഷയ്ക്കിരുന്ന 2327 കുട്ടികളും വിജയിച്ചു.
നിലവില്‍ പത്താം ക്ലാസ് വരെയുള്ള പഠനം ഓണ്‍ലൈന്‍ ക്ലാസുകളിലൂടെയാണ് നടക്കുന്നത്. പല സ്വകാര്യ സ്‌കൂളുകളിലും പ്ലസ് വണ്‍കാര്‍ക്കും പരിശീലനം നല്‍കുന്നുണ്ട്. ഈ കുട്ടികള്‍ക്കും പഠനത്തിനായി ആധുനിക സൗകര്യങ്ങള്‍ ഒരുക്കേണ്ടിവരുമെന്ന് ഓര്‍മിക്കണം. ഇനി ഓണ്‍ലൈന്‍ വിദ്യാഭ്യാസം പ്രധാന സിലബസിനൊപ്പമുള്ള സ്മാര്‍ട്ട്പഠനത്തിന് അനിവാര്യവുമാകും.
കൊവിഡ് നിത്യജീവിതത്തില്‍ വലിയ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. അത് ഏറ്റവും പ്രതിഫലിക്കുന്ന രണ്ടു മേഖലകളാണ് വിദ്യാഭ്യാസവും തൊഴില്‍ രംഗവും. തൊഴിലിനെ കുറിച്ചുള്ള ധാരണകള്‍ തിരുത്തപ്പെടുകയാണ്. നാളെയിലേക്ക് എന്തെല്ലാം അറിവുകളും നിപുണതകളും സ്വായത്തമാക്കിയിരിക്കണം എന്നതിന് പ്രാധാന്യം കൈവന്നിരിക്കുന്നു. അതിന് ഊന്നല്‍ നല്‍കുന്ന വിദ്യാഭ്യാസത്തിനാണ് കേരളവും ശ്രദ്ധിക്കുന്നത്. നമ്മുടെ സ്‌കൂളുകളെ ഹൈടെക് ആക്കുന്നതിന് സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും തുടങ്ങിവച്ച പരിശ്രമങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടുപോകുന്നുണ്ട്. എട്ടു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളെ സാങ്കേതികവിദ്യയിലൂടെ പുതിയ സാധ്യതകള്‍ക്ക് സജ്ജരാക്കുകയെന്നതാണ് ലക്ഷ്യമാക്കിയിട്ടുള്ളത്. ഏതാണ്ട് അയ്യായിരത്തോളം സ്‌കൂളുകളില്‍ ഹൈടെക് ക്ലാസുകള്‍ തയാറാക്കിയിരുന്നതുകൊണ്ടാണ് ഓണ്‍ലൈന്‍ പഠനത്തിലേക്ക് പെട്ടെന്നു മാറാന്‍ നമുക്ക് സാധിച്ചത്.