News Beyond Headlines

28 Thursday
November

ശരിയല്ലാത്തത് ആ ചിത്രമല്ല, അത്തരം മാധ്യമ പ്രവർത്തനമാണ്

മാധ്യമ പ്രവർത്തകന് മറുപടിയുമായി എം സ്വരാജ്. ഓഖി ദുരന്തത്തില്‍പെട്ട് ഓക്‌സിജന്‍ മാസ്കുമായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്ത്രീയുടെ പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തനത്തെ വിമര്‍ശിച്ചതില്‍ താൻ ഉറച്ച് നില്‍ക്കുന്നതായി സ്വരാജ് അറിയിച്ചു.
സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്: ശരിയല്ലാത്തത് ആ ചിത്രമല്ല, അത്തരം മാധ്യമ പ്രവർത്തനമാണ്. ..
കഴിഞ്ഞ ദിവസം ഫേസ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന്, സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന ഒരു മാധ്യമ പ്രവർത്തകൻ വിശദീകരണം നൽകിയതായി ശ്രദ്ധയിൽപ്പെട്ടു.
" ആ ചിത്രം ശരിയല്ല , സ്വരാജ് ..."
എന്ന തലക്കെട്ടോടെയാണ് ഫേസ് ബുക്കിൽ വിശദീകരണം കണ്ടത്. തലക്കെട്ട് വായിക്കുന്നവർക്ക് തോന്നുക ഞാൻ പോസ്റ്റ് ചെയ്ത ചിത്രം യഥാർത്ഥമല്ല, ഒരു വ്യാജ ചിത്രമാണ് എന്നൊക്കെയാണ്‌. സത്യത്തിൽ പ്രസ്തുത ചിത്രം ആദ്യം കണ്ടപ്പോൾ എനിക്കും ആ ചിത്രം വ്യാജമാണോ എന്ന സംശയം തോന്നിയിരുന്നു . ഓക്സിജൻ മാസ്കുമായി ആശുപത്രിയിൽ കിടക്കുന്നയാളുടെ മുഖത്തേക്ക് ആരെങ്കിലും മൈക്ക് നീട്ടുമോ എന്ന സംശയം . സാധ്യമാവുന്ന പരിശോധന നടത്തിയാണ് ചിത്രം വ്യാജമല്ല എന്നുറപ്പിച്ചത്. എന്നിട്ടും പൂർണ വിശ്വാസം വരാത്തതിനാൽ ചിത്രം പോസ്റ്റ് ചെയ്തപ്പോൾ 'ഈ ചിത്രം ശരിയെങ്കിൽ......' എന്ന് രേഖപ്പെടുത്തിയിരുന്നു.
ചിത്രം വ്യാജമാണെങ്കിൽ ഞാൻ ചെയ്തത് മാപ്പർഹിക്കാത്ത തെറ്റായേനെ . " ആ ചിത്രം ശരിയല്ല '' എന്ന തലക്കെട്ട് കണ്ട് നിരുപാധികം മാപ്പു പറയാനൊരുങ്ങുമ്പോഴാണ് തലക്കെട്ടിന് താഴെയുള്ള വിശദീകരണത്തിൽ പ്രസ്തുത ചിത്രം യഥാർത്ഥമാണെന്ന വ്യകതമാക്കൽ കാണുന്നത്......... !!!!!!! " .... തുടർന്ന് വാർത്തയ്ക്കായി അവരുടെ ഒരു സൗണ്ട് ബൈറ്റ് ഷൂട്ട് ചെയ്തു എന്നത് സത്യമാണ്...." എന്നാണ് വിശദീകരണത്തിലുള്ളത്.
അപ്പോൾ സംഗതി സത്യമാണെന്ന് സമ്മതിക്കുന്നു. പിന്നെന്തിനാണ് തെറ്റിദ്ധരിപ്പിക്കുന്ന ആ നെടുങ്കൻ തലക്കെട്ട് ? എന്താണ് അതിന്റെ അർത്ഥം ? തലക്കെട്ട് മാധ്യമപ്രവർത്തകന്റെ വകയാണോ എന്നുറപ്പില്ല മാധ്യമത്തിന്റേതുമാവാം.
ഇത്തരം മാധ്യമ പ്രവർത്തനത്തോടാണ് വിമർശനം . വിയോജിപ്പ് . യാത്രയ്ക്കിടയിൽ വീഴാത്തവരുണ്ടാവില്ല .വീണാൽ എഴുന്നേൽക്കാൻ ശ്രമിക്കുകയല്ലേ വേണ്ടത് ? കുറച്ചു സമയം കൂടി കിടന്നുരുണ്ട ശേഷം ഇത് ചെറിയൊരഭ്യാസമായിരുന്നു എന്ന് പറയേണ്ട കാര്യമുണ്ടോ ? അപകടത്തിൽപ്പെട്ട് ആശുപത്രിയിലായ ആളുടെ ഓക്സിജൻ മാസ്കിനിടയിലേക്ക് വാർത്താ വടി കുത്തിക്കയറ്റുന്ന മാധ്യമ പ്രവർത്തനത്തെ തന്നെയാണ് വിമർശിച്ചത് . ആ മനോഭാവത്തെ , ഹൃദയശൂന്യതയെ , ദുരന്തങ്ങൾ കാഴ്ചകൾ മാത്രമായി കാണുന്ന മാനസികാവസ്ഥയെ.. അതിനെ വിമർശിച്ചില്ലെങ്കിൽ നാം മനുഷ്യരല്ല തന്നെ.
മാധ്യമ സുഹൃത്തിന്റെ വിശദീകരണത്തിൽ പ്രസ്തുത ദൃശ്യം ലൈവിൽ പോയെങ്കിലും പിന്നീട് പിൻ വലിച്ചതായി പറയുന്നുണ്ട്. ചെയ്തത് ശരിയായിരുന്നില്ല എന്ന് തോന്നിയിട്ടാണോ പിൻവലിച്ചത് ? ആണെങ്കിൽ നല്ല കാര്യം. പിന്നെ അധികം ന്യായങ്ങൾ പറഞ്ഞും തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടു നൽകിയും അപഹാസ്യമാകാതിരിക്കുന്നതാണ് മാന്യത.
മാധ്യമ പ്രവർത്തനം മറ്റു പല തൊഴിലിനെക്കാളും ഉത്തരവാദിത്വമുള്ളതും ഭാരിച്ചതുമാണെന്ന് കരുതുന്നയാളാണ് ഞാൻ. ഉത്തരവാദിത്വം ധീരമായി നിർവഹിക്കുന്ന എല്ലാ മാധ്യമ പ്രവർത്തകരോടും ബഹുമാനമേയുള്ളൂ. റേറ്റിംഗിനും ,കൂലിക്കും വേണ്ടി മാത്രം മാധ്യമ പ്രവർത്തനത്തെ കണക്കാക്കുകയും മനുഷ്യത്വം മാറ്റിവെയ്ക്കുകയും ചെയ്യുന്നവർ സത്യസന്ധവും മനുഷ്യത്വപരവുമായ മാധ്യമ പ്രവർത്തനത്തെത്തന്നെയാണ് പരിക്കേൽപിക്കുന്നത്.
കഴിഞ്ഞ പോസ്റ്റിൽ ' ദുരന്തങ്ങൾ ഉത്സവങ്ങളല്ല' എന്നു പറഞ്ഞത് നമ്മുടെ മാധ്യമങ്ങൾ അത് റിപ്പോർട്ട് ചെയ്ത പൊതു ശൈലി വിമർശിക്കപ്പെടണം എന്നതുകൊണ്ടാണ്. തൃശ്ശൂർ പൂരം റിപ്പോർട്ട് ചെയ്യുന്ന ആവേശത്തോടെ 'ഓഖി' ദുരന്തം റിപ്പോർട്ടു ചെയ്യാൻ മനുഷ്യത്വമുള്ളവർക്കാവുമോ ? വേദനയിലും ആശങ്കയിലും പാതി മരിച്ചു കഴിഞ്ഞ മനുഷ്യരുടെ മുന്നിൽ നിന്നും ലൈവ് ചെയ്യുമ്പോൾ പാലിക്കേണ്ട മിനിമം മര്യാദകൾ
റേറ്റിംഗിനെ ബാധിക്കുമെന്ന് തെറ്റിദ്ധരിച്ച് മാറ്റിവെക്കണോ. ? ഒരു ദുരന്തം വരുമ്പോൾ ഒരാഴ്ചക്കുള്ള വിഭവം കിട്ടിയെന്ന പോലെ സന്തോഷവും ആവേശവും പ്രതിഫലിക്കുന്ന റിപ്പോർട്ടിംഗ് ശൈലി ആശാസ്യമാണോ ? ആശങ്കയിൽ കഴിയുന്ന ഒരു സമൂഹത്തെ തീ പിടിപ്പിക്കുന്ന രീതിയിലാണോ റിപ്പോർട്ടിംഗ് നടത്തേണ്ടത് ?
മാധ്യമ പ്രവർത്തകർ സ്വയം വിമർശന പരമായി പരിശോധിക്കണമെന്നാണെന്റെ പക്ഷം. വേളാങ്കണ്ണിയിൽ സുനാമി ദുരന്തം വിതച്ചപ്പോൾ, ചുറ്റുമുയരുന്ന ഭ്രാന്തൻ തിരമാലകൾക്ക് നടുവിൽ പള്ളിയിൽ കുടുങ്ങിപ്പോയ ഒരാളുടെ ചാർജ് തീരാറായ മൊബൈൽ ഫോണിലേക്ക് വിളിച്ച് ഒരു ചാനൽ ലൈവ് നടത്തിയത് ഓർക്കുന്നു. അന്ന് ചാനൽഅവതാരകന്റെ മനുഷ്യപ്പറ്റില്ലാത്ത വാർത്താവതരണം കേട്ട് ദുരന്തമുഖത്ത് കുടുങ്ങിപ്പോയ ആ പാവം പൊട്ടിത്തെറിക്കുകയുണ്ടായി. അവതാരകന് ദുരന്തമുഖത്ത് നിൽക്കുന്ന മനുഷ്യൻ ഒരു വാർത്ത മാത്രമാണ്. പക്ഷെ ആ മനുഷ്യൻ ആരുടെയൊക്കെയോ കണ്ണീർ തുടയ്ക്കേണ്ട ഒരാളാണ്. മരണത്തിന്റെ മുന്നിൽ നിൽക്കുന്ന ഒരാളോട് സംസാരിക്കേണ്ടി വരുമ്പോൾ ഒരിത്തിരി മനുഷ്യപ്പറ്റോടുകൂടി വേണമെന്ന് ചിന്തിക്കാൻ കഴിയാത്തത് അദ്ഭുതകരമാണ്. അവിശ്വസനീയമാണ്. ദുരന്തമാണ്...
ബോംബെയിലെ താജ് ഹോട്ടൽ ആക്രമണ സമയത്ത് ഏറെ നേരത്തെ വാർത്താ വിശകലനങ്ങൾക്ക് ശേഷം അവസാനം ഒരു ചാനൽ അവതാരക സംഭവസ്ഥലത്തുള്ള ചാനൽ ലേഖകനോട് ലൈവിൽ ചോദിച്ചത് " ... പറയൂ , ആക്രമണത്തിന്റെ ക്ലൈമാക്സ് എങ്ങനെയുണ്ടായിരുന്നു.? " എന്നാണ്. അനന്തരം മനുഷ്യരുടെ ചോരയുണങ്ങാത്ത മണ്ണിൽ നിന്നും ലേഖകൻ "ക്ലൈമാക്സ്" വിശദീകരിച്ചു തുടങ്ങി. അതീവ സന്തോഷവതിയായ അവതാരക, മനുഷ്യനെ പച്ചക്ക് വെടിവെച്ചു കൊന്നതിന്റെ ക്ലൈമാക്സ് അന്വേഷിക്കുമ്പോൾ നാമേത് യുഗത്തിലാണ് ജീവിക്കുന്നത് ?
കുറച്ച് മുമ്പ് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപനം നടക്കുമ്പോൾ സ്വർണക്കപ്പ് തവിടു പൊടിയായ ഒരു സംഭവമുണ്ടായി. കപ്പ്നേടിയ ടീമിൽ നിന്നും അത് ചാനൽ സ്റ്റുഡിയോയിലെത്തിച്ച് ചർച്ച നടത്താനുള്ള മാധ്യമ പ്രവർത്തകരുടെ പിടിവലിക്കിടയിൽ കപ്പ് രണ്ട് കഷണമായി പൊട്ടിവീണതായിരുന്നു പിറ്റെ ദിവസത്തെ പ്രധാന പത്ര വാർത്ത . ഇങ്ങനെയൊക്കെ പെരുമാറുന്നത് അഭിമാനകരമായാണോ മാധ്യമ പ്രവർത്തകർ കരുതുന്നത് ?വെട്ടുക്കിളിക്കൂട്ടമെന്ന പോലെ പാഞ്ഞടുക്കാതെയും കയ്യാങ്കളി കൂട്ടാതെയും ഈ തൊഴിൽ ചെയ്യാനാവില്ലേ ?
ദൃശ്യമാധ്യമങ്ങൾ സജീവമായതോടെ ഒരു തരം കഴുത്തറപ്പൻ മത്സരം വളർന്നു വന്നിട്ടുണ്ട്. റേറ്റിംഗ് മാത്രം അടിസ്ഥാനമാകുമ്പോൾ മത്സരം അതിരുവിടുകയും ചിലപ്പോൾ ഹീനമാവുകയും ചെയ്യും . കേട്ടപാതി തെറ്റായ വാർത്ത കൊടുക്കുന്നതിൽ തെറ്റില്ലെന്നും പിന്നീട് വ്യക്തത വരുമ്പോൾ ആദ്യം പറഞ്ഞത് മറക്കാമെന്നുമുള്ള നില വരും. ഓക്സിജൻ മാസ്കിനിടയിലേക്ക് മൈക്ക് തിരുകിയായാലും നമ്മൾ മുന്നിലെത്തണമെന്ന് തോന്നും . ഇതൊരു പ്രതിസന്ധിയാണ്, സമകാലിക മാധ്യമ പ്രവർത്തനം അഭിമുഖീകരിക്കുന്ന പ്രതിസന്ധി.
ഏത് പ്രതിസന്ധിയിലും മനുഷ്യത്വം ഉയർത്തിപ്പിടിക്കാനായില്ലെങ്കിൽ അതാണ് വലിയ ദുരന്തം. 1972 ൽ വിയറ്റ്നാമിലെ നാപ്പാം ബോംബാക്രമണത്തിൽ ഭയന്ന് വിറച്ച് അലമുറയിട്ട് ഓടുന്ന കുട്ടികളുടെ വിശ്വ പ്രസിദ്ധമായ ചിത്രം ആരും മറക്കാനിടയില്ല. ആ ചിത്രത്തിൽ 9 വയസ് മാത്രം പ്രായമുള്ള ഒരു പെൺകുഞ്ഞുണ്ട് .ഫാൻ തി കിം ഫുക് . നഗ്നയായി നിലവിളിച്ച് കുരിശു പോലെ ഇരു കൈയും നീട്ടി ഓടുന്ന കുഞ്ഞ്... ചിത്രമെടുത്ത അസോഷ്യേറ്റ് പ്രസ് ഫോട്ടോഗ്രാഫർ നിക്കട്ട് പടമെടുത്ത ശേഷം ആ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പരിക്കേറ്റതിനാൽ അവിടെ ചികിത്സിക്കാനാവില്ലെന്നും മറ്റേതെങ്കിലും ആശുപത്രിയിൽ കൊണ്ടുപോകാനുമാണ് ഡോക്ടർമാരുടെ നിർദ്ദേശം. അടുത്തെങ്ങും ആശുപത്രിയില്ല. കുഞ്ഞ് മരണാസന്നയാണ്. ഉടൻ ചികിത്സ കിട്ടിയേ തീരൂ. ഫോട്ടോഗ്രാഫർ നിക്കട്ട് ആ ആശുപത്രിയിൽ കുത്തിയിരുന്നു. കുഞ്ഞിനെ ചികിത്സിക്കണമെന്ന് വാശി പിടിച്ചു. ചികിത്സിക്കാതെ താൻ എഴുന്നേറ്റ് പോവില്ലെന്ന് ശഠിച്ചു. ആ കുത്തിയിരുപ്പ് സമരത്തിനൊടുവിൽ ആശുപത്രി അധികൃതർക്ക് വഴങ്ങേണ്ടി വന്നു. കുഞ്ഞിനെ ചികിത്സിച്ചു. അവൾ ജീവിതത്തിലേക്ക് തിരിച്ചു വന്നു. 21 വയസ് മാത്രം പ്രായമുള്ള ഫോട്ടോഗ്രാഫർ നിക്കട്ടിന് പടമെടുത്ത ശേഷം ചിത്രം പുറം ലോകത്തെത്തിക്കാൻ ഓടിപ്പോകാമായിരുന്നു. ക്യാമറയടച്ച് കുഞ്ഞിനെ കയ്യിലെടുത്ത് ആശുപത്രിയിലേക്ക് ഓടാൻ തോന്നിപ്പിച്ച വികാരത്തിന്റെ , ചികിത്സ നിഷേധിച്ചപ്പോൾ ഒറ്റയ്ക്ക് പ്രതിഷേധിക്കാനുള്ള ധൈര്യത്തിന്റെ .. ഒക്കെ പേരാണു സർ , മനുഷ്യത്വം . ഭീകരാക്രമണത്തിന്റെ ക്ലൈമാക്സ് ചോദിക്കുമ്പോഴും മാസ്കിനിടയിലേക്ക് മൈക്ക് തിരുകുമ്പോഴും മനുഷ്യർ കടലിൽ മുങ്ങിത്താഴുന്ന നേരത്ത് വാഴ വെട്ടുമ്പോഴും നമുക്ക് ഇല്ലാതെ പോകുന്നതും മനുഷ്യത്വം തന്നെയാണ്.
1993ൽ സുഡാനിൽ കലാപവും ക്ഷാമവും രാജ്യത്തെ പട്ടടയാക്കിയ കാലത്താണ്..... അവിടെയൊരിടത്ത് എല്ലും തോലും മാത്രമായ ഒരു കുഞ്ഞ്. - ജീവനുള്ള ഒരു കുഞ്ഞസ്ഥികൂടം - മരിച്ചു കൊണ്ടിരിക്കുന്ന ആ കുഞ്ഞിന് സമീപം ആർത്തിയോടെ ഒരു കഴുകൻ .... ലോകമെങ്ങും മനുഷ്യരെ കരയിച്ച ആ ചിത്രമെടുത്തത് കെവിൻ കാർടറായിരുന്നു. ചിത്രമെടുത്ത ഉടനേ ആ കുഞ്ഞ് മരിച്ചു പോയി . കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവാത്തതിന്റെ ദുഖം കാർടറെ നിരന്തരം വേട്ടയാടി. പിന്നീട് കെവിൻ കാർടർ ആത്മഹത്യ ചെയ്തു. ക്യാമറയിൽ പകർത്തുന്ന ദൃശ്യങ്ങൾ ചിലപ്പോൾ മനസിലെ മായാത്ത മുറിവായി മാറുന്നത് എല്ലാത്തിനും മുകളിൽ മനുഷ്യത്വമുള്ളതുകൊണ്ടാവണം. കാർടറുടെ ആത്മഹത്യാ കുറിപ്പിൽ ഒരിടത്ത് ഇങ്ങനെ പറയുന്നു.
............ I am haunted by the vivid memories of killingട and corpses and anger and pain .... of Starving or wounded Children.... അത്യന്തം സവിശേഷമായ തൊഴിൽ ചെയ്യാൻ നിയോഗിക്കപ്പെട്ടവരാണ് മാധ്യമ പ്രവർത്തകർ. തീർത്തും പ്രതികൂലമായ സാഹചര്യത്തിലും , ജീവൻ പണയം വെച്ചുമൊക്കെ ജോലി ചെയ്യേണ്ടി വരുന്നവരാണവർ. ദുരന്തങ്ങളും അപകടങ്ങളുമൊക്കെ റിപ്പോർട്ടു ചെയ്യേണ്ടി വരുന്നവർ .... ഇതെല്ലാം ചെയ്യുമ്പോഴും മനുഷ്യരായിരിക്കുന്നത് , മനുഷ്യത്വമുള്ളവരായിരിക്കുന്നത് എക്കാലവും മാധ്യമ പ്രവർത്തകർക്ക് അഭിമാനിക്കാൻ വക നൽകും.
കഴുത്തറുപ്പൻ മത്സരത്തിന്റെ റേറ്റിംഗ് മേളകളിൽ മാറ്റുരയ്ക്കാനായി അങ്കത്തട്ടിലിറങ്ങുമ്പോൾ മനസാക്ഷിയും മനുഷ്യത്വവുമൊക്കെ കടലിലെറിയുന്നുവെങ്കിൽ കഷ്ടമെന്നല്ലാതെന്തു പറയാൻ ....
NB. മാധ്യമ സുഹൃത്തിന്റെ വിശദീകരണക്കുറിപ്പിന്റെ അവസാന ഭാഗത്ത് മേൽപറഞ്ഞ ദൃശ്യമെടുത്ത മാധ്യമ പ്രവർത്തകൻ ഇടതുപക്ഷക്കാരനാണെന്ന് സൂചിപ്പിച്ചിട്ടുണ്ട്. സുഹൃത്തെ, അപ്പണി ചെയ്തത് കാറൽ മാർക്സായാലും അത് തെറ്റാണ് , മനുഷ്യത്വമില്ലായ്മയാണ് , വലിയ തെറ്റാണ് എന്ന് ആയിരം വട്ടം ആവർത്തിക്കും.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....