ചിറ്റൂർ: പാലക്കാട് യാക്കരപ്പുഴയിൽ യുവാവിന്റെ മൃതദേഹാവശിഷ്ടം കണ്ടെത്തിയ സംഭവത്തിൽ നാല് പേർ കൂടി അറസ്റ്റിലായി. കൊടുമ്പ് തിരുവാലത്തൂർ സ്വദേശി വി. ഋഷികേശ് (21), കാടങ്കോട് സ്വദേശികളായി എസ്. ഹക്കീം (22), ആർ. അജയ് (21) തിരുനെല്ലായി സ്വദേശി ടി. മദൻ കുമാർ (24) എന്നിവരെയാണ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റ് ചെയ്തവരുടെ എണ്ണം ആറായി. വെള്ളിയാഴ്ച രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ സുവീഷ് കൊലക്കേസുമായി ബന്ധപ്പെട്ട എല്ലാവരേയും അറസ്റ്റ് ചെയ്തതായി ചിറ്റൂർ പോലീസ് അറിയിച്ചു. വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത ഷമീറിനെ ശനിയാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ബാക്കി നാല് പേരെ ശനിയാഴ്ച വൈകുന്നേരം മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനായ എസ്.ഐ. എം. മഹേഷ്‌കുമാർ പറഞ്ഞു. വ്യാഴാഴ്ച രാത്രിയാണ് പാലക്കാട് മെഡിക്കൽ കോളേജിന് പുറകുവശത്തായി യാക്കരപ്പുഴയുടെ ചതുപ്പിൽ നിന്ന് യുവാവിന്റെ മൃതദേഹം പോലീസ് കണ്ടെടുക്കുന്നത്. ചിറ്റൂർ തത്തമംഗലം ആറാംപാടം പരേതനായ സുരേഷിന്റെ മകൻ സുവീഷിന്റെയാണ് മൃതദേഹം എന്ന നിഗമനത്തിൽ തന്നെയാണ് പോലീസ്. വിദഗ്ധ പരിശോധനകൾക്കായി വെള്ളിയാഴ്ച മൃതദേഹാവശിഷ്ടം ഫോറൻസിക്കിന് വിട്ടുകൊടുത്തിട്ടുണ്ട്. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലും സുവീഷിന്റെ വസ്ത്രം ലഭിച്ചതും മാത്രമാണ് നിലവിലുള്ള സ്ഥിരീകരണം. ഫോറൻസിക് ഫലം വന്നതിന് ശേഷം മാത്രമേ ഇത് പൂർണ്ണമായും സ്ഥിരീകരിക്കാനാകൂ. ജൂലായ് 19നാണ് സുവീഷിനെ കാണാതായത്. അറസ്റ്റിലായ മുഴുവൻ പ്രതികൾക്കും കൊലപാതകത്തിൽ പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു. സുവീഷിനെ കൊലപ്പെടുത്തി പുഴയുടെ ചതുപ്പിൽ കെട്ടിത്താഴ്ത്തിയതായി ഇവർ സമ്മതിച്ചിട്ടുണ്ട്. പിടിയിലായ സമയത്ത് പ്രതികൾ എല്ലാവരും ലഹരി മരുന്നുകൾ ഉപയോഗിച്ചിരുന്നു. കൊല്ലപ്പെട്ട സുവീഷ് അടക്കം ഈ സംഘത്തിലെ എല്ലാവരും വിവിധ തരത്തിലുള്ള ലഹരി മരുന്നുകൾ സ്ഥിരമായി ഉപയോഗിക്കുന്നവരാണ്. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും പ്രതികൾക്ക് സുവീഷിനോടുള്ള വൈരാഗ്യവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ആറ് പ്രതികൾക്കും സുവീഷിനോട് വിവിധ കാരണങ്ങൾ കൊണ്ട് വൈരാഗ്യമുണ്ടായിരുന്നു. സുവീഷിനെ കാണാതായ ജൂലായ് 19ന് വൈകുന്നേരം ഹക്കീമും ഷമീറുമാണ് സുവീഷിനെ ബൈക്കിൽ കയറ്റി കൊണ്ടുപോയത്. യാക്കരപ്പുഴയുടെ ആളൊഴിഞ്ഞ ഭാഗത്ത് എത്തി ഇവർ മർദിക്കുകയും പിന്നീട് സംഘത്തിലെ ഓരോരുത്തരേയും വിളിച്ചു വരുത്തുകയുമായിരുന്നു. തുടർന്ന് എല്ലാവരും ചേർന്ന് സുവീഷിനെ മർദ്ദിച്ച് അവശനാക്കി അവിടെ ഉപേക്ഷിച്ച് പോയി. പിറ്റേന്ന് പുലർച്ചെ ഹക്കിം സംഭവസ്ഥലത്ത് എത്തിയപ്പോൾ സുവീഷ് മരിച്ചു കിടക്കുന്നത് കണ്ടു. ഈ പ്രദേശം സംഘത്തിന്റെ സ്ഥിരം താവളം കൂടിയാണ്. സുവീഷിന്റെ മൃതദേഹം ഒറ്റയ്ക്ക് മറവ് ചെയ്യാൻ ഹക്കീം ശ്രമം നടത്തി. എന്നാൽ ഒറ്റയ്ക്ക് സാധിക്കാതെ വന്നതോടെ വീട്ടിൽ പോയി കയർ എടുത്തുകൊണ്ടു വരികയും സുരാജിനെ വിളിച്ചു വരുത്തുകയും ചെയ്തു. തുടർന്ന് ഇരുവരും ചേർന്നാണ് കോൺക്രീറ്റിന്റെയും കരിങ്കല്ലിന്റെയും തൂണുകൾ ചേർത്തുകെട്ടി മൃതദേഹം ഒരാൾ താഴ്ചയുള്ള ചതുപ്പിൽ മറവ് ചെയ്തത്. പിന്നീട് അന്വേഷണം വഴിതെറ്റിക്കുന്നതിനായി സുവീഷിന്റെ ഫോൺ സ്വിച്ച് ഓഫാക്കി തമിഴ്‌നാട് ഭാഗത്തേക്ക് പോകുന്ന ലോറിയിൽ ഉപേക്ഷിക്കുകയും ചെയ്തു. എന്നാൽ ഫോൺ ലോറി ഡ്രൈവർ ലഭിക്കുകയും സുവീഷിന്റെ അമ്മയുടെ ഫോൺ വരികയും ചെയ്തതാണ് പിന്നീട് സംഭവത്തിന് വഴിത്തിരിവായത്. ലഹരിയുടെ കൂട്ടുകെട്ട് മരണത്തിലേക്ക് നയിച്ചു ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈ സംഘം കൂട്ടുകൂടുന്നത്. കൊല്ലപ്പെട്ട സുവീഷ് ഉൾപ്പടെ സംഘത്തിലെ എല്ലാവരുടെയും പേരിൽ വിവിധ സ്റ്റേഷനുകളിലായി ലഹരി ഉപയോഗം, അടിപിടി തുടങ്ങി നിരവധി കേസുകളുണ്ട്. ജോലിയില്ലാത്ത യുവാക്കാൾ കാർ വാടകയ്ക്ക് എടുത്ത് സ്ഥിരമായി യാത്ര ചെയ്തിരുന്നു. ഇതിന് വേണ്ട വരുമാനം ഇവർക്ക് എവിടുന്നു ലഭിക്കുന്നു, ഇവർ എവിടേക്കാണ് യാത്ര ചെയ്തിരുന്നത് തുടങ്ങിയ കാര്യങ്ങളിൽ ഇപ്പോഴും ദുരൂഹതയുണ്ട്. ഇത്തരത്തിൽ വാൽപ്പാറയിലേക്ക് യാത്ര പോയപ്പോഴാണ് കാർ ഇടിക്കുകയും ഭീമമായ തുക റിപ്പയറിങിന് ആവശ്യമായി വരികയും ചെയ്തത്. ഇതിന് സുവീഷ് കാശ് നൽകിയിരുന്നില്ല. സ്ഥിരമായി ലഹരി പദാർഥങ്ങൾ ഉപയോഗിക്കുന്നവർ ആണെങ്കിലും എവിടെ നിന്നാണ് ഇവർക്ക് ഇത് ലഭിക്കുന്നത് എന്ന കാര്യത്തിൽ പോലീസിന് വ്യക്തതയില്ല. ലഹരി വാങ്ങുന്നതിനുള്ള പണം എങ്ങനെ കണ്ടെത്തുന്നു എന്ന കാര്യത്തിനും തുമ്പില്ല. പ്രതികളുടെ പക്കൽനിന്ന് വിവിധ സാധനങ്ങൾ സുവീഷ് മോഷ്ടിച്ചിരുന്നതായി അവർ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ചിറ്റൂർ മേഖലയിൽ ലഹരി മരുന്ന് വിതരണം ചെയ്യുന്ന സംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ടോ എന്നും സംശയമുണ്ട്. ചിറ്റൂർ ഡി.വൈ.എസ്.പി.യുടെ സി. സുന്ദരന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ ജെ. മാത്യു, എസ്.ഐ. എം. മഹേഷ്‌കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ എ. മുഹമ്മദ് ഷെരീഫ്, എൻ. മഹേഷ്, പ്രദീപ് കുമാർ, മുകേഷ്, കണ്ണദാസ്, മോഹനൻ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....