1968ല്‍ ഡല്‍ഹിയില്‍ ജോലിക്കു പോയ കോട്ടയം പുതുപ്പള്ളി നാരായണന്‍ കുട്ടി കൂട്ടുകാരന്‍ തോമസ്‌കുട്ടിക്ക് എഴുതിയ കത്ത് കിട്ടിയത് മാസങ്ങള്‍ കഴിഞ്ഞ്. കോട്ടയത്തു പോകേണ്ട കത്ത് നേരെ പോയത് ആലപ്പുഴ ജില്ലയിലെ പുതുപ്പള്ളിയിലേക്കാണ്. വിലാസക്കാരനെ തപ്പി നടന്ന പോസ്റ്റുമാന്‍ ആഴ്ചകള്‍ കഴിഞ്ഞാണ് ഈ കത്തിലെ വിലാസക്കാരന്‍ കോട്ടയം പുതുപ്പള്ളിക്കാരനാണെന്നു തിരിച്ചറിഞ്ഞ് കത്ത് വഴിതിരിച്ചു വിട്ട് തോമസ് കുട്ടിയുടെ കയ്യിലെത്തിച്ചത്. തപാല്‍ വകുപ്പിന്റെ ഈ ഗതികേടു ഇല്ലാതായത് 1972 ഓഗസ്റ്റ് 15നാണ്. ഇന്നേക്ക് 50 വര്‍ഷം മുന്‍പ്. പോസ്റ്റ്മാന്‍ ഇപ്പോള്‍ ഒരു കത്ത് നമ്മുടെ കയ്യിലേക്കു നീട്ടുമ്പോള്‍, കിലോമീറ്ററുകള്‍ താണ്ടി ഇതെങ്ങനെ നമ്മളെത്തേടി കൃത്യമായി എത്തി എന്നാരും ചിന്തിക്കാറേയില്ല. എഴുത്തും സന്ദേശവുമെല്ലാം കൂടുതലും ഇലക്ട്രോണിക് മെയിലിലായ ഇക്കാലത്ത്, കത്തെഴുതുന്നതും മറ്റും പതിയെ ഓര്‍മയാവുമ്പോഴും തപാല്‍ കൃത്യമായി എത്തുന്നതിന്റെ വഴിയെന്തെന്നു ചിന്തിക്കുന്നവര്‍ ഏറെയാണ്. ഏതാണ്ട് 15 വര്‍ഷം മുന്‍പു വരെ നമുക്കെല്ലാം എന്തിനും ഏതിനും ആശ്രയമായിരുന്നു നമ്മുടെ തപാല്‍ വകുപ്പും തപാലാപ്പീസും!. രണ്ട് നൂറ്റാണ്ടിലേറെ പഴക്കമുള്ള നമ്മുടെ തപാല്‍ സമ്പ്രദായം ഇന്നും ലോകത്തെ ഏറ്റവും വിശ്വസ്തവും വിപുലവുമായ അദ്ഭുത സംവിധാനമായി കൈത്തുമ്പിലുണ്ട്. ഒരു കയ്യില്‍നിന്ന് മൈലുകള്‍ക്കകലെ മറുകയ്യില്‍ പിഴവില്ലാതെ കത്തുകളെത്തിക്കാന്‍ ആധുനിക ഇന്ത്യ വികസിപ്പിച്ചെടുത്ത പിന്‍കോഡ് സംവിധാനത്തിന് ഇന്ന് (ഓഗസ്റ്റ് 15) സുവര്‍ണ ജൂബിലി. 1972 ഓഗസ്റ്റ് 15നാണ് ഇന്ത്യയില്‍ പിന്‍കോഡ് നിലവില്‍ വന്നത്. വളരെ ശാസ്ത്രീയമായി രൂപപ്പെടുത്തിയ ആറക്കങ്ങളുള്ള പിന്‍കോഡ് സമ്പ്രദായം ഇന്ത്യയിലെ ഗ്രാമങ്ങളെയും നഗരങ്ങളെയുമെല്ലാം പിഴവില്ലാതെ ബന്ധിപ്പിക്കുന്നു. ഒരു കൈയില്‍നിന്ന് മറുകൈയിലേക്കു കത്തുകളും മാസികകളും മണിയോര്‍ഡറും മറ്റുള്ളവയുമെല്ലാം എത്തിക്കൊണ്ടേയിരിക്കുന്നു. വിദേശങ്ങളിലേക്കുള്ള തപാലും വിദേശങ്ങളില്‍നിന്നുള്ളവയും വിലാസക്കാരനെത്തേടി കൃത്യമായെത്തുന്നതിന്റെ ശാസ്ത്രവും 1972 ഓഗസ്റ്റ് 15ന് നിലവില്‍ വന്ന പോസ്റ്റല്‍ ഇന്‍ഡക്‌സ് കോഡ് നമ്പര്‍ എന്ന പിന്‍കോഡാണ്. വളരെ സങ്കീര്‍ണമായിരുന്ന തപാല്‍ വിതരണം സുഗമമാക്കാന്‍ കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിലെ അഡീഷനല്‍ സെക്രട്ടറിയായിരുന്ന ശ്രീറാം ഭിക്കാജി വേലന്‍കറാണ് പിന്‍കോഡ് വികസിപ്പിച്ചെടുത്തത്. ഈ ആറക്ക നമ്പര്‍ രാജ്യത്തെ തപാല്‍ വിതരണത്തിലെ കുഴമറിച്ചില്‍ ഇല്ലാതാക്കി. പല സ്ഥലപ്പേരുകളും ഉച്ചരിക്കാന്‍ പോലും പറ്റാത്തതും ഒരേ പേരിലുള്ള സ്ഥലങ്ങള്‍ ഏറെ ഉണ്ടായതുമെല്ലാമാണ് പിന്‍കോഡ് സൃഷ്ടിയുടെ പിന്നിലെന്നാണു കഥ. മുന്‍പ് സോണ്‍ നമ്പര്‍ പിന്‍കോഡ് നിലവില്‍ വരുന്നതിനു മുന്‍പ് സോണ്‍ നമ്പര്‍ സമ്പ്രദായത്തിലായിരുന്നു തപാല്‍ വിലാസക്കാരെ തേടിയിരുന്നത്. മുഖ്യമായും നഗരങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു സോണ്‍ നമ്പരുകളെങ്കില്‍ പിന്‍കോഡ് വന്നതോടെ ഓരോ പോസ്റ്റോഫിസിനും ഒരു നമ്പര്‍ ഉണ്ടാവുകയും തപാല്‍ തരം തിരിക്കലും വിതരണവും എളുപ്പമാവുകയും ചെയ്തു. എന്നാല്‍ മുന്‍ സോണ്‍ നമ്പരുകളെ അടിസ്ഥാനമാക്കി ഉണ്ടാക്കിയ ശാസ്ത്രീയ പുനര്‍നിര്‍മാണം തന്നെയാണു പിന്‍കോഡ് എന്നതില്‍ സംശയമില്ല. സോണായിരുന്നപ്പോള്‍ നഗരങ്ങള്‍ 1,2,3... എന്നിങ്ങനെയായിരുന്നു നമ്പരുകള്‍ ഉദാ. തിരുവനന്തപുരം -1. വലിയ നഗരങ്ങളില്‍ കൂടുതല്‍ നമ്പരുകളും ചെറിയ നഗരങ്ങളില്‍ കുറച്ചു നമ്പരുകളുമായിരുന്നു ഉണ്ടായിരുന്നത്. മുന്‍ കാലങ്ങളില്‍ ഒരേ പേരിലുള്ള ഒട്ടേറെ സ്ഥലങ്ങള്‍ ഏറെ ആശയക്കുഴപ്പം സൃഷ്ടിച്ചു. കേരളത്തില്‍പ്പോലും ഒരേ പേരിലുള്ള ഒട്ടേറെ പോസ്റ്റ് ഓഫിസുകള്‍ ഉണ്ടായിരുന്നു. അടൂരും പുതുപ്പള്ളിയുമെല്ലാം ഇങ്ങനെ തപാല്‍ വകുപ്പിനെ വെള്ളം കുടിപ്പിച്ചെങ്കില്‍, പോസ്റ്റോഫിസ് ഗൈഡിന്റെ രണ്ട് പേജുകള്‍ നിറച്ച സ്ഥലപ്പേരാണു വിവിധ സംസ്ഥാനങ്ങളിലായുള്ള റാംപുര്‍ എന്ന സ്ഥലനാമം. പിന്‍കോഡ് എന്നാല്‍ പോസ്റ്റ് ഓഫിസുകളെ നമ്പര്‍ ചെയ്യുന്ന രീതിയാണ് പിന്‍ കോഡ് എന്ന് ലളിതമായി പറയാം. സിപ് കോഡ് എന്നും ഏരിയ കോഡെന്നും പറയാറുണ്ട്. ആറക്കമാണ് നമ്മുടെ പിന്‍ കോഡിനുള്ളത്. ആദ്യ അക്കം പോസ്റ്റല്‍ സോണിനെ സൂചിപ്പിക്കുന്നു. രണ്ടാം അക്കം സംസ്ഥാനം ഉള്‍പ്പെടെ സബ് സോണിനെ സൂചിപ്പിക്കുന്നു. മൂന്നാം അക്കം തപാല്‍ തരം തിരിവിനുള്ള പ്രാദേശിക മേഖലയെ സൂചിപ്പിക്കുന്ന സോര്‍ട്ടിങ് സോണിനെ സൂചിപ്പിക്കുന്നു. നാല്, അഞ്ച്, ആറ് അക്കങ്ങള്‍ വിലാസക്കാരന്റെ പോസ്റ്റ് ഓഫിസ് സൂചിപ്പിക്കുന്നു. ഒന്‍പത് സോണുകള്‍ ഇന്ത്യ തപാല്‍ മേഖലയെ ഒന്‍പത് സോണുകള്‍ അഥവാ മേഖലയായി തിരിച്ചിട്ടുണ്ട്. എട്ടെണ്ണം റീജനല്‍ സോണും ഒന്‍പതാമത്തേത് ഫംഗ്ഷനല്‍ (ആര്‍മി) സോണായും അറിയുന്നു. ഈ സോണുകളുടെ അടിസ്ഥാനത്തിലാണ് ഓരോ പിന്‍കോഡും തുടങ്ങുന്നത്. ഒന്നാം സോണില്‍ ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഹിമാചല്‍, ജമ്മു കശ്മീര്‍, ചണ്ഡീഗഡ് എന്നീ സംസ്ഥാനങ്ങളിലെ പിന്‍കോഡ് തുടങ്ങുന്നത് ഒന്ന് എന്ന അക്കത്തിലാണ്. ഉത്തര്‍പ്രേദശ്, ഉത്തരാഖണ്ഡ് (2), രാജസ്ഥാന്‍, ഗുജറാത്ത്, ദമന്‍ ദിയു, നഗര്‍ഹവേലി (3), മഹാരാഷ്ട്ര, ഗോവ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് (4), തെലങ്കാന, ആന്ധ്ര, കര്‍ണാടക (5), തമിഴ്‌നാട്, കേരളം, ലക്ഷദ്വീപ്, പുതുച്ചേരി (6), ബംഗാള്‍, ഒഡീഷ, അരുണാചല്‍, നാഗലാന്‍ഡ്, മണിപ്പുര്‍, മിസോറം, ത്രിപുര, മേഘാലയ, ആന്‍ഡമാന്‍, അസം, സിക്കിം (7) ബിഹാര്‍, ജാര്‍ഖണ്ഡ് (8) എന്നിവയിലും തുടങ്ങുമ്പോള്‍ ആര്‍മി പോസ്റ്റ് ഓഫിസുകളുടെയും ഫീല്‍ഡ് പോസ്റ്റോഫിസുകളുടെയും പിന്‍കോഡ് നമ്പര്‍ 9ല്‍ ആരംഭിക്കും. ഇത് മനസ്സിലാക്കിയാല്‍ ആദ്യ അക്കം കൊണ്ടുതന്നെ കത്ത് എവിടേക്കാണെന്നു വ്യക്തമാണ്. ഇതുവഴി അവിടേക്കുള്ള തരംതിരിക്കല്‍ എളുപ്പമാവുന്നു. ഒന്നര ലക്ഷം പോസ്റ്റ് ഓഫിസുകള്‍ രാജ്യത്താകമാനം 1,56,721 പോസ്റ്റ് ഓഫിസുകളാണ് പ്രവര്‍ത്തിക്കുന്നത്. 2021ലെ കണക്കനുസരിച്ച് 4,16,083 ജീവനക്കാരാണു തപാല്‍ വകുപ്പിലുള്ളത്. ജനസാന്ദ്രതയുടെ അടിസ്ഥാനത്തിലാണു പോസ്റ്റോഫിസുകള്‍ സ്ഥാപിക്കുന്നത്. ഏറ്റവുമധികം പോസ്റ്റോഫിസുള്ള സംസ്ഥാനം യുപിയാണ്. 17,674. രണ്ടാമത് മഹാരാഷ്ട്രയും (12,610) മൂന്നാം സ്ഥാനം തമിഴ്‌നാടിനുമാണ് (11,870). ഏറ്റവും കുറവ് ലക്ഷദ്വീപിലാണ് 10. ദാദ്ര നഗര്‍ഹവേലിയില്‍ 39 എണ്ണവും ദമനില്‍ 20, ചണ്ഡീഗഡില്‍ 53 എന്നിങ്ങനെയാണ് പോസ്റ്റോഫിസുകളുള്ളത്. തലസ്ഥാനമായ ഡല്‍ഹിയില്‍ 545. അതുകൊണ്ട് തന്നെ ജനസാന്ദ്രത കൂടിയ സംസ്ഥാനമായിരുന്ന കേരളത്തില്‍ മിക്കയിടത്തും പോസ്റ്റോഫിസുണ്ട്. 5058 എണ്ണം. തപാലിന്റെ തുടക്കം ഇന്ത്യയില്‍ തപാലിന്റെ തുടക്കം ബ്രിട്ടിഷ് ഭരണകാലത്തു തുടങ്ങിയതാണ്. ഈസ്റ്റ് ഇന്ത്യ കമ്പനി 1727ല്‍ കൊല്‍ക്കത്തയില്‍ ആദ്യ പോസ്റ്റ് ഓഫിസ് തുടങ്ങി. 1774ല്‍ കൊല്‍ക്കത്തയില്‍ ആദ്യ ജിപിഒയ്ക്ക് തുടക്കമായി. ബ്രിട്ടന്റെ തപാല്‍ സമ്പ്രദായം തന്നെയാണു നമ്മള്‍ ഇപ്പോഴും പിന്‍തുടരുന്നത്. ലോകത്തെ ഏറ്റവും ഉയരമുള്ള തപാല്‍ ഓഫിസ് ഇന്ത്യയുടെ സ്വന്തമാണ്. ഹിമാചലില്‍ 4400 മീറ്റര്‍ ഉയരെയുള്ള സ്പിതി താഴ്വരയിലെ ഹിക്കിമാണ് ഏറ്റവും ഉയരത്തിലുള്ള പോസ്റ്റ് ഓഫിസ്. ഇന്ത്യയുടെ പുറത്തും നമുക്കൊരു തപാലോഫിസുണ്ട്. അത് അന്റാര്‍ട്ടിക്കയിലെ ദക്ഷിണ ഗംഗോത്രിയിലാണ്.1984 ഫെബ്രുവരി 24ന് പ്രവര്‍ത്തന സജ്ജമായി. ഇന്ത്യന്‍ സ്പീഡ്‌പോസ്റ്റ് സമ്പ്രദായം തുടങ്ങിയത് 1986ല്‍ ആണ്. കേരളത്തില്‍ എറണാകുളത്താണ് ആദ്യ സ്പീഡ് പോസ്റ്റ് കൗണ്ടര്‍ തുടങ്ങിയത്. നാട്ടുരാജ്യങ്ങള്‍ക്കും തപാല്‍ ബ്രിട്ടിഷ് സമ്പ്രദായത്തെ പിന്‍പറ്റി ഇന്ത്യയിലെ നാട്ടുരാജ്യങ്ങളും സ്വന്തമായി തപാല്‍ സംവിധാനം തുടങ്ങിയിരുന്നു. ഇവ പില്‍ക്കാലത്ത് ഇന്ത്യന്‍ പോസ്റ്റല്‍ സംവിധാനത്തിന്റെ ഭാഗമായി. സ്വന്തമായി തപാല്‍ സ്ഥാപിച്ച ആദ്യ നാട്ടുരാജ്യം തിരുവിതാംകൂറാണ്. പില്‍ക്കാലത്ത് മൈസൂര്‍, മലബാര്‍ നാട്ടുരാജ്യങ്ങള്‍ക്കുമെല്ലാം സ്വന്തമായി തപാല്‍ സംവിധാനം ഉണ്ടായിരുന്നു. തിരുവിതാംകൂറിലെ സംവിധാനം 'അഞ്ചല്‍ 'എന്നാണ് അറിയപ്പെട്ടത്. തപാല്‍ എത്തിച്ചിരുന്ന ആളെ അഞ്ചലോട്ടക്കാരന്‍ എന്നാണ് വിളിച്ചിരുന്നത്. ബ്രിട്ടിഷ് സംവിധാനത്തില്‍തന്നെ പണം അയയ്ക്കുന്നതിനുള്ള ഓര്‍ഡര്‍ സമ്പ്രദായം തപാല്‍ വകുപ്പില്‍ ഉണ്ടായിരുന്നു.1880ല്‍ ഇന്ത്യയില്‍ നിലവില്‍ വന്നു. സ്റ്റാംപ് ഉപയോഗിച്ച് തപാല്‍ ചെലവ് ഈടാക്കി തുടങ്ങിയത് 1854ല്‍ ആണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....