ബിജെപി പോര് രൂക്ഷം എന്‍ഡിഎ യോഗങ്ങള്‍ മാറ്റുന്നു
കേരളത്തിലെ ബി ജെ പി യിലെ ഗ്രൂപ്പ് പോര് രൂക്ഷമായതിനെ തുടര്‍ന്ന് വിളിച്ചു ചേര്‍ത്ത മുന്നണി യോഗങ്ങളും മാറ്റി. നാളെ രാവിലെ കോട്ടയത്തെ ഒരു ബാര്‍ ഹോട്ടലില്‍ ചേരാന്‍ തീരുമാനിച്ചിരുന്നു എന്‍ ഡി എ യോഗമാണ് മാറ്റിയത്.
തുഷാര്‍ വെള്ളാപ്പള്ളിയും , കെ സുരേന്ദ്രനും പങ്കെടുക്കുമെന്ന് അറിയിച്ചെങ്കിലും ഇന്നലെ വൈകിട്ടോടെ യോഗം മാറ്റിയതായി അറിയിക്കുകയായിരുന്നു. വൈകിട്ട് അറുമണിക്ക് തുഷാര്‍ വെള്ളാപ്പള്ളി എത്താം എന്ന് അറിയിച്ചെങ്കിലും തങ്ങളില്ലന്ന നിലപാടിലേക്ക് ബിജെപി കോട്ടയം ജില്ലനേതാക്കള്‍ മാറി.
സ്വര്‍ണകള്ളക്കടത്തു കേസില്‍ പ്രതിരോധത്തിലായ കേന്ദ്ര വിദേശ സഹമന്ത്രി വി മുരളീധരനും സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും ബിജെപിയില്‍ ഒറ്റപ്പെട്ടതോടെയാണ് പരിപാടികള്‍ മുഴുവന്‍ അവതാളത്തില്‍ ആയത്.
കേന്ദ്ര നേതൃത്വത്തിന്റെ സഹായത്തോടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനം പിടിച്ചെടുത്തെങ്കിലും സംഘടനയെ ചലിപ്പിക്കാന്‍ കഴിയാതെ കുഴങ്ങുകയാണ് ഇവര്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിനിര്‍ണയം ആര്‍എസ്എസ് ഏറ്റെടുക്കാന്‍ തീരുമാനിച്ചിരിക്കയാണ്. തങ്ങള്‍ നിര്‍ദേശിക്കുന്നവരെ സ്ഥാനാര്‍ഥിയാക്കിയില്ലെങ്കില്‍ പ്രചാരണരംഗത്തുനിന്ന് മാറിനില്‍ക്കുമെന്ന് ആര്‍എസ്എസ് ഭീഷണി മുഴക്കി കഴിഞ്ഞു. ഇവരോട് ആലോചിക്കാതെ കോട്ടയത്ത് ഒരു ദിവസം നീണ്ടു നില്‍ക്കുന്ന യോഗം വിളിച്ചതാണ് അവസാന നിമിഷം മാറ്റാന്‍ കാരണം.
സുരേന്ദ്രനെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിയാല്‍ ഈഴവ സമുദായം അകലുമോ എന്ന ഭീതി ഉള്ളതുകൊണ്ടാണ് ഇപ്പോള്‍ കേന്ദ്രനേതൃത്വം അതിന് മുതിരാത്തത്. പ്രബലമായ പി കെ കൃഷ്ണദാസ്പക്ഷവും ആര്‍എസ്എസും മുരളീധരന്‍ ഗ്രൂപ്പുമായി ഇടഞ്ഞുതന്നെ നില്‍ക്കുകയാണ്. ഇവരുടെ നിസ്സഹകരണം മൂലം ഒരു പരിപാടിപോലും സംഘടിപ്പിക്കാന്‍ ബിജെപിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. അറ്റകൈ എന്ന നിലയില്‍ നേതൃമാറ്റം പരിഗണനയില്‍ ഉണ്ട്.
സ്വര്‍ണക്കടത്തു കേസില്‍ വി മുരളീധരന്റെ വിശ്വസ്തനായ ജനം ടിവി കോ--ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ പ്രതിക്കൂട്ടിലായതോടെ ചാനല്‍ ചര്‍ച്ചകളില്‍നിന്നുപോലും മാറി നില്‍ക്കുകയാണ് കൃഷ്ണദാസ്പക്ഷം.
സ്വര്‍ണക്കടത്തുകേസില്‍ തുടക്കംമുതല്‍ വി മുരളീധരന്‍ സ്വീകരിച്ച നിലപാട് ബിജെപിയെ പ്രതിരോധത്തിലാക്കിയെന്ന അഭിപ്രായമാണ് കൃഷ്ണദാസ്പക്ഷത്തിനും ആര്‍എസ്എസിനും. സ്വര്‍ണം കൊണ്ടുവന്നത് നയതന്ത്രബാഗിലല്ല എന്നു തുടങ്ങി ജനം ടിവിയെ തള്ളിപ്പറഞ്ഞതുവരെ ബിജെപിയിലെ ആഭ്യന്തരചര്‍ച്ചകളി ല്‍ സജീവമാണ്.
ഇതുസംബന്ധിച്ച് കൃഷ്ണദാസ്പക്ഷം കേന്ദ്രത്തിന് പരാതി നല്‍കിയിരുന്നു. കെ സുരേന്ദ്രനെ പ്രസിഡന്റാക്കിയതിനെത്തുടര്‍ന്നാണ് ആര്‍എസ്എസ് നിസ്സഹകരണം തുടങ്ങിയത്. കൃഷ്ണദാസ്പക്ഷത്തെ എ എന്‍ രാധാകൃഷ്ണന്‍ സഹഭാരവാഹിത്വം ഏറ്റെടുക്കാതെ മാറി നിന്നു. പിന്നീട് കോര്‍ കമ്മിറ്റിയിലുള്‍പ്പെടുത്തിയാണ് അനുനയിപ്പിച്ചത്. മറ്റൊരു ഭാരവാഹിയായ ശോഭ സുരേന്ദ്രന്‍ ഇതുവരെ ചുമതല ഏറ്റെടുത്തിട്ടില്ല. മുന്‍ ഭാരവാഹികളും മുതിര്‍ന്ന നേതാക്കളുമായ കെ പി ശ്രീശന്‍, പി എം വേലായുധന്‍, എം എസ് കുമാര്‍, എന്‍ ശിവരാജന്‍ തുടങ്ങി നേതാക്കളും പ്രവര്‍ത്തകരും നേതൃത്വവുമായി സഹകരിക്കാതെ നില്‍ക്കുകയാണ്. വി മുരളീധരന്റെയും കെ സുരേന്ദ്രന്റെയും ഏകപക്ഷീയ പ്രവര്‍ത്തനശൈലിയുമായി യോജിക്കില്ലെന്ന നിലപാടിലാണിവര്‍.