കോര്‍പറേറ്റ് കൃഷിക്കെതിരെ സഹകരണ വിജയം
'സുഭിക്ഷകേരളം' അടക്കമുള്ള പദ്ധതികള്‍വഴി കാര്‍ഷിക ഉല്‍പ്പാദനരംഗത്ത് വന്‍ വര്‍ധന ഉണ്ടാകുമ്പോള്‍ കര്‍ഷകര്‍ക്ക് ന്യായവില ലഭ്യമാകുന്ന വിപണി പിന്തുണ ഉറപ്പുവരുത്തുകയാണ് ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റി. ന്യായവിലയ്ക്ക് ഗുണമേന്മയുള്ളവ ഉപഭോക്താവിന് മൊബൈല്‍ ആപ് വഴി വീടുകളില്‍ എത്തിക്കുന്നു.
ഇടത്തട്ടുകാരുടെ ചൂഷണം ഒഴിവാക്കി കൃഷിക്കാര്‍ക്ക് ഉയര്‍ന്ന വില ലഭ്യമാക്കുന്ന ആധുനിക സഹകരണ കൃഷിയുടെ ആദ്യ മാതൃകയായി കേരള സര്‍ക്കാര്‍ ബ്രഹ്മഗിരിവഴി നടപ്പാക്കിയ പദ്ധതിയാണ് കേരള ചിക്കന്‍. സ്വകാര്യമേഖലയില്‍ ഒരു കിലോ കോഴിയിറച്ചി ജീവതൂക്കം 6 രൂപവരെ ലഭിക്കുമ്പോള്‍ ബ്രഹ്മഗിരി ഫാമിലെ കര്‍ഷകര്‍ക്ക് 11 രൂപവരെ ലഭിക്കുന്നു. ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് തുടങ്ങിയ ഇ മാര്‍ക്കറ്റുകള്‍ വന്‍കിടവ്യവസായ കമ്പനികളുടെ മാര്‍ക്കറ്റ് സ്‌പേസ് ആയാണ് പ്രവര്‍ത്തിക്കുന്നത്. സാങ്കേതികവിദ്യ ഉപയോഗിച്ച് കാര്‍ഷിക ഭക്ഷ്യ ഉല്‍പ്പന്ന വ്യാപാരത്തിലൂടെ മൂലധനശക്തികള്‍ ഉയര്‍ന്ന ലാഭം കൈയടക്കുകയാണ്.
എന്നാല്‍, ആധുനിക സഹകരണ കൃഷി എന്നനിലയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച സുഭിക്ഷ കേരളം എഫ്ടിഎം പദ്ധതികള്‍ കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും താല്‍പ്പര്യങ്ങളാണ് സംരക്ഷിക്കുക. അംഗങ്ങളാകുന്ന ഓരോ കര്‍ഷകന്റെയും കൃഷിയിടങ്ങളെ ഐടിവല്‍ക്കരിച്ച് കാര്‍ഷികാസൂത്രണ പദ്ധതി (ഫാം പ്ലാനിങ്) നടപ്പാക്കാന്‍ സോഫ്റ്റ്വെയര്‍ പിന്തുണ എഫ്ടിഎം ഉറപ്പുവരുത്തുന്നു. കര്‍ഷകരെ രജിസ്റ്റര്‍ ചെയ്ത് അവരുടെ ഡാറ്റ രേഖപ്പെടുത്തി വിശകലനം ചെയ്യുന്നു. ഭൂമിയുടെ ഫലഭൂയിഷ്ടത, ജലലഭ്യത, വിത്ത്, വളം, കാര്‍ഷിക ഉപകരണങ്ങള്‍, വിദഗ്ധ തൊഴിലാളികള്‍ തുടങ്ങി എല്ലാ ഉല്‍പ്പാദനോപാധികളും സോഫ്റ്റ്വെയര്‍ നിയന്ത്രണത്തിലൂടെ മെച്ചപ്പെടുത്തി ഉല്‍പ്പാദനക്ഷമത ഉയര്‍ത്താനും ഉല്‍പ്പാദനച്ചെലവ് കുറയ്ക്കാനും സഹായിക്കുന്നു.
വിള രോഗങ്ങള്‍, പ്രകൃതി ദുരന്തം, വന്യമൃഗശല്യം എന്നിവ മൂലമുള്ള നഷ്ടം കണക്കാക്കി കാര്‍ഷിക വരുമാനത്തില്‍ നിന്നുള്ള മിച്ചത്തിലൂടെ ഇന്‍ഷുറന്‍സ്, നഷ്ടപരിഹാരം എന്നിവ ഉറപ്പുവരുത്താനും പദ്ധതി ലക്ഷ്യമിടുന്നു. കൃഷിയിടത്തില്‍ത്തന്നെ പ്രാഥമിക മൂല്യവര്‍ധന നടത്തിയാണ് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുക. അവ പ്രാദേശികമായി സംഘങ്ങള്‍ രൂപീകരിച്ച് അവയുടെ നേതൃത്വത്തില്‍ പാക്ക് ഹൗസുകള്‍, വെയര്‍ ഹൗസുകള്‍ എന്നിവയിലൂടെ സംരക്ഷിക്കുന്നു. വിഎഫ്പിസികെ, ഹോര്‍ട്ടികോര്‍പ്, മാര്‍ക്കറ്റ് ഫെഡ്, കണ്‍സ്യൂമര്‍ ഫെഡ് തുടങ്ങി സഹകരണ വകുപ്പിന്റെയും സിവില്‍ സപ്ലൈസ് വകുപ്പിന്റെയും ക്ഷീരവകുപ്പിന്റെയും നിയന്ത്രണത്തിലുള്ള സംഭരണ സംസ്‌കരണ വിപണന സംവിധാനം, ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ എന്നിവയെല്ലാം പരസ്പരം സഹകരിച്ച് വിപണിയെ വികസിപ്പിക്കുകയാണ് ലക്ഷ്യം.
കര്‍ഷകരെ വിള അടിസ്ഥാനത്തില്‍ കൂട്ടായ്മ വികസിപ്പിച്ച് എഫ്ടിഎമ്മില്‍ പങ്കാളികളാക്കുന്നു. വിത്ത് മുതല്‍ വിപണിവരെയുള്ള കാര്‍ഷിക സംഭരണ-സംസ്‌കരണ വിപണന പ്രവര്‍ത്തനങ്ങളില്‍ കര്‍ഷകരുടെ നേതൃത്വപരമായ പങ്ക് ഉറപ്പുവരുത്തുന്നതിലൂടെ ഇടത്തട്ടുകാരെ ഒഴിവാക്കി ചെലവുകഴിഞ്ഞു ലഭിക്കുന്ന മിച്ചം കര്‍ഷകര്‍ക്ക് അധിക വിലയും ഫാം തൊഴിലാളികള്‍ക്ക് അധിക വേതനവുമായി ലഭ്യമാക്കാന്‍ സാധിക്കും. ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ മൊത്ത ചില്ലറ വിതരണ സംവിധാനത്തിലൂടെ ഇ മാര്‍ക്കറ്റിങ് സങ്കേതം ഉപയോഗപ്പെടുത്തി എഫ്ടിഎം വിതരണ സംവിധാനത്തിലൂടെയും ഔട്ട്ലെറ്റുകളിലൂടെ ഹോം ഡെലിവറി ആയും ലഭ്യമാക്കുന്നു. പൂര്‍ണമായും പദ്ധതി നടപ്പാകുന്ന ഘട്ടത്തില്‍ എല്ലാ ഭക്ഷ്യ ഉല്‍പ്പന്നങ്ങളും എഫ്ടിഎമ്മില്‍ ലഭ്യമാകുന്നതാണ്.