ചുരുങ്ങിയ പക്ഷം പലിശ എങ്കിലും ഒഴിവാക്കണം
കര്‍ഷകരും ചെറുകിടക്കാരു ടെയും സാമ്പത്തിക പ്രതിസന്ധി മോറട്ടോറിയംകൊണ്ടു പരിഹരിക്കപ്പെടില്ല. ചുരുങ്ങിയപക്ഷം പലിശയെങ്കിലും എഴുതിത്തള്ളണമെന് ആവശ്യം ശക്തമാവുന്നു
കോവിഡ് പ്രതിസന്ധി നീളുന്നതിന്റെ ഒരു വലിയ പ്രത്യാഘാതം സാമ്പത്തിക ഞെരുക്കം രൂക്ഷമാകുന്നതാണ്. രാജ്യങ്ങളുടെ മാത്രമല്ല വ്യക്തികളുടെ കാര്യത്തിലും ഇതു സംഭവിക്കുന്നു. സമ്പന്ന വിഭാഗങ്ങളും ശമ്പളക്കാരും ഒഴികെയുള്ളവരെല്ലാംതന്നെ വല്ലാതെ ക്ലേശിക്കുകയാണ്. വരുമാനം നിലച്ച കൃഷിക്കാരുടെയും ദിവസക്കൂലിക്കാരുടെയുമൊക്കെ കാര്യമാണ് ഏറെ കഷ്ടം. ഭക്ഷണത്തിനുപോലും വക കാണാതെ ബുദ്ധിമുട്ടുന്നവരുണ്ട്.
കോവിഡ് പ്രതിസന്ധി നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലക്ഷം കോടികളുടെ പാക്കേജുകളിലൊന്നും ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള പ്രായോഗിക നിര്‍ദേശങ്ങളില്ല.ചെറുകിട- ഇടത്തരം കര്‍ഷകര്‍ ഒട്ടുമിക്കവരും കൃഷിയിറക്കുന്നതു പണം കടമെടുത്താണ്. കൃഷിയില്‍നിന്നു? ലഭിക്കുന്ന ആദായംകൊണ്ടു വായ്പ തിരിച്ചടയ്ക്കാമെന്നു കണക്കുകൂട്ടിയവരൊക്കെ വല്ലാത്ത വിഷമവൃത്തത്തിലാണ്ു. മക്കളുടെ വിദ്യാഭ്യാസം, ഭവനനിര്‍മാണം, വാഹനംവാങ്ങല്‍ തുടങ്ങിയ മിക്ക കാര്യങ്ങള്‍ക്കും വായ്പയെ ആശ്രയിക്കുന്നവരാണു സാധാരണക്കാര്‍. വായ്പയെടുത്തു വീടുവച്ചവരും മക്കളെ വിദ്യാഭ്യാസത്തിനയച്ചവരും ഓട്ടോറിക്ഷയും ഇരുചക്രവാഹനങ്ങളുമൊക്കെ വാങ്ങിയവരും തിരിച്ചടവ് എങ്ങനെ നടത്തുമെന്നറിയാതെ തീ തിന്നുകയാണിന്ന്. കടക്കെണിയില്‍നിന്നു കയറാന്‍ അവര്‍ മാര്‍ഗമൊന്നും കാണുന്നില്ല.
കാര്‍ഷികവായ്പകള്‍ക്കു മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടല്ലോ എന്നാണ് കേന്ദ്ര സര്‍ക്കാരിനു പറയാനുള്ള ന്യായം. മോറട്ടോറിയം എന്നാല്‍ വായ്പ തിരിച്ചടയ്ക്കാനുള്ള കാലാവധി നീട്ടിനല്‍കല്‍ മാത്രമാണ്. ഇങ്ങനെ നീട്ടിനല്‍കുന്ന കാലത്തേക്കുള്ള പലിശയും കൂട്ടുപലിശയുമെല്ലാം വായ്പയെടുത്തവര്‍ അടയ്ക്കണം. ഫലത്തില്‍ ഇതു ബാങ്കുകളെ സഹായിക്കുന്ന ഒരു ക്രമീകരണം മാത്രമായി മാറുന്നു. കര്‍ഷകര്‍ക്കും ഇതില്‍ ചിലപ്പോള്‍ താത്കാലികാശ്വാസം തോന്നാമെങ്കിലും അവരുടെ ചുമലിലേക്കു കൂടുതല്‍ ഭാരം എടുത്തുവയ്ക്കുകയാണ് അധികൃതര്‍ ചെയ്യുന്നത്. കര്‍ഷകരുടെയും സാധാരണക്കാരുടെയും ക്ഷേമം ലക്ഷ്യം വയ്ക്കുന്ന സര്‍ക്കാരുകള്‍ ചെയ്യേണ്ടതു പലിശയും കൂട്ടുപലിശയുമെങ്കിലും എഴുതിത്തള്ളുകയാണ്.
പക്ഷേ, കോവിഡ് മഹാമാരി അസാധാരണമായ പ്രതിസന്ധിയാണെന്ന വസ്തുത കണക്കിലെടുത്തു കര്‍ഷകര്‍ക്കും ചെറുകിട- ഇടത്തരം സംരംഭകര്‍ക്കുമൊക്കെ ആശ്വാസങ്ങള്‍ അനുവദിക്കാന്‍ ബാങ്കുകളും തയാറാകണം.
അതടയ്ക്കാന്‍ നിര്‍വാഹമില്ലാത്തവരോടു ജപ്തിഭീഷണി മുഴക്കുന്നു. ഈ കാര്‍ക്കശ്യം വന്‍കിടക്കാരോടില്ല എന്നിടത്താണ് ഇരട്ടത്താപ്പ്. ഈ കോവിഡ് കാലത്തുതന്നെ അന്പതുപേരുടെ പേരിലുള്ള 68,607 കോടി രൂപയുടെ കിട്ടാക്കടം ബാങ്കുകള്‍ എഴുതിത്തള്ളി. ഇത്തരം വന്‍കിടക്കാരോടു കാണിക്കുന്ന കനിവിന്റെ പത്തിലൊന്നെങ്കിലും പാവപ്പെട്ട കര്‍ഷകരോടു കാണിച്ചിരുന്നെങ്കില്‍!രാജ്യത്തെ 15 പ്രമുഖ ദേശസാത്കൃത ബാങ്കുകളില്‍ 2,426 അക്കൗണ്ടുകളില്‍ മാത്രമായി 1,47,350 കോടി രൂപ കിട്ടാക്കടമായുണ്ട് എന്നാണു കണക്കുകള്‍. ഇതില്‍ 32,737 കോടി രൂപയും 33 പേരുടേതാണ്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐക്കു മാത്രം 43,737 കോടി രൂപയാണ് വന്പന്മാരില്‍നിന്നു വായ്പാ കുടിശികയായി കിട്ടാനുള്ളത്. മറ്റു പല ബാങ്കുകള്‍ക്കും ഇതുപോലെ ആയിരക്കണക്കിനു കോടികള്‍ കിട്ടാനുണ്ട്. രാജ്യത്തിന്റെ പണം കൊള്ളയടിച്ചു മുങ്ങിനടക്കുന്ന വന്പന്മാരോടു കാണിക്കുന്ന ദയാദാക്ഷിണ്യത്തിന്റെ കണികപോലും രാജ്യത്തെ തീറ്റിപ്പോറ്റുന്ന കര്‍ഷകരോടും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന സാധാരണക്കാരോടുമില്ല എന്നതാണു പരിതാപകരം. കാര്‍ഷികവായ്പയ്ക്കും വിദ്യാഭ്യാസ വായ്പയ്ക്കുമൊക്കെ ഉദാരസമീപനമുണ്ട് എന്ന വാഗ്ദാനങ്ങളില്‍ വിശ്വസിച്ചു വായ്പയെടുത്തവര്‍ പ്രതിസന്ധിയില്‍ പിടിച്ചുനില്‍ക്കാന്‍ കച്ചിത്തുരുന്പു തേടുന്‌പോള്‍ അവരെ കൂടുതല്‍ ആഴങ്ങളിലേക്കു ചവുട്ടിത്താഴ്ത്തുന്ന സമീപനം ഉണ്ടാകരുത്.
വായ്പയ്ക്കു നല്കുന്ന ഇളവുകള്‍ ബാങ്കുകളുടെ ധനകാര്യസ്ഥിതിയെ ബാധിക്കാതിരിക്കാനുള്ള നടപടികള്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. കോര്‍പറേറ്റ് കന്പനികളുടെ 5.55 ലക്ഷം കോടി രൂപയുടെ കടം എഴുതിത്തള്ളിയ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തു കടബാധ്യതയിലായ കര്‍ഷകര്‍ക്ക് ആശ്വാസമേകുന്ന നടപടികളെടുത്തില്ലെന്നു കഴിഞ്ഞവര്‍ഷം പാര്‍ലമെന്റില്‍ നടന്ന ബജറ്റ് ചര്‍ച്ചയില്‍ ഇടതുപക്ഷം പറഞ്ഞു .
കര്‍ഷകരും ചെറുകിടക്കാരും ഇപ്പോള്‍ വായ്പ തിരിച്ചടയ്ക്കാത്തതു വിജയ് മല്യമാരെയും നീരവ് മോദിമാരെയും പോലെ മനസില്ലാഞ്ഞിട്ടല്ല, കൈയില്‍ പണമില്ലാത്തതുകൊണ്ടാണ്. മോറട്ടോറിയംകൊണ്ടു മാത്രം അവരുടെ പ്രശ്‌നം പരിഹരിക്കപ്പെടില്ല. ചുരുങ്ങിയപക്ഷം പലിശയെങ്കിലും എഴുതിത്തള്ളണം.