കേരളത്തിലെ സമൂഹവ്യാപനം സത്യവും മിഥ്യയും
കേരളത്തില്‍ കോവിഡിന്റെ സമൂഹവ്യാപനം ആരംഭിച്ചുവെന്ന ആശങ്കാജനകമായ ചര്‍ച്ചകള്‍ മാധ്യമങ്ങളില്‍ നിറയുകയാണ്. സമ്പര്‍ക്കംമൂലമുള്ളതും സ്രോതസ്സ് അറിയാത്തതുമായ രോഗപ്പകര്‍ച്ച വര്‍ധിക്കുന്നുവെന്നതാണ് ഇതിന് ആധാരമായി പറയുന്നത്.
രണ്ടുവിധത്തിലുമുള്ള രോഗവ്യാപനം പ്രതീക്ഷിക്കേണ്ടതാണെന്നും ഇതിന്റെ നിരക്ക് നിയന്ത്രിച്ചുനിര്‍ത്താന്‍ സാധിക്കാതെ വരുന്നത് ആപല്‍ക്കരമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഒരാളിലേക്കാണെങ്കിലും രോഗം സമ്പര്‍ക്കംവഴി പകര്‍ന്നാല്‍ അത് ഗൗരവമര്‍ഹിക്കുന്ന കാര്യമാണ്. രോഗം പകര്‍ന്നവഴി കണ്ടെത്താനാകുന്നില്ലെങ്കില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമായി വരുന്നു. ഇക്കാര്യത്തില്‍ കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനം ആവിഷ്‌കരിച്ചു നടപ്പാക്കി ഫലപ്രദമായി മുന്നേറുന്ന ഈ പദ്ധതിയില്‍ വിശ്വാസമര്‍പ്പിക്കുന്നതിനുപകരം വഴിവിട്ട ചര്‍ച്ചകള്‍ നടത്തുന്നത് ഗുണമാവില്ല.
എന്താണ് സമൂഹവ്യാപനം
കോവിഡ് ലക്ഷണങ്ങളുമായി നിരവധിപേര്‍ ആശുപത്രികളില്‍ എത്തുക, പരിശോധനയില്‍ അവര്‍ക്കെല്ലാം രോഗം സ്ഥിരീകരിക്കുക, ദിനംപ്രതി കണ്ടെത്തുന്ന രോഗബാധയില്‍ ഭൂരിപക്ഷവും സമ്പര്‍ക്കംവഴിയോ സ്രോതസ്സ് അറിയാത്തതോ ആകുക, പൊതുജനങ്ങളില്‍നിന്നുള്ള പരിശോധനയില്‍ ഭൂരിപക്ഷത്തിനും രോഗം കണ്ടെത്തുക ഇതൊക്കെയാണ് സമൂഹവ്യാപനത്തിന്റെ ഗുരുതരമായ സ്ഥിതി. ഈ നിലയിലേക്ക് കേരളം എത്തിയിട്ടില്ല.
ചെറിയ തോതില്‍ രോഗികള്‍ കൂടുന്നത് സമൂഹവ്യാപനമല്ലെന്ന നിലപാടും ശാസ്ത്രീയമല്ല. സമൂഹവ്യാപനമാണോ അല്ലയോ എന്നതിനേക്കാള്‍ പ്രാധാന്യം രോഗവ്യാപനം പരമാവധി കുറയ്ക്കുക എന്നതിനാണ്. സമൂഹവ്യാപനം ഇല്ലെന്ന് ആശ്വസിച്ച് മുന്‍കരുതലുകളും ജാഗ്രതയും കുറയ്ക്കുന്നത് അപകടകരമായ പ്രവണതയാണ്. അതുകൊണ്ടാണ് കേരളം വീണ്ടും കടുത്ത നടപടികള്‍ എടുക്കുന്നത്.
കേരളത്തില്‍ കോവിഡിന്റെ നാള്‍വഴികള്‍
ജനുവരി അവസാനം ചൈനയിലെ വുഹാനില്‍നിന്ന് എത്തിയ മൂന്ന് മെഡിക്കല്‍ വിദ്യാര്‍ഥികളാണ് കേരളത്തിലെയും ഇന്ത്യയിലെയും ആദ്യ കോവിഡ് ബാധിതര്‍. ഇവരില്‍നിന്ന് ഒരാളിലേക്കുപോലും രോഗം പകരാതെ ചികിത്സിച്ചു മാറ്റിയതുമുതല്‍ കേരളത്തിന്റെ രോഗപ്രതിരോധയജ്ഞം ആരംഭിച്ചു. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ക്കനുസൃതമായി വിശ്രമരഹിതമായ പ്രവര്‍ത്തനമാണ് കഴിഞ്ഞ നാലുമാസമായി കേരളത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ തുടരുന്നത്.
രണ്ടാംഘട്ടത്തില്‍ ഇറ്റലി, ഗള്‍ഫ്, ഇതര സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് എത്തിയവര്‍ക്കും അവരുമായി സമ്പര്‍ക്കമുണ്ടായവര്‍ക്കുമായിരുന്നു രോഗബാധ. സമ്പൂര്‍ണ ലോക്ഡൗണ്‍വഴി ഈ ഘട്ടത്തില്‍ രോഗവ്യാപനം തടുത്തുനിര്‍ത്താന്‍ കഴിഞ്ഞു . ചികിത്സയിലുള്ളവരുടെ എണ്ണം നൂറില്‍ താഴെയാക്കി കുറച്ചു.
മെയ് ആദ്യത്തോടെ ഗള്‍ഫില്‍നിന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നും ആളുകള്‍ വരാന്‍ തുടങ്ങിയതാണ് മൂന്നാംഘട്ടം. ഇങ്ങനെ വരുന്നവര്‍ പൂര്‍ണ നിരീക്ഷണത്തിലായതിനാല്‍ സമൂഹവ്യാപന സാധ്യത വളരെ കുറവാണ്. എന്നിട്ടും സ്രോതസ്സ് അറിയാതെ രോഗപ്പകര്‍ച്ച ഉണ്ടാകുന്നുണ്ടെങ്കില്‍ അതീവ ജാഗ്രത അനിവാര്യമാണ്. പഴുതുകള്‍ അടച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകും.
ചികിത്സാ സൗകര്യങ്ങള്‍
ഇപ്പോള്‍ കേരളത്തില്‍ കോവിഡ് ആശുപത്രികള്‍, ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രം, കോവിഡ് കെയര്‍ സെന്റര്‍ എന്നിങ്ങനെ മൂന്നുതട്ടായാണ് പ്രവര്‍ത്തനം. ഇതില്‍ വെന്റിലേറ്ററും തീവ്രപരിചരണ വിഭാഗവും ആശുപത്രികളില്‍ മാത്രമാണുള്ളത്. ഈ സംവിധാനങ്ങള്‍ക്ക് കൈകാര്യം ചെയ്യാവുന്ന നിലയില്‍ രോഗബാധിതരുടെ എണ്ണം പരിമിതപ്പെടുത്തുന്നത് ശ്രമകരമായ ദൗത്യമാണ്.
ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ രോഗപ്രതിരോധ തന്ത്രങ്ങള്‍ കുറ്റമറ്റതാണെന്ന് പറയുന്നത് നിശ്ചിത മാനദണ്ഡങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ്. ഉയര്‍ന്ന ജനസാന്ദ്രത, വയോജനങ്ങളുടെ എണ്ണക്കൂടുതല്‍, പ്രമേഹം, ഹൃദ്രോഗ, വൃക്കരോഗങ്ങളുടെ ഉയര്‍ന്ന നിരക്ക് ഇവയെല്ലാം കണക്കിലെടുക്കുമ്പോള്‍ എല്ലാ അര്‍ഥത്തിലും കോവിഡിനെ പ്രതിരോധിച്ചുനില്‍ക്കാന്‍ ഇതുവരെ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, ഇതൊരു നൂല്‍പ്പാലമാണ്.
നടപടികള്‍
അത്യാവശ്യ യാത്രകള്‍മാത്രം, സാമൂഹ്യഅകലം, ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കല്‍, കൈകഴുകല്‍ ഇവയെല്ലാം കൂടുതല്‍ കൃത്യമായി തുടര്‍ന്നേ മതിയാകൂ. വീഴ്ചവരുത്തുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കണം. സമൂഹവ്യാപനം മുന്നില്‍ക്കണ്ടുകൊണ്ടുള്ള നടപടികള്‍തന്നെയാണ് ഇപ്പോള്‍ സ്വീകരിച്ചുവരുന്നത്. രോഗം സ്ഥിരീകരിക്കുന്ന ഘട്ടത്തില്‍ സ്രോതസ്സ് അറിയില്ലെങ്കിലും തുടര്‍ അന്വേഷണത്തിലൂടെ കണ്ടെത്തുക, രോഗവ്യാപനം സംശയിക്കുന്ന ക്ലസ്റ്ററുകളൂം ചുറ്റുമുള്ള ബഫര്‍സോണുകളും പൂര്‍ണമായി അടച്ചിടുക തുടങ്ങിയ വഴികളിലൂടെ സമൂഹവ്യാപനത്തിന്റെ തീവ്രത ഇല്ലാതാക്കുക എന്നതാണ് ഇപ്പോള്‍ അവലംബിക്കുന്ന രീതി.