വീണ്ടും ദുരിതത്തിലായി അമെരിക്ക
ലോകത്ത് കൊറോണ വൈറസ് ബാധിതര്‍ ഒരു കോടി പിന്നിട്ടതിനു പിന്നാലെ, അമേരിക്കയിലെ രോഗികളുടെ എണ്ണം 26 ലക്ഷമായി. ഫ്‌ലോറിഡയും ടെക്‌സസും അടക്കമുള്ള തെക്കന്‍ സംസ്ഥാനങ്ങളിലാണ് രോഗം വ്യാപകമായി പടരുന്നത്. ഇരു സംസ്ഥാനങ്ങളിലും ഇളവുകള്‍ പിന്‍വലിച്ച് നിയന്ത്രണം കര്‍ശനമാക്കാന്‍ നടപടികള്‍ ആരംഭിച്ചു.
ഫ്‌ലോറിഡയില്‍ ശനിയാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ 9500 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. വെള്ളിയാഴ്ചത്തെ ഒന്പതിനായിരത്തിന്റെ റിക്കാര്‍ഡാണു മറികടന്നത്.
ഗ്രാമങ്ങളില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. നഗരങ്ങളില്‍ നിന്ന് ആശങ്ക ഗ്രാമങ്ങളിലേക്കു മാറുകയാണെന്ന് ആരോഗ്യ വിദഗ്ധരുടെ കണക്കുകള്‍. യുഎസിലെ പല സംസ്ഥാനങ്ങളിലും ഏപ്രിലിലേതിനെക്കാള്‍ ശക്തമായി വൈറസ് തിരിച്ചുവരികയാണ്. അതു ഗ്രാമങ്ങളെ ബാധിക്കുകയും ചെയ്യുന്നു.
വെള്ളിയാഴ്ച 45,300 പുതിയ കേസുകളാണു യുഎസില്‍ സ്ഥിരീകരിച്ചത്. ഇതു റെക്കോഡ് വര്‍ധനയാണ്. കഴിഞ്ഞദിവസത്തെ 40,000 കേസുകളുടെ റെക്കോഡാണ് വെള്ളിയാഴ്ച മറികടന്നതും. പടിഞ്ഞാറും തെക്കും മേഖലകളിലാണ് കൂടുതല്‍ രോഗവ്യാപനമുണ്ടാകുന്നത്.
കാലിഫോര്‍ണിയ, അര്‍ക്കന്‍സാസ്, മിസൗറി, ടെക്‌സസ്, ഫ്‌ലോറിഡ തുടങ്ങിയിടങ്ങളിലെ നിരവധി ഗ്രാമീണ കൗണ്ടികളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ രോഗം സ്ഥിരീകരിച്ചവര്‍ ഇരട്ടിയിലേറെയായിട്ടുണ്ട്. നേരത്തേ കാര്യമായി വൈറസ് ബാധിക്കാതിരുന്ന പല പ്രദേശങ്ങളുമുണ്ടായിരുന്നു. അവിടെ ഇപ്പോള്‍ വൈറസ് വ്യാപിക്കാന്‍ തുടങ്ങുന്നു. അപകടകരമായ പുതിയ ഘട്ടത്തിലേക്കാണ് യുഎസ് കടക്കുന്നത് എന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്. ടെക്‌സസ്, ഫ്‌ലോറിഡ, കന്‍സാസ് എന്നിവിടങ്ങളില്‍ ആയിരക്കണക്കിനു പുതിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുണ്ട്.
കന്‍സാസില്‍ പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം അടുത്തകാലത്ത് ഇരട്ടിയിലേറെയായി.
ലോക്ക് ഡൗണ്‍ ഇളവുകള്‍ നല്കിയതിനു പിന്നാലെയാണ് രോഗികളുടെ എണ്ണം വര്‍ധിച്ചുതുടങ്ങിയത്. ഇളവുകള്‍ നല്കിയത് അല്പം നേരത്തേ ആയിപ്പോയെന്ന് കൊറോണ വിഷയത്തില്‍ യുഎസ് സര്‍ക്കാരിന്റെ ഉപദേശകനായ ഡോ. അന്തോണി ഫൗസി ചൂണ്ടിക്കാട്ടി. ഇതിനൊപ്പം ജനം മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ വിമുഖത കാട്ടുന്നതായും അദ്ദേഹം പറഞ്ഞു.
ഇതിനിടെ ഫ്‌ലോറിഡ, അരിസോണ സംസ്ഥാനങ്ങളില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പു പ്രചാരണ പരിപാടികള്‍ ഒഴിവാക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സിന്റെ മേധാവിയും വൈസ് പ്രസിഡന്റുമായ മൈക്ക് പെന്‍സാണ് ഇതിനു നിര്‍ദേശം നല്കിയതെന്നും പറയപ്പെടുന്നു.
ഫ്‌ലോറിഡയിലെ ബാറുകളില്‍ മദ്യം വിളന്പുന്നത് നിരോധിക്കുന്നതടക്കമുള്ള നിയന്ത്രണങ്ങള്‍ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മയാമി നഗരത്തില്‍ മാസ്‌ക് വയ്ക്കാത്തവരില്‍നിന്നു പിഴ ഇടാക്കിത്തുടങ്ങി.
ടെക്‌സസില്‍ ബാറുകള്‍ അടയ്ക്കാനും റസ്റ്ററന്റിലെ ഇരിപ്പിടങ്ങളില്‍ 50 ശതമാനം ഒഴിവാക്കാനും ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് നിര്‍ദേശം നല്കി.
ലോകത്ത് കോവിഡ് കെടുതി ഏറ്റവും കൂടുതല്‍ നേരിടുന്നത് യുഎസാണ്. രോഗികളുടെ എണ്ണം ഇന്നലെ 26.15 ലക്ഷത്തിലെത്തി. മരണം 1.28 ലക്ഷത്തിനു മുകളിലും.