News Beyond Headlines

30 Saturday
November

കപിലും ‘കൈ’വിട്ടു; 5 മാസത്തില്‍ പാര്‍ട്ടിവിട്ടത് 5 പേര്‍

ഇലകള്‍ പൊഴിയുന്ന മരം പോലെ, നേതാക്കളെ ഒന്നൊന്നായി നഷ്ടമാകുകയാണു കോണ്‍ഗ്രസിന്. കപില്‍ സിബല്‍ കൂടി 'കൈ'വിടുമ്പോള്‍ ഒരു ദേശീയമുഖം കൂടിയാണ് കോണ്‍ഗ്രസിന് ഇല്ലാതാകുന്നത്. സഭയിലും പുറത്തും ധീരമായ നിലപാടുകളുമായി നിറഞ്ഞ മുതിര്‍ന്ന നേതാവിനെയാണ് പൊടുന്നനെ മുന്‍നിരയില്‍ നിന്ന് കോണ്‍ഗ്രസിന് നഷ്ടമാകുന്നതും. 2022ലെ അഞ്ചു മാസത്തിനിടെ പ്രമുഖരായ അഞ്ചു നേതാക്കളെയാണ് കോണ്‍ഗ്രസിനു കൈമോശം വന്നത്. അധികാരത്തിനു വേണ്ടിയുള്ള മറുകണ്ടം ചാടല്‍ എന്നതിനേക്കാള്‍, പ്രതീക്ഷ നശിച്ചുള്ള ഇറങ്ങിപ്പോക്കായാകും കപില്‍ സിബല്‍ സ്വയം വിശേഷിപ്പിക്കുക. ഇതോടെ, ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് നേരിടുന്ന പ്രതിസന്ധിയുടെ ആഴം കൂടുതല്‍ക്കൂടുതല്‍ വലുതാവുകയുമാണ്. കുറച്ചുനാളുകളായി കോണ്‍ഗ്രസിനകത്തെ വിമതശബ്ദമായിരുന്നു സിബല്‍. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ രംഗത്തുവന്ന 'ജി23' കൂട്ടായ്മയിലെ ഈ പ്രമുഖ നേതാവ് കടുത്ത വിമര്‍ശനമാണു ഉയര്‍ത്തിവന്നതും. കോണ്‍ഗ്രസിലെ നേതൃപദവികളില്‍നിന്നു ഗാന്ധി കുടുംബം മാറിനില്‍ക്കേണ്ട സമയമായെന്നും പാര്‍ട്ടിയെ നയിക്കാന്‍ മറ്റുള്ളവര്‍ക്ക് അവസരം നല്‍കണമെന്നും സിബല്‍ പറഞ്ഞത് ഒച്ചപ്പാടുണ്ടാക്കി. 2014നു ശേഷം എട്ടു വര്‍ഷം കഴിഞ്ഞിട്ടും നിരന്തര തോല്‍വിയുടെ കാരണങ്ങള്‍ കണ്ടെത്താന്‍ ചിന്തന്‍ ശിബിരം നടത്തണമെന്നു പറയുന്ന പാര്‍ട്ടിയും നേതൃത്വവും മൂഢസ്വര്‍ഗത്തിലാണു ജീവിക്കുന്നതെന്നും തുറന്നടിച്ചു. ഒന്‍പതു വര്‍ഷത്തിനുശേഷം ചിന്തന്‍ ശിബിരത്തിലൂടെ കൈവന്ന തിരിച്ചറിവുകളുടെ ബലത്തില്‍ നവോര്‍ജം തേടാനൊരുങ്ങുന്ന കോണ്‍ഗ്രസിനുള്ള അപ്രതീക്ഷിത അടി കൂടിയായി സിബലന്റെ യാത്രപറച്ചില്‍. സമാജ്‌വാദി (എസ്പി) പാര്‍ട്ടിയുടെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി രാജ്യസഭയിലേക്കു മത്സരിക്കുമെന്ന് അറിയിച്ചാണു സിബല്‍ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചത്. കലഹിക്കുമ്പോഴും പാര്‍ട്ടി വിട്ടുപോകുമെന്ന സൂചന നല്‍കിയിരുന്നില്ല. കോണ്‍ഗ്രസിനെ നന്നാക്കാന്‍ ശക്തിയുക്തം വാദിച്ചയാള്‍, പാര്‍ട്ടിയുടെ മുഖമായിരുന്ന നേതാവ്, ബിജെപി പാളയത്തിലേക്കു ചേക്കേറിയില്ല എന്നതില്‍ ഹൈക്കമാന്‍ഡിന് ആശ്വസിക്കാം. 'ഗാന്ധി കുടുംബം മാറിയേതീരൂ' കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രവര്‍ത്തനരീതി ചോദ്യം ചെയ്ത 'ജി 23'സംഘത്തില്‍നിന്ന്, ഗാന്ധി കുടുംബം മാറണമെന്ന് ആദ്യമായി പരസ്യമായി ആവശ്യപ്പെട്ട പ്രമുഖരിലൊരാള്‍ സിബലാണ്. വീട്ടിലെ കോണ്‍ഗ്രസല്ല (ഘര്‍ കീ കോണ്‍ഗ്രസ്) മറിച്ച് ബിജെപിക്കെതിരെ നിലകൊള്ളുന്ന എല്ലാവരുടെയും കോണ്‍ഗ്രസ് (സബ് കീ കോണ്‍ഗ്രസ്) ആണ് ആവശ്യമെന്നും അതിനുവേണ്ടി അവസാനശ്വാസം വരെ പോരാടുമെന്നുമാണു സിബല്‍ പറഞ്ഞിരുന്നത്. രാഹുല്‍ ഗാന്ധി വീണ്ടും പ്രസിഡന്റാകണമെന്ന ആവശ്യത്തെ സിബല്‍ ചോദ്യം ചെയ്തു. ''പദവിയില്‍ പ്രസിഡന്റല്ലെങ്കിലും രാഹുല്‍ തന്നെയാണു പാര്‍ട്ടിയിലെ അപ്രഖ്യാപിത പ്രസിഡന്റ്. അദ്ദേഹമാണ് എല്ലാ തീരുമാനങ്ങളുമെടുക്കുന്നത്. അദ്ദേഹം പ്രസിഡന്റാകണമെന്ന് എന്തിനാണ് വീണ്ടും ആവശ്യപ്പെടുന്നത്.''- സിബല്‍ ചോദിച്ചതിങ്ങനെ. കോണ്‍ഗ്രസില്‍ തല്‍ക്കാലം നേതൃമാറ്റം വേണ്ടെന്ന പ്രവര്‍ത്തക സമിതിയുടെ തീരുമാനത്തിലുള്ള അതൃപ്തിയും സിബല്‍ മറച്ചുവച്ചിരുന്നില്ല. മുന്നില്‍നിന്നു നയിക്കാന്‍ കോണ്‍ഗ്രസിനു സാധിക്കുന്നില്ല. താഴെത്തട്ടില്‍ സംഘടനാ സംവിധാനമില്ല. പാര്‍ട്ടിയില്‍ മാറ്റം അനിവാര്യമാണെന്നു നേതൃത്വത്തെ ബോധ്യപ്പെടുത്താന്‍ കിണഞ്ഞു ശ്രമിച്ചു. ഏതെങ്കിലും വ്യക്തിക്കെതിരെയല്ല സംസാരിക്കുന്നതെന്നും സിബല്‍ വ്യക്തമാക്കി. ഗാന്ധി കുടുംബം മാറിനില്‍ക്കണമെന്ന സിബലിന്റെ പരാമര്‍ശത്തോടു രാഹുല്‍ പ്രതികരിച്ചില്ല. എന്നാല്‍, ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഭാഷയിലാണു സിബല്‍ സംസാരിക്കുന്നതെന്നു രാഹുല്‍ പക്ഷക്കാരനും യുവനേതാവുമായ മാണിക്കം ടഗോര്‍ ആരോപിച്ചു. ഗാന്ധി കുടുംബത്തിന്റെ നേതൃത്വമില്ലെങ്കില്‍ കോണ്‍ഗ്രസ് ജനതാ പാര്‍ട്ടിയായി മാറുമെന്നും മാണിക്കം അഭിപ്രായപ്പെട്ടു. 'വേണ്ടെങ്കില്‍ പാര്‍ട്ടിയില്‍നിന്ന് പുറത്തുപോകൂ' 2020ല്‍ ബിഹാറിലെയും ഉപതിരഞ്ഞെടുപ്പു നടന്ന സംസ്ഥാനങ്ങളിലെയും കനത്ത തോല്‍വിക്കു പിന്നാലെ, പാര്‍ട്ടിയിലെ നേതൃപ്രതിസന്ധി പ്രശ്‌നം ഉന്നയിച്ചു സിബല്‍ രംഗത്തുവന്നിരുന്നു. പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തിയുള്ളവര്‍ക്കു യഥേഷ്ടം പുറത്തേക്കു പോകാമെന്നും താല്‍പര്യമനുസരിച്ചു മറ്റു പാര്‍ട്ടിയില്‍ ചേരുകയോ സ്വന്തം പാര്‍ട്ടി രൂപീകരിക്കുകയോ ചെയ്യാമെന്നുമായിരുന്നു ലോക്‌സഭാ കക്ഷിനേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ വിമര്‍ശനം. തിരഞ്ഞെടുപ്പുകളില്‍ പ്രചാരണത്തിനും മറ്റും പോകാതെ എസി മുറിയിലിരുന്ന പ്രബോധനം നടത്തുന്നതുകൊണ്ടു ഫലമില്ലെന്നും അധിര്‍ തുറന്നടിച്ചു. സംഘടനയുടെ എല്ലാ തലത്തിലും വ്യാപകമായ അഴിച്ചുപണിക്കു കോണ്‍ഗ്രസ് സന്നദ്ധമാകണമെന്നു സിബല്‍ ആവര്‍ത്തിച്ചു. മാറ്റങ്ങളോടു പാര്‍ട്ടി മുഖം തിരിച്ചുനില്‍ക്കുകയല്ല എന്നു തെളിയിക്കണം. ബിജെപിക്കെതിരായ ഫലപ്രദമായ രാഷ്ട്രീയ ബദലായി സ്വയം അവതരിപ്പിക്കാന്‍ ഇതാവശ്യമാണ്. ശക്തമായ രാഷ്ട്രീയ ബദലിന്റെ അഭാവം രാജ്യത്തുണ്ട്. കോണ്‍ഗ്രസിന്റെ ഉയിര്‍ത്തെഴുന്നേല്‍പ് അനിവാര്യമാണ്. യുവത്വത്തിനൊപ്പം പരിചയസമ്പന്നത കൂടി നേതൃത്വം പരിഗണിക്കണം. ജോതിരാദിത്യ സിന്ധ്യ, ജിതിന്‍ പ്രസാദ എന്നിവരടക്കമുള്ളവര്‍ സ്വന്തം രാഷ്ട്രീയതാല്‍പര്യങ്ങള്‍ക്കായാണു പാര്‍ട്ടി വിട്ടതെന്നും പറഞ്ഞ സിബല്‍, ഇനി താനെന്തിനാണു പോയതെന്നും വിശദീകരിക്കേണ്ടി വരും. പഞ്ചാബിലെ പ്രതിസന്ധിക്കു പിന്നാലെയാണ് ജി-23 നേതാക്കള്‍ കോണ്‍ഗ്രസില്‍ വീണ്ടും കലാപക്കൊടി ഉയര്‍ത്തിയത്. പാര്‍ട്ടിക്ക് ഇപ്പോള്‍ പ്രസിഡന്റില്ലെന്നും ആരാണ് തീരുമാനങ്ങളെടുക്കുന്നതെന്ന് അറിയില്ലെന്നും സിബല്‍ ആരോപിച്ചു. എന്നാല്‍, 'സിബല്‍ വേഗം സുഖം പ്രാപിക്കുക' എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായി അദ്ദേഹത്തിന്റെ വസതിക്കു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു, വീടിനുനേരെ തക്കാളിയെറിഞ്ഞു. പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും നടപടിയെ അപലപിക്കാന്‍ നേതൃത്വം തയാറായില്ലെന്നതു ശ്രദ്ധേയമാണ്. ''കോണ്‍ഗ്രസിന്റെ ഇന്നത്തെ സ്ഥിതി ഹൃദയഭേദകമാണ്. രാജ്യത്തിനു സ്വാതന്ത്ര്യം നേടിത്തന്ന പാര്‍ട്ടിക്കു ചരിത്രപരമായ പ്രാധാന്യമുണ്ട്. മുന്‍കാല നേതാക്കളെക്കുറിച്ച് അഭിമാനമുണ്ട്. ഇപ്പോഴത്തെ സ്ഥിതി അങ്ങനെയല്ല. അധ്യക്ഷ സ്ഥാനത്തേക്കും സിഡബ്ല്യുസിയിലേക്കും േകന്ദ്ര തിരഞ്ഞെടുപ്പു സമിതിയിലേക്കും തിരഞ്ഞെടുപ്പു നടത്തണം. പാര്‍ട്ടിയുടെ സംഘടനാ സംവിധാനം ശക്തിപ്പെടുത്താന്‍ നടപടി വേണമെന്നാണ് മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെടുന്നത്. പാര്‍ട്ടിയുടെ തെറ്റുകൊണ്ടാവാം പല നേതാക്കളും വിട്ടുപോയത്. അവര്‍ തിരികെ വരണം.''- സിബലിന്റെ വാക്കുകള്‍. എല്ലാവരുടെയും പ്രിയസുഹൃത്ത് കോണ്‍ഗ്രസിനു പുറത്തും നിരവധി സുഹൃത് ബന്ധങ്ങളുള്ള പൊതുപ്രവര്‍ത്തകനാണു സിബല്‍. 2021ല്‍ സിബലിന്റെ പിറന്നാള്‍ ആഘോഷ വിരുന്നില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ മാത്രമല്ല, പ്രതിപക്ഷത്തിന്റെ ഭാഗമല്ലാത്ത ബിജെഡിയും ടിഡിപിയും വൈഎസ്ആര്‍സിപിയും ശിരോമണി അകാലിദളും പങ്കെടുത്തു; ബിഎസ്പി ഒഴികെ എന്‍ഡിഎയില്‍ അംഗമല്ലാത്ത എല്ലാ പാര്‍ട്ടികളും അവിടെയുണ്ടായിരുന്നു. 2024ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിയെ എങ്ങനെ നേരിടും എന്നായിരുന്നു മുഖ്യചര്‍ച്ച. പ്രതിപക്ഷ ഐക്യവും കോണ്‍ഗ്രസ് രാഷ്ട്രീയവും ചര്‍ച്ച ചെയ്യപ്പെട്ടു. പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കളായ ശരദ് പവാര്‍ (എന്‍സിപി), ലാലു പ്രസാദ് യാദവ് (ആര്‍ജെഡി), അഖിലേഷ് യാദവ് (എസ്പി), ഡെറക് ഒബ്രയന്‍ (തൃണമൂല്‍), സഞ്ജയ് റാവത്ത് (ശിവസേന), ഒമര്‍ അബ്ദുല്ല (നാഷനല്‍ കോണ്‍ഫറന്‍സ്), തിരുച്ചി ശിവ (ഡിഎംകെ), ജയന്ത് ചൗധരി (ആര്‍എല്‍ഡി) എന്നിവര്‍ക്കു പുറമേ കോണ്‍ഗ്രസ് എംപിമാരായ പി.ചിദംബരം, ശശി തരൂര്‍, ആനന്ദ് ശര്‍മ എന്നിവരും പങ്കെടുത്തു. പ്രതിപക്ഷ കൂട്ടായ്മകളില്‍നിന്നു പതിവായി വിട്ടുനില്‍ക്കുന്ന അകാലിദള്‍, ബിജെഡി എന്നിവയിലെ നേതാക്കള്‍ ചടങ്ങിനെത്തിയതും ശ്രദ്ധേയമായി. അഞ്ചു ദശാബ്ദത്തോളം പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അഭിഭാഷകനായിരുന്ന പ്രശസ്ത നിയമജ്ഞനാണു കപില്‍ സിബലിന്റെ പിതാവ് ഹിര ലാല്‍ സിബല്‍. പിതാവിന്റെ കര്‍മപാത പിന്തുടര്‍ന്ന കപില്‍ സിബലും 'പൊന്നുംവിലയുള്ള' അഭിഭാഷകനാണ്. കോണ്‍ഗ്രസിനു വേണ്ടിയും അല്ലാതെയും ഒട്ടേറെ പ്രമുഖ കേസുകളില്‍ സിബലിന്റെ വാദമുഖങ്ങള്‍ സുപ്രീംകോടതിയടക്കമുള്ള കോടതികളില്‍ മുഴങ്ങി. ചിന്തന്‍ ശിബിരത്തിന്റെ ഭാവിയെന്ത്? രണ്ടു വര്‍ഷം കഴിഞ്ഞാല്‍ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്നാണ് അടുത്തിടെനടന്ന അഞ്ചു നിയമസഭാ തിരഞ്ഞെടുപ്പുകളെ രാഷ്ട്രീയ വിദഗ്ധര്‍ വിശേഷിപ്പിച്ചത്. ഇതില്‍ പഞ്ചാബിലടക്കം കോണ്‍ഗ്രസിനുണ്ടായ പരാജയം ആ പാര്‍ട്ടിയിലുണ്ടാവേണ്ട നവീകരണത്തെപ്പറ്റി ഓര്‍മിപ്പിച്ചു. ലോക്‌സഭയില്‍ പ്രതിപക്ഷ നേതൃപദവിക്കുള്ള അംഗബലം പോലുമില്ലാത്ത പാര്‍ട്ടിക്ക്, പഞ്ചാബ് കൂടി നഷ്ടപ്പെട്ടതോടെ രാജ്യത്തു രണ്ടിടത്തു മാത്രമാണു സ്വന്തം മുഖ്യമന്ത്രിയുള്ളത്. ദുര്‍ബലമായ സംഘടനാ സംവിധാനവും കോണ്‍ഗ്രസ് മുക്തഭാരതമെന്ന ബിജെപിയുടെ ലക്ഷ്യവുമെല്ലാമായി ആകെ പ്രതിസന്ധിയിലായ വേളയിലായിരുന്നു മേയില്‍ ചിന്തന്‍ ശിബിരം ചേര്‍ന്നത്. ദേശീയതലത്തില്‍ ശക്തിയുള്ള പാര്‍ട്ടിയായിത്തീരണമെങ്കില്‍, തിരഞ്ഞെടുപ്പുകളെ ആത്മവിശ്വാസത്തോടെ നേരിടണമെങ്കില്‍, അടിയന്തരമായി സ്വീകരിക്കേണ്ട മാറ്റങ്ങളെക്കുറിച്ചാണ് രാജസ്ഥാനിലെ ഉദയ്പുരില്‍ നടന്ന ശിബിരം ചര്‍ച്ച ചെയ്തത്. നയിക്കാന്‍ ഗാന്ധികുടുംബമല്ലാതെ മറ്റാരുമില്ലെന്ന ചിന്തയാണു ചിന്തന്‍ ശിബിരവും പങ്കുവച്ചത്. പ്രസിഡന്റ് സ്ഥാനം വീണ്ടും ഏറ്റെടുക്കണമെന്ന ആവശ്യത്തിനു സമ്മതം മൂളിയില്ലെങ്കിലും പാര്‍ട്ടിയുടെ നായകന്‍ രാഹുല്‍ തന്നെയെന്ന സൂചനയുമുണ്ടായി. സ്ഥാനാര്‍ഥിത്വത്തിനും പാര്‍ട്ടി സമിതികളിലും 50% പ്രാതിനിധ്യം 50 വയസ്സില്‍ താഴെയുള്ളവര്‍ക്കു നല്‍കുമെന്ന വ്യവസ്ഥയുള്‍പ്പെടുത്തി. ഒരാള്‍ക്ക് ഒരു പദവി, ഒരു പദവിയില്‍ തുടര്‍ച്ചയായി പരമാവധി അഞ്ചു വര്‍ഷ കാലാവധി എന്ന തീരുമാനവുമുണ്ടായി. ഒരു കുടുംബത്തില്‍നിന്ന് ഒരു സ്ഥാനാര്‍ഥിയേ പാടുള്ളൂവെങ്കിലും 5 വര്‍ഷം പാര്‍ട്ടിയില്‍ പ്രവര്‍ത്തനപരിചയമുണ്ടെങ്കില്‍ രണ്ടാമതൊരാള്‍ക്കു പദവി അനുവദിക്കാമെന്ന ഇളവുണ്ട്. എന്നാല്‍, പാര്‍ട്ടിക്കുള്ളിലെ ഫോറങ്ങളില്‍ 50 ശതമാനം വരെ പ്രാതിനിധ്യം ദലിത്, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു നല്‍കണമെന്ന ആശയം തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ടെങ്കിലും പാര്‍ട്ടി ഭരണഘടനയിലോ നിയമാവലിയിലോ എഴുതിച്ചേര്‍ത്തിട്ടില്ല. ചില പരിഷ്‌കാരങ്ങളില്‍ മാത്രമേ പ്രവര്‍ത്തകസമിതി ശ്രദ്ധയൂന്നിയുള്ളൂവെന്നും അഴിച്ചുപണിക്കു തയാറായില്ലെന്നും പരാതിയും ഉയരുകയും ചെയ്തു. പുറമേയ്‌ക്കെങ്കിലും ചില മാറ്റങ്ങള്‍ക്കു കോണ്‍ഗ്രസ് തയാറായതിനു പിന്നില്‍ സിബലിനെ പോലുള്ളവരുടെ ഇടപെടലുണ്ടെന്നത് ഉറപ്പാണെന്നു ഏവരും സമ്മതിക്കും. ഗുജറാത്തിലെ യുവാനേതാവ് ഹാര്‍ദിക് പട്ടേല്‍, പഞ്ചാബ് പിസിസി മുന്‍ അധ്യക്ഷന്‍ സുനില്‍ ഝാക്കര്‍, മുന്‍ കേന്ദ്രമന്ത്രിമാരായ അശ്വനി കുമാര്‍, ആര്‍.പി.എന്‍. സിങ്... അടുത്തിടെ കോണ്‍ഗ്രസ് വിട്ടവരുടെ നിരയിലേക്ക് ഇനി സിബലും ചേരുകയാണ്. 5 മാസത്തിനിടെ പ്രമുഖരായ 5 നേതാക്കളെ കോണ്‍ഗ്രസിനു നഷ്ടമായിരിക്കുന്നു. ഒപ്പമുള്ളവരെ പിടിച്ചുനിര്‍ത്താനും പ്രവര്‍ത്തകരുടെ ആത്മവിശ്വാസം തകരാതിരിക്കാനും കോണ്‍ഗ്രസ് ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരുമെന്നതാണ് ഈ കൊഴിഞ്ഞുപോക്ക് ഓര്‍മിപ്പിക്കുന്നത്. വിമാനയാത്രകളില്‍ കപില്‍ സിബലിലെ പൊതുപ്രവര്‍ത്തകനും നിയമജ്ഞനും മൗനിയാകും, പകരം അദ്ദേഹത്തിലെ കവി സംസാരിച്ചുതുടങ്ങും. യാത്രകളില്‍ ഒന്നുകില്‍ ഉറങ്ങും അല്ലെങ്കില്‍ കവിതയെഴുതും എന്നാണത്രെ കപില്‍ സിബലിനെക്കുറിച്ചു ഭാര്യ പ്രോമിളയുടെ പരാതി. 'ഞങ്ങള്‍ എപ്പോള്‍ വഴക്കുണ്ടാക്കിയാലും പിന്നീട് അദ്ദേഹം എനിക്കുവേണ്ടി ഒരു കവിതയെഴുതും!' കപിലിന്റെ 'മൈ വേള്‍ഡ് വിതിന്‍' എന്ന സമാഹാരം പ്രോമിളയ്ക്കാണു സമര്‍പ്പിച്ചിരിക്കുന്നതും. പുറമേയുള്ള കൊടുങ്കാറ്റുകളിലൊന്നും ഇളകാത്തൊരു മനസ്സ് സിബലിനുണ്ടെന്നു ചുരുക്കം. 2017ല്‍ കപില്‍ സിബല്‍ രാഹുലിനെ ട്വിറ്ററില്‍ 'അണ്‍ഫോളോ' ചെയ്തതു വലിയ വിവാദമായി, വാര്‍ത്തയായി. ഉടന്‍തന്നെ അദ്ദേഹം വീണ്ടും രാഹുലിന്റെ 'അനുയായി'യായാണു പ്രശ്‌നം പരിഹരിച്ചത്. സിബലിന്റെ പിന്മാറ്റം ബോധപൂര്‍വമാണെന്നായിരുന്നു ആദ്യവ്യാഖ്യാനം. എന്നാല്‍, സിബലിനു വേണ്ടി സമൂഹമാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നവരുടെ കൈപ്പിഴയാണു പ്രശ്‌നമായതെന്നു വിശദീകരണം വന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം രാഹുലിനെയും കോണ്‍ഗ്രസിനെയും 'ശരിക്കും അണ്‍ഫോളോ' ചെയ്തിരിക്കുകയാണു സിബല്‍. ദേശീയ രാഷ്ട്രീയത്തില്‍ വരുംദിവസങ്ങളിലെ ആകാംക്ഷാചോദ്യം ഇതാകും, ആരെയാകും സിബല്‍ ഇനി ഫോളോ ചെയ്യുക?!

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....