News Beyond Headlines

29 Friday
November

ഈ നികുതി നീതി ആകുമോ…?

ചരക്ക് സേവന നികുതി (ജി.എസ്.ടി ) വന്നാല്‍ സാധാരണക്കാരന് അത് എങ്ങനെ ബാധിക്കുമെന്ന ചോദ്യം വളരെയധികം ചിന്തിക്കേണ്ട ഒന്നാണ്. വില കുറയാം, കൂടാം, മാറ്റമില്ലാതിരിക്കാം എന്നു കാലാവസ്ഥ പ്രവചനത്തിന്റെ രീതിയില്‍ പറയുകയേ തല്‍ക്കാലം നിവര്‍ത്തിയുള്ളു. കൂടുതല്‍ അറിയണമെങ്കില്‍ നാളെമുതല്‍ കണ്ടും കൊണ്ടും അറിയേണ്ടിവരും. ഏതായായും ചര്‍ച്ച തുടങ്ങി ഒരു പതിറ്റാണ്ടു പിന്നിട്ടാണെങ്കിലും ജി.എസ്.ടി. എന്ന നികുതിസമ്പ്രദായം ഇന്ന് അര്‍ധരാതി നിലവില്‍ വരികയാണ്. രാജ്യത്തെ എല്ലാ ജനങ്ങളേയും നേരിട്ടും അല്ലാതെയും ബാധിക്കുന്ന സുപ്രധാന നിയമസംവിധാനമെന്ന നിലയില്‍ ചരക്കുസേവനനികുതി രാജ്യത്തിലെ ഭരണപരമായ വിപ്ലവമാണ്. ഒരു രാജ്യം ഒരു നികുതി വിപണി എന്നതാണ് ജി.എസ്.ടിയുടെ മന്ത്രം. എന്നാല്‍ ഇന്ത്യയുടെ സവിശേഷമായ ഘടനകൊണ്ട് ഈ ഒറ്റ നികുതി വിപണിയില്‍ തന്നെ പലതരത്തിലുള്ള ഏറ്റക്കുറച്ചിലുകളുണ്ട്. അതിനാല്‍ ഈ സങ്കീര്‍ണതകളെ വഴിയെ മനസിലാക്കാം. * എന്താണ് ജി.എസ്.ടി ചരക്കു-സേവന നികുതി അഥവാ ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ് ടാക്‌സ് എന്നത് രാജ്യത്തു നിലവില്‍ വരാന്‍ പോകുന്ന സമഗ്രമായ ഏകീകൃത നികുതി സമ്പ്രദായമാണ്. നിലവില്‍ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും വിവിധ നിരക്കാണ്. എന്നാല്‍ നാളെ അര്‍ധരാത്രി മുതല്‍ അതുമാറി രാജ്യത്ത് എല്ലായിടത്തും ഒരുപോലെ നികുതി എന്നതാണ് ജി.എസ്.ടിയിലൂടെ യാഥാര്‍ഥ്യമാകുന്നത്. അതായത് ഇനി മുതല്‍ ഏതു സംസ്ഥാനത്തില്‍നിന്ന് ഉല്‍പന്നങ്ങള്‍ വാങ്ങിയാലും സേവനം തേടിയാലും നല്‍കേണ്ടത് ഒരേനിരക്കിലുള്ള നികുതി ആയിരിക്കുമെന്നു സാരം. ലോകത്തു ഭൂരിപക്ഷം രാജ്യങ്ങളിലും ഇത്തരത്തില്‍ ഏകീകൃത നികുതിയാണിപ്പോഴുള്ളത്. * പ്രത്യക്ഷനികുതിയും പരോക്ഷനികുതിയും നിലവില്‍ ഇന്ത്യയില്‍ നികുതി ഘടന രണ്ടായാണ് വിഭജിച്ചിട്ടുള്ളത്. പ്രത്യക്ഷ(ഡയറക്ട്)നികുതിയും പരോക്ഷ(ഇന്‍ഡയറക്ട്) നികുതിയും. സ്വതന്ത്ര ഇന്ത്യയില്‍ പരോക്ഷ നികുതിയില്‍(ഇന്‍ഡയറക്ട് ടാക്‌സ്) ഉണ്ടാകുന്ന ഏറ്റവും വലിയ മാറ്റമാണ് ജി.എസ്.ടി. ഠ പ്രത്യക്ഷനികുതി- നികുതിദായകന്‍ നേരിട്ട് സര്‍ക്കാരിനു നല്‍കുന്ന നികുതി. ആദായനികുതി, സ്വത്തുനികുതി, കോര്‍പറേറ്റ് നികുതി എന്നിവ ഉദാഹരണം. ഠ പരോക്ഷനികുതി: ഉല്‍പന്നങ്ങളുടെ നിര്‍മാണത്തിലൂടെയും വില്‍പനയിലൂടെയും സേവനത്തിലൂടെയും നല്‍കുന്ന നികുതിയാണ് പരോക്ഷനികുതി. ഇവിടെ നികുതി ശൃംഖലയിലെ അവസാന കണ്ണിയായ ഉപയോക്താവ് അവര്‍ വാങ്ങുന്ന/ഉപയോഗിക്കുന്ന ഓരോ ഉല്‍പന്നത്തിനും/സേവനത്തിനും ഇടനിലക്കാര്‍(കച്ചവടക്കാര്‍/നിര്‍മാതാക്കള്‍/സേവനദാതാക്കള്‍) വഴി സര്‍ക്കാരിലേക്ക് നികുതി നല്‍കുന്നു. നിത്യോപയോഗവസ്തുക്കളില്‍ നല്ലൊരു ശതമാനത്തിനും നികുതി ഉണ്ടെന്നിരിക്കേ ഇതാണു സര്‍ക്കാരിന്റെ ഏറ്റവും പ്രധാനംവരുമാനം. ഇവയില്‍ മദ്യം, പെട്രോളിയം ഉല്‍പന്നങ്ങള്‍ എന്നിവയൊഴികെ ബാക്കിയെല്ലാ ഉല്‍പന്നങ്ങളെയും സേവനങ്ങളെയും നികുതിവലയ്ക്കുള്ളിലാക്കിയാണ് ചരക്കുസേവനനികുതി നടപ്പാകുന്നത്. ചിലതിന് നികുതിയില്ല, ചിലതിന് നികുതി പുതുതായി ഏര്‍പ്പെടുത്തി, മറ്റു ചിലവയ്ക്കു കൂടി, മറ്റു ചിലതിനു കുറഞ്ഞു. * പരോക്ഷനികുതി ഇതുവരെ നിലവില്‍ ഉല്‍പന്നങ്ങളുടെ പരോക്ഷനികുതിയെ രണ്ടായിതിരിക്കാം. ഒന്ന് നിര്‍മിക്കുന്ന ഉല്‍പന്നങ്ങള്‍ക്കു ചുമത്തുന്നതും രണ്ട് അതിന്റെ വില്‍പനയിലൂടെ ലഭിക്കുന്നതും. നിലവില്‍ നിര്‍മിച്ച ഉല്‍പന്നങ്ങള്‍ക്കു നികുതി ചുമത്താനുള്ള അധികാരം കേന്ദ്രസര്‍ക്കാരിനാണ്. അവ വില്‍ക്കുമ്പോള്‍ നികുതി ചുമത്താനുളള അവകാശം സംസ്ഥാനങ്ങള്‍ക്കും.(മൂല്യവര്‍ധിത നികുതി -വാറ്റ് അടക്കമുള്ളവ) അന്തര്‍സംസ്ഥാന വില്‍പനയക്ക് നികുതി ചുമത്താനുള്ള അവകാശം കേന്ദ്രത്തിനാണ് (കേന്ദ്ര വില്‍പനനികുതി), എന്നാല്‍ ഈ നികുതി ശേഖരിക്കുന്നതും കൈവശംവയ്ക്കുന്നതും സംസ്്ഥാനങ്ങളാണ്. എന്നാല്‍ സേവനങ്ങളുടെ കാര്യത്തില്‍ കേന്ദ്രത്തിനു മാത്രമാണ് നികുതി ചുമത്താന്‍ അവകാശം. കയറ്റുമതിയിലും ഇറക്കുമതിയിലും നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അവകാശമില്ല. സംസ്ഥാനങ്ങള്‍ ചുമത്തുന്ന എക്‌സൈസ് നികുതി, വാറ്റ്, വില്‍പനനികുതി എന്നിവയ്ക്കുപകരം അടിസ്ഥാന കസ്റ്റംസ് നികുതിയ്ക്കു പുറത്ത് അധിക കസ്റ്റംസ് നികുതി ചുമത്തിയാണു കേന്ദ്രം ഈ നികുതികള്‍ ഈടാക്കുന്നത്. ഇത്തരം നികുതികളെയെല്ലാം പൊളിച്ചെഴുതുതി വളരെ ലളിതമായ നികുതി ഘടന തയാറാക്കുകയാണ് ജി.എസ്.ടി. ചെയ്യുന്നത്. * ജി.എസ്.ടി. വരുമ്പോള്‍. ജി.എസ്.ടി. നടപ്പാകുമ്പോള്‍ ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും കേന്ദ്രവും സംസ്ഥാനവും(നിയമസഭകളുള്ള കേന്ദ്രഭരണപ്രദേശങ്ങളും) ചേര്‍ന്ന ഇരട്ട ജി.എസ്.ടി.യാണ് ഒരേസമയം ഈടാക്കുന്നത്. കേന്ദ്രനികുതിയായ സി.ജി.എസ്.ടിയും സംസ്ഥാനനികുതിയായ എസ്.ജി.എസ്്.ടിയും ഒരേനിരക്കില്‍ ഒരേസമയമാണ് ഈടാക്കുന്നത്. അന്തര്‍സംസ്ഥാന ഇടപാടുകള്‍ക്ക് ഇന്റഗ്രേറ്റഡ് ജി.എസ്.ടി.-(ഐ.ജി.എസ്.ടി.) ഈടാക്കാനുള്ള അവകാശം കേന്ദ്രസര്‍ക്കാരിനാണ്. ഫെഡറല്‍ സംവിധാനമുള്ള ഇന്ത്യയില്‍ കേന്ദ്രസര്‍ക്കാരിനും സംസ്ഥാനങ്ങള്‍ക്കും തങ്ങളുടെ വിഭവങ്ങള്‍ കണ്ടെത്താന്‍ ഭരണഘടനയില്‍ ആധികാരം നല്‍കിയിട്ടുണ്ട്. ഭരണഘടനപരമായ ഈ അവകാശങ്ങളുടെയും ഉത്തരവാദിത്തത്തിന്റെയും അന്തസത്ത ഉള്‍ക്കൊണ്ടാണ് ജി.എസ്.ടിയില്‍ ഇരട്ട സംവിധാനം നടപ്പാക്കുന്നത്. സി.ജി.എസ്.ടി, ഐ.ജി.എസ്.ടി. എന്നിവ പ്രകാരമുള്ള നികുതി പിരിക്കുന്നതും ഭരിക്കുന്നതും കേന്ദ്രസര്‍ക്കാരും എസ്.ജി.എസ്.ടി. പ്രകാരം നികുതി പിരിക്കുന്നതും ഭരിക്കുന്നതും സംസ്ഥാനസര്‍ക്കാരുമാണ്. * നാലു നികുതി നിരക്കുകള്‍ ഇന്ത്യയെമ്പാടും വിവിധ ഉല്‍പന്നങ്ങള്‍ക്ക് വിവിധ തരത്തിലാണു ഇപ്പോള്‍ നികുതി നിരക്ക്. എന്നാല്‍ ജി.എസ്.ടി. വരുന്നതോടെ ഇത് നാലുനിരക്കിലാകും. 5%, 12%, 18%, 28%. എന്നാല്‍ ശരിക്കും നാലല്ല ആറാണ്. അസംസ്‌കൃത വജ്രത്തിന് 0.25 ശതമാനവും സ്വര്‍ണത്തിന് മൂന്നുശതമാനവും. അപ്പോള്‍ ജി.എസ്.ടി യുഗത്തിലെ നികുതി നിരക്കുകള്‍ 0.25% മുതല്‍ 28 % വരെയെന്നു പറയാം. അതേസമയം ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, പാല്‍, മുട്ട, ഇറച്ചി തുടങ്ങി നിത്യോപയോഗവസ്തുക്കളെ നികുതിയില്‍നിന്നൊഴിവാക്കിയിട്ടുണ്ട്. ഇവ ബ്രാന്‍ഡഡിനും സംസ്‌കരിച്ചതിനുമാണ് അഞ്ചുശതമാനം മുതല്‍ നികുതി ചുമത്തിയിട്ടുള്ളത്. അതുകൊണ്ടു സാധാരണക്കാരുടെ അടുക്കളയില്‍ ജി.എസ്.ടി. ഉടനടി ആഘാതമൊന്നുമുണ്ടാക്കില്ല. *പ്രധാനനേട്ടം നികുതിയ്ക്കുമേല്‍ നികുതി എന്നതാണു നിലവിലെ നികുതി സമ്പ്രദായം. എന്നാല്‍ അടച്ച നികുതിയുടെ കിഴിവ് അവകാശപ്പെടാന്‍ ജി.എസ്.ടി. അവസരമൊരുക്കുന്നു. (ബോക്‌സ് കാണുക). അതുകൊണ്ട് ഉല്‍പന്നങ്ങളുടെ അന്തിമ വിലയില്‍ കുറവുണ്ടാകുമെന്നാണു കരുതുന്നത്. നിലവില്‍ ഉല്‍പന്നങ്ങളുടെ നികുതി 25 %-30 % ആണെന്ന് കേന്ദ്ര കസ്റ്റംസ് ആന്‍ഡ് എക്‌സൈസ് വകുപ്പ് തന്നെ പറയുന്നു. ഇതു സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെ നികുതിയും വിവിധ സെസുകളും ഒക്കെച്ചേര്‍ന്നാണ്. ജി.എസ്.ടിയില്‍ 81% ശതമാനം ഉല്‍പന്നങ്ങള്‍ക്കും 18 ശതമാനത്തില്‍ കുറവാണെന്നാണു സര്‍ക്കാരിന്റെ അവകാശവാദം. സ്വഭാവികമായും വില കുറയേണ്ടതാണ്. പക്ഷേ, വിതരണശൃംഖലയിലെ വിവിധ ഘട്ടങ്ങളില്‍ അസംസ്‌കൃത വസ്തുക്കള്‍ക്കും നിര്‍മാണത്തിനും വിതരണത്തിനും സൂക്ഷിപ്പിനും ചില്ലറവില്‍പനയ്ക്കും വിവിധ ഘട്ടങ്ങളില്‍ നികുതി ഏര്‍പ്പെടുത്തുമ്പോള്‍ വില അന്തിമമായി കുറയുമോ കൂടുമോ എന്നതു കാത്തിരുന്ന് അറിയണം. * അടുക്കളയില്‍ സാധാരണക്കാരന്റെ അടുക്കള ജി.എസ്.ടി. വരുന്നതൊന്നും കാര്യമായി അറിയില്ലെന്നു പ്രതീക്ഷിക്കാം. നിലവിലെപോലെ തന്നെ ഭക്ഷ്യധാന്യങ്ങള്‍ക്കും ഇറച്ചിക്കും മുട്ടയ്ക്കും പാലിനും പച്ചക്കറിക്കുമൊന്നും നികുതിയില്ല. പാക്കറ്റിലാക്കാത്ത ഭക്ഷണസാധനങ്ങള്‍ക്കൊന്നും നികുതിയില്ല. ഉപ്പ്, കടലമാവ്, ശര്‍ക്കര, ബ്രാന്‍ഡല്ലാത്ത ആട്ട, മൈദ എന്നിവയ്ക്കും നികുതിയില്ല. എന്നാല്‍ ബ്രാന്‍ഡഡ് ധാന്യങ്ങള്‍ക്കും ധാന്യപ്പൊടികള്‍ക്കും 5% ശതമാനമാണ് നികുതി. നിലവില്‍ സംസ്ഥാനത്ത് ബ്രാന്‍ഡഡ് ആട്ട, മൈദ, റവ, സൂചിഗോതമ്പ് എന്നിവയ്ക്ക് 5% ആണു നികുതി. അതുകൊണ്ട് ജി.എസ്.ടികൊണ്ടു വില കൂടില്ല. അച്ചാറുകള്‍ക്കും സോസ്, കെച്ചപ്പ് എന്നിവയ്ക്കും 18 % നികുതിയാണു ജി.എസ്.ടി. കൗണ്‍സില്‍ ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും സംസ്ഥാനങ്ങളുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് 12% ആക്കി. നിലവില്‍ കേരളത്തില്‍ ഇവയ്ക്ക് 14.5% ആണു വാറ്റ് നികുതി. അതുകൊണ്ടു വില കുറയുമെന്നു പ്രതീക്ഷിക്കാം. ഒപ്പം കോഴിപ്രിയര്‍ക്ക് സന്തോഷവാര്‍ത്തയുണ്ട്. 14.5 ശതമാനമാണു നിലവില്‍ കോഴിയിറച്ചിക്ക് സംസ്ഥാനത്ത് ഈടാക്കുന്ന നികുതി. അതില്ലാതാകും. അതായതു കിലോയ്ക്ക് 15 രൂപ വരെ കുറയാന്‍ വഴിയൊരുങ്ങി. അതുപോലെ തമിഴ്‌നാട്ടില്‍നിന്നുകൊണ്ടുവരുന്ന കോഴിക്കുള്ള നികുതിയിലും ഇല്ലാതാകും. കോഴിക്കടത്ത് എന്ന കേസ് തന്നെയും ഇല്ലാതായിപ്പോകുമെന്നു ചുരുക്കം. * കുളിമുറിയില്‍ സോപ്പ്, ഷാമ്പൂ, എണ്ണ, ഹെയര്‍ ഓയില്‍ എന്നുവേണ്ട സകല കുളിയിടപാടുകളെയും ജി.എസ്.ടി. കാര്യമായി കൈവച്ചിട്ടുണ്ട്. സോപ്പിന് നിലവില്‍ കേരളത്തില്‍ 14.5 ശതമാനമാണ് വാറ്റ് നികുതി. ഹാന്‍ഡ്‌മേയ്ഡ് സോപ്പുകള്‍ക്ക് നികുതിയിളവുണ്ട്. എന്നാല്‍ ജി.എസ്.ടിയില്‍ സോപ്പിന് 18 ശതമാനമാണ് നികുതി. ഷാംപൂവും ഹെയര്‍ഓയിലും അടക്കമുള്ളവയ്ക്ക് 28% ശതമാനവും. വാറ്റും കേന്ദ്രനികുതികളും വരുന്ന നികതിയടക്കമുളളവയുമായി തട്ടിച്ചാലും ഉയര്‍ന്നനിരക്കാണ് വൃത്തിയാകാനുള്ള ഉല്‍പന്നങ്ങള്‍ക്ക്. ടൂത്ത്‌പേസ്റ്റ്, പല്‍പ്പൊടി, പെര്‍ഫ്യൂമുകള്‍, ഡിയോഡ്രന്റുകള്‍, ഷേവിങ് ക്രീം, ആഫ്റ്റര്‍ ഷേവ്, ഫെയ്‌സ് ക്രീം, ഫെയര്‍നെസ് ക്രീമുകള്‍ എന്നിവയ്ക്കും ജി.എസ്.ടി. നിരക്ക് 28% ആണ്. കണ്‍മഷിക്ക് 28% എന്ന ഞെട്ടിക്കുന്ന നികുതി ആദ്യം ജി.എസ്.ടി. കൗണ്‍സില്‍ നിര്‍ദേശിച്ചിരുന്നെങ്കിലും പിന്നീട് വേണ്ടെന്നു വച്ചു. അതേസമയം കാജല്‍ പെന്‍സിലിന് 18% നികുതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. അലക്കുപൊടികള്‍ക്കും നികുതി 28 % ആണ്. ഡിറ്റര്‍ജന്റുകള്‍ക്കു നിലവില്‍ 14.5 ശതമാനമാണ് വാറ്റ്. ഷൂ പോളിഷ്, കൃത്രിമ മെഴുക് എന്നിവയ്ക്കും 28% എന്ന ഉയര്‍ന്ന നികുതിയാണ് ഏര്‍പ്പെടുത്തുന്നത്. നിലവില്‍ പ്ലാസ്റ്റിക്ക് ഉല്‍പന്നങ്ങള്‍ക്ക് 5- 14.5 ശതമാനം വരെയാണു കേരളത്തില്‍ നികുതി. എന്നാല്‍ ജി.എസ്.ടി വരുമ്പോള്‍ 28 ശതമാനത്തിലെത്തും. ബക്കറ്റ് മുതല്‍ കപ്പുവരെ വിലകൂടും. പ്ലാസ്റ്റിക് ചെരുപ്പ്, മാറ്റ്, പ്ലാസ്റ്റിക് ബോക്‌സ്, ടിന്നുകള്‍, പൈപ്പ്, പൈപ്പ് ഫിറ്റിങ്ങുകള്‍ എന്നിവയ്‌ക്കെല്ലാം 5 ശതമാനമാണ് നിലവിലെ വാറ്റ് നികുതി. ജി.എസ്.ടിയില്‍ ഇത് 28 ശതമാനമാകും. എല്ലാത്തരത്തിലുമുള്ള പ്ലാസ്റ്റിക് കാരിബാഗുകള്‍ക്കും 20 ശതമാനമാണ് നിലവില്‍ സംസ്ഥാനത്തെ നികുതി. ഇതും 28 ശതമാനമാകും. * പൂജാമുറിയില്‍ അഗര്‍ബത്തിക്ക് 12 % നികുതിയാണു നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് അത് നിലവിലെ കേരളത്തിലെ നിരക്കായ 5% ആക്കി ചുരുക്കി. പൂജാപ്രസാദങ്ങളെ നികുതിയില്‍ നിന്നൊഴിവാക്കി. അതേസമയം കേരളത്തില്‍ നികുതിരഹിതമായിരുന്ന മെഴുകിതിരിയെ 12% നികുതി ചുമത്തി കൂടുതല്‍ വേഗത്തില്‍ ഉരുക്കും. പ്രാര്‍ഥനാമുറിയെ മാത്രമല്ല മെഴുകുതിരി വ്യവസായത്തെ തന്നെ ബാധിക്കുന്നതാണു തീരുമാനമെന്നു ചുരുക്കം. * അലമാരയില്‍ സ്വര്‍ണത്തിന് നിലവില്‍ 1-2 ശതമാനം വരെയാണ് നികുതി ചുമത്തുന്നത്. സ്വര്‍ണം ജി.എസ്.ടിയുടെ നാലുസ്ലാബിലും വരുന്നില്ല. എന്നാല്‍ 3% എന്ന പ്രത്യേകനിരക്കാണ് സ്വര്‍ണത്തിന് ജി.എസ്.ടി. സമ്പ്രദായത്തില്‍ ചുമത്തുന്നത്. സ്വര്‍ണം നിക്ഷേപമക്കാന്‍ ഉദ്ദേശിക്കുന്നവരും അണിയാന്‍ താല്‍പര്യമുള്ളവരും കൂടുതല്‍ നികുതി ചുമത്തണം. വജ്രത്തിന് 0.25 % ആണു നികുതി. * സ്വീകരണമുറിയില്‍ വലിയ എല്‍.ഇ.ഡി ടിവിയും ഫാന്‍സി റെഫ്രിജറേറ്ററും എയര്‍കണ്ടിഷണറുമടങ്ങുന്ന ഇലക്‌ട്രോണിക് ഉല്‍പന്നങ്ങള്‍ക്കു നികുതി ജി.എസ്.ടിയില്‍ ഉയരുമെന്നാണു കരുതുന്നത്. നിലവിലെ 23 ശതമാനം നികുതി 28ല്‍ എത്തും. ജി.എസ്.ടിയില്‍ വില ഉയരുന്നത് കച്ചവടത്തെ ബാധിക്കുമെന്ന ആശങ്കയില്‍ കഴിഞ്ഞമാസങ്ങളില്‍ ഇലക്‌ട്രോണിക് ഉല്‍പന്നങ്ങള്‍ വന്‍ ഡിസ്‌കൗണ്ടിലാണ് വന്‍കിട കമ്പനികളും ആമസോണ്‍ പോലുള്ള ഓണ്‍ലൈന്‍ വമ്പന്മാരും വിറ്റഴിച്ചത്. * കൃഷിയിടത്തില്‍ ഒന്നരപ്പതിറ്റാണ്ടായി കേരളത്തില്‍ വളത്തിന് നികുതിയില്ലായിരുന്നു. എന്നാല്‍ ജി.എസ്.ടിയില്‍ 12 ശതമാനമാണ് വളങ്ങള്‍ക്കു നിശ്ചയിച്ചിട്ടുള്ള നികുതിനിരക്ക്. കീടനാശിനികളുടെ നികുതി അഞ്ചില്‍നിന്ന് 18 ശതമാനമായി ഉയരും. ജൈവവളങ്ങള്‍ക്കും 18 ശതമാനമാണ് നികുതി. നാളെ മുതല്‍ 50 കിലോയുടെ ഒരു ചാക്കു ഫാക്ടംഫോസിന് 116 രൂപ കൂടുതല്‍ നല്‍കണം. അതായത് വില 889 രൂപയില്‍നിന്ന് 995 രൂപയാകും. ജൈവളങ്ങള്‍ക്കു വന്‍വര്‍ധനയാണ് വരുന്നത്. എല്ലുപൊടിക്ക് ചാക്കൊന്നിന് 204 രൂപ കൂടും. പൊട്ടാഷിന് ചാക്കൊന്നിന് 90 രൂപയും യൂറിയക്ക് 34 രൂപയും വേപ്പിന്‍പിണ്ണാക്കിന് 144 രൂപയും 18-18-18 വളത്തിന്റെ വില 109 രൂപയും കൂടും. വളങ്ങള്‍ക്കും കീടനാശിനികള്‍ക്കും ഒറ്റയടിക്ക് ഇത്രയും വിലകൂടുന്നത് അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല. * കാര്‍പോര്‍ച്ചില്‍ ജി.എസ്.ടി. വാഹനവിപണിയെ എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ച് ചില ആശയക്കുഴപ്പങ്ങള്‍ വാഹനപ്രേമികള്‍ക്കിടിയിലുണ്ട്. ജി.എസ്.ടി. വരുന്നതിനു മുന്നോടിയായി ചില വാഹനഡീലര്‍മാര്‍ കിഴിവുകള്‍ പ്രഖ്യാപിച്ചും ചിലര്‍ പ്രഖ്യാപിക്കാതെയും വന്നതോടെയാണ് ആശയക്കുഴപ്പം കൂടിയത്. ചെറുകാറുകളുടെ വില്‍പനയില്‍ ജി.എസ്.ടി. ചെറിയനിരക്കുവ്യതാസമേ ഉണ്ടാക്കൂ എന്നാണു സൂചന. നിലവിലെ 31 ശതമാനം മൊത്തം നികുതിക്കുപകരം 29 ശതമാനമാകും (28% നികുതിയും 1% സെസും). നാലുമീറ്ററില്‍ താഴെയുള്ള പാസഞ്ചര്‍ വാഹനങ്ങളുടെ നികുതി. എന്നാല്‍ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങള്‍ക്ക് 12.5 ശതമാനത്തോളം നികുതി കുറയും. ആഢംബരവാഹനപ്രിയരെ സംബന്ധിച്ചടത്തോളം ജി.എസ്.ടി. കാലം കോളടിച്ചുവെന്നു പറയാം. ഇരുചക്രവാഹനങ്ങളില്‍ രണ്ടുതരത്തിലാണു നികുതി 350 സിസി വരെ 28 ശതമാനവും 350 സിസിയ്ക്കുമേല്‍ സെസും ചേര്‍ത്ത് 31 ശതമാനവും. * സ്‌കൂളില്‍ കുട്ടികളോടു ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്കും ജി.എസ്.ടി. കൗണ്‍സിലിനും കരുതലില്ല എന്നു കരുതണം. പല കുടുംബബജറ്റിനും പ്രഹരമാണ് സ്‌കൂള്‍ സ്‌റ്റേഷനറികളിലെ നികുതി നിരക്കുകള്‍. ബുക്ക്, ബാഗ് ഇവയ്‌ക്കൊക്കെ 18 % ശതമാനമാണ് ജി.എസ്.ടിയിലെ നികുതി. നിലവില്‍ കേരളത്തില്‍ സ്‌കൂള്‍ ബാഗുകള്‍ക്ക് 5% ആണ് നികുതി. ഇത് 18% എന്ന നിരക്കിലേക്കാണ് ഉയരുന്നത്. 28% ആക്കാനായിരുന്നു ആദ്യനീക്കം. 18 ആക്കിയതില്‍ സമാധാനിക്കുക. കേരളത്തില്‍ നോട്ട്ബുക്കിന് 5 ശതമാനമാണ് നിലവിലുളള നികുതി. അത് 18% ആകും. കുട്ടികള്‍ക്കുള്ള കളറിങ് ബുക്കിന്റെ നികുതി 12 % ആക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് നികുതി പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. * തിയറ്ററില്‍ നിലവില്‍ സിനിമാടിക്കറ്റിന്റെ നിരക്ക് സംസ്ഥാനസര്‍ക്കാരുകള്‍ ഏര്‍പ്പെടുത്ത നികുതി അനുസരിച്ചാണ് നിശ്ചയിക്കുന്നത്. 0 മുതല്‍ 110% വരെയാണ് വിവിധ സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തുന്ന നികുതി. ഝാര്‍ഖണ്ഡില്‍ 110 ശതമാനവും പഞ്ചാബ് പോലെയുള്ള സംസ്ഥാനങ്ങളില്‍ പൂജ്യവുമാണ് സിനിമാടിക്കറ്റിന് നിലവില്‍ ചുമത്തുന്ന വിനോദനികുതി. ജി.എസ്.ടിയില്‍ സിനിമാ ടിക്കറ്റിന് രണ്ടാണു നിരക്ക്. 100 രൂപയ്ക്കു താഴെയുള്ള ടിക്കറ്റിന് 18 ശതമാനവും 100 രൂപയ്ക്കു മുകളിലുള്ള ടിക്കറ്റിന് 28 ശതമാനവും. കേരളത്തില്‍ നിലവില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കാണ് സിനിമാ ടിക്കറ്റിനുള്ള വിനോദനികുതി ചുമത്താനുള്ള അധികാരം. പഞ്ചായത്ത് പരിധിയില്‍ 10%, മുനിസിപ്പാലിറ്റികളില്‍ 20%, കോര്‍പറേഷനു കീഴില്‍ 25 % എന്നിങ്ങനെയാണ് നിലവിലെ വിനോദനികുതി നിരക്ക്. ഇതുകൂടാതെ അഞ്ചുരൂപ സര്‍വീസ് ചാര്‍ജും മൂന്നുരൂപ സെസുമുണ്ട്. മുനിസിപ്പാലിറ്റികളില്‍ നിലവില്‍ 110 രൂപ ഈടാക്കുന്ന ടിക്കറ്റിന് ഈ നികുതികള്‍ കഴിച്ചാല്‍ 87 രൂപയാകും നിരക്ക്. ആ സ്ഥിതിക്ക് ഈ ടിക്കറ്റുകളില്‍ നിരക്കുകുറയേണ്ടതാണ്. അതേസമയം നിലവില്‍ മുനിസിപ്പാലിറ്റികളില്‍ ചില തിയറ്ററുകളില്‍ ഉയര്‍ന്ന ടിക്കറ്റുകള്‍ക്ക് 150 രൂപയ്ക്കടുത്ത് ഈടാക്കുന്നുണ്ട്. ഇവിടെ നിരക്കുയരും. മുനിസിപ്പാലിറ്റി പരിധിയിലെ മള്‍ട്ടിപ്ലെക്‌സുകളിലും നിരക്ക് ഉയരും. കോര്‍പറേഷനുകളില്‍ തിയറ്ററുകളിലും മള്‍ട്ടിപ്ലെക്‌സുകളിലും 100 മുതല്‍ 500 രൂപ വരെയാണ് നിലവില്‍ ഈടാക്കുന്നത്. ടിക്കറ്റ് നിരക്കില്‍ 3 ശതമാനമെങ്കിലും വര്‍ധനവുണ്ടാകാനാണ് സാധ്യത. ജി.എസ്.ടി. നിലവില്‍ വരുന്നതോടെ തദ്ദേശസ്ഥാപനങ്ങളുടെ വിനോദനികുതി എന്ന വരുമാനമാര്‍ഗം ഇല്ലാതാകും. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങളുടെ പ്രധാനവരുമാനമാര്‍ഗങ്ങളിലൊന്നായതിനാല്‍ നിലവില്‍ എത്രയാണോ നികുതിയിനത്തില്‍ അവര്‍ക്കു ലഭിച്ചിരുന്നത് അതു തിരിച്ചുനല്‍കാനുള്ള സംവിധാനം ഒരുക്കുമെന്ന് ധനമന്ത്രി ടി.എം. തോമസ് ഐസക്ക് വ്യക്തമാക്കിയിട്ടുണ്ട്. ഡി.ടി.എച്ച്, കേബിള്‍ സര്‍വീസ്: ഡി.ടി.എച്ച് കേബിള്‍ സര്‍വീസുകള്‍ക്ക് ജി.എസ്.ടി. നിരക്കുകുറയ്ക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. നിലവില്‍ പല സംസ്ഥാനങ്ങളും 10-30 ശതമാനമാണ് കേബിള്‍-ഡി.ടി.എച്ച്. സേവനങ്ങള്‍ക്കു നല്‍കുന്നത്. ജി.എസ്.ടി. അതു 18 ശതമാനമാക്കി നിജപ്പെടുത്തിയിട്ടുണ്ട്. അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ക്ക് നിലവില്‍ 15 ശതമാനമാണ് സേവനനികുതി. എന്നാല്‍ ജി.എസ്.ടി. വരുന്നതോടെ 28 ശതമാനമാകും. കുട്ടികള്‍ക്കൊപ്പമുള്ള തീം പാര്‍ക്ക് സന്ദര്‍ശനങ്ങള്‍ കുടുംബങ്ങളുടെ കൈ കൂടുതല്‍ ചോര്‍ത്തുമെന്നു ചുരുക്കം. ഐ.പി.എല്‍. പോലുളള കായികമത്സരങ്ങള്‍ക്കു നിലവില്‍ 20 ശതമാനമാണ് നിരക്ക്. ജി.എസ്.ടി. വരുന്നതോടെ അത് 28 ശതമാനമാകും. അതായത് ടിക്കറ്റ് നിരക്ക് കൂടുമെന്നര്‍ഥം. * ഫോണില്‍ സംസാരവും ജി.എസ്.ടിയില്‍ പോക്കറ്റിനു ഹാനികരമാകും. മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ക്കുള്ള സേവനനികുതി ജി.എസ്.ടിയില്‍ ഉയരും. നിലവില്‍ ടെലികോം സേവനങ്ങള്‍ക്കുള്ള 15% നികുതി ജി.എസ്.ടിയില്‍ 18 ശതമാനമായാണ് ഉയരുന്നത്. ഫലത്തില്‍ കാശുപോകുന്നത് ഉപയോക്താവിന്റെ പോക്കറ്റില്‍ നിന്നാകും. 100 രൂപ പ്രീപെയ്ഡ് കൂപ്പണില്‍ 83.96 പൈസയാണു നിലവിലെ ടോക്‌ടൈം എന്നു കരുതുക. ജി.എസ്.ടി. വരുന്നതോടെ അത് 82.20 രൂപ ആയി ചുരുങ്ങും. മാസം 1000 രൂപയുടെ പ്രതിമാസ മൊബൈല്‍ ബില്‍ ഉള്ള പോസ്റ്റ്‌പെയ്ഡ് വരിക്കാരനാണെങ്കില്‍ മാസം 30 രൂപ കൂടി അടുത്തമാസം മുതല്‍ കൊടുക്കേണ്ടിവരും. വോയിസ് കോളുകളിലൂടെയുണ്ടായിരുന്ന മേധാവിത്വം റിലയന്‍സ് ജിയോയുടെ 4ജി സേവനത്തിലൂടെയും ഡാറ്റാകോളിലൂടെയും നഷ്ടപ്പെട്ട മറ്റു ടെലികോം സേവനദാതാക്കളെയും കോള്‍നിരക്കിലെ വര്‍ധന വീണ്ടും സമ്മര്‍ദത്തിലാക്കും. ബ്രോഡ്ബാന്‍ഡ്/ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും നിരക്കുകൂടാണാണു സാധ്യത. അതുപോലെ മൊബൈല്‍ ഫോണുകള്‍ക്കും വിലകൂടും. 12 ശതമാനമാണു മൊബൈല്‍ ഫോണുകള്‍ക്കു നിശ്ചയിച്ച നികുതി. വില അഞ്ചുശതമാനം വരെ കൂടും. അതുകൊണ്ട് ഇടയ്ക്കടി ഫോണ്‍ മാറ്റിവാങ്ങുന്നവര്‍ക്കൊക്കെ ജി.എസ്.ടി. പ്രഹരമാണ്. * യാത്രയില്‍ സഞ്ചാരപ്രിയര്‍ക്കും ഒന്നു കയ്‌ച്ചേക്കും. ബാഗ് അടക്കമുള്ള യാത്രാസംബന്ധിയായ ഉല്‍പന്നങ്ങള്‍ 28 % എന്ന നികുതിബ്രാക്കറ്റിലാണു വരുന്നത്. എല്ലാത്തരത്തിലുള്ള ട്രാവല്‍ ബാഗുകള്‍ക്കും 28% ആണു നികുതി. തുകലുകൊണ്ടുള്ള കൈയുറ പോലുള്ള അക്‌സസറീകള്‍ക്കും 28% ആണു നികുത്. സ്‌പോര്‍ട്‌സ് ബാഗുകള്‍, ഹാന്‍ഡ് ബാഗുകള്‍, വാനിറ്റി ബാഗുകള്‍, ഷോപ്പിങ് ബാഗ്, പഴ്‌സ് എന്നിവയെല്ലാം 28 ശതമാനത്തിന്റെ നികുതിനിരക്കിലാണ്. * ഹോട്ടലില്‍ 1000 രൂപവരെ മുറിവാടകയുള്ളവയെ സേവനനികുതിയില്‍ നിന്ന് ജി.എസ്.ടി. ഒഴിവാക്കിയിട്ടുണ്ട്. 1000-2500 വരെ 12% ആയിരിക്കും നികുതിനിരക്ക്. 2500-7500 വരെ 18 ശതമാനമാണ് നിരക്ക്.(5000 രൂപയ്ക്കു മുകളില്‍ 28 ശതമാനം എന്ന നിരക്ക് വ്യവസായ ലോകത്തിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്നാണ് ഉയര്‍ത്തിയത്). 7500 രൂപയ്ക്കു മുകളിലുള്ള മുറിവാടകയ്ക്ക് 28 ശതമാനമെന്ന ഉയര്‍ന്ന നിരക്കും. റെസ്‌റ്റോറന്റുകളിലെ ഭക്ഷണത്തിന് 5%-28% ആണ് ജി.എസ്.ടി. നിരക്ക്. 50 ലക്ഷം രൂപയ്ക്കു താഴെ വിറ്റുവരവുള്ള ഹോട്ടലുകളില്‍ അഞ്ചുശതമാനമാവും ജി.എസ്.ടി. സേവനനികുതി. അതിനുമുകളില്‍ എ.സിയില്ലാത്ത റെസ്‌റ്റോറന്റുകളില്‍ 12 ശതമാനവും, മദ്യം വിളമ്പാനുള്ള ലൈസന്‍സ് ഉള്ള ഹോട്ടലുകളില്‍ 18 ശതമാനവും ആകും ഭക്ഷണത്തിനു നിരക്ക്. പഞ്ചനക്ഷത്രത്തിനു മുകളിലോട്ട് നികുതി 28 ശതമാനവും. * ട്രെയിനില്‍ എ.സി, ഫസ്റ്റ് €ാസ് ട്രെയിന്‍ യാത്ര അല്‍പം ചെലവേറിയതാകും. സേവനനികുതിനിരക്ക് 4.5 ശതമാനത്തില്‍നിന്ന് 5 ശതമാനമാകും. എന്നാല്‍ ലോക്കല്‍ ട്രെയിനടക്കമുള്ള നോണ്‍ എ.സി. യാത്ര, മെട്രോ, തീര്‍ഥയാത്ര എന്നിവയെ സേനവനികുതിയില്‍നിന്ന് ജി.എസ്.ടി. യുഗം ഒഴിവാക്കുന്നു. ഓല, യൂബര്‍ തുടങ്ങിയ ഓണ്‍ലൈന്‍ ടാക്‌സികള്‍ക്കുള്ള സേവനനിരക്ക് ആറില്‍നിന്ന് അഞ്ചിലേക്കു കുറച്ചുകൊണ്ടുവന്നിട്ടുണ്ട്. അതേസമയം ഏതുവാഹനമുപയോഗിച്ചായാലും അന്തര്‍സംസ്ഥാനവാഹനയാത്രയെ നികുതിയില്‍നിന്നൊഴിവാക്കാന്‍ ജി.എസ്.ടി. കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. പത്തുപേരില്‍ കൂടുതല്‍ കയറുന്ന ബസുകള്‍, മിനി ബസുകള്‍, പിക്ക്അപ് വാനുകള്‍ എന്നിവയെയും സേവനനികുതിയില്‍നിന്ന് ജി.എസ്.ടി. ഒഴിവാക്കിയിട്ടുണ്ട്. * വിമാനത്തില്‍ വിമാനയാത്രകളില്‍ സാധാരണക്കാര്‍ക്ക് സന്തോഷവും സമ്പന്നര്‍ക്ക് കോപവും സൃഷ്ടിക്കുന്നതാണ് ജി.എസ്.ടിയുടെ വിമാനടിക്കറ്റുകളുടെ സേവനനിരക്ക്. എക്കണോമി ക്ലാസിലെ ജി.എസ്.ടി. നിരക്ക് 6% ആണ്. നിലവില്‍ 5% ആണ്. എന്നാല്‍ ബിസിനിസ് ക്ലാസില്‍ നിലവിലെ 9%ത്തിനു പകരം ജി.എസ്.ടിയില്‍ 12% ആണ് സേവനനികുതി. ടിക്കറ്റ് ചാര്‍ജ് കൂടുമെന്നു സാരം. അതേപോലെ രാജ്യന്തര ഡെസ്റ്റിനേഷനുകളിലേയ്ക്കുളള നേരിട്ടുള്ള ഫ്‌ളൈറ്റിന് കണക്ഷന്‍ ഫ്‌ളൈറ്റിനേക്കാള്‍ ജി.എസ്.ടിയില്‍ നിരക്കുകൂടുതലാകും. കാരണം ജി.എസ്.ടിയില്‍ വിമാനയാത്രയുടെ ആദ്യപാദത്തിനാണ് നികുതി ഈടാക്കുന്നത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....